ജീവിത അനുഭവങ്ങൾ നമ്മള്‍ മൂന്നു തരത്തില്‍ നേരിടുന്നു. വരുന്ന സാഹചര്യങ്ങളെ ശപിച്ചു കൊണ്ടു മുന്നോട്ടു പോകുക എന്നതും ഒരു രീതിയാണ്.

പരിസ്ഥിതി മാറ്റിയതുകൊണ്ടു പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. ഒരു ഭാര്യയും ഭര്‍ത്താവും സ്ഥിരം വഴക്കടിക്കും. ഒരുമിച്ചു താമസിക്കുവാന്‍ വയ്യെന്ന സ്ഥിതിയായി. അങ്ങനെ, ആ വിവാഹ ബന്ധം ഒഴിഞ്ഞു. കുറച്ചുനാള്‍ കഴിഞ്ഞു രണ്ടു പേരും വേറെ കല്യാണം കഴിച്ചു.

അധികം താമസിയാതെ തന്നെ രണ്ടുപേര്‍ക്കും മനസ്സിലായി, ആദ്യത്തെ ഭാര്യയും ഭര്‍ത്താവും തന്നെയാണു വേറൊരു രൂപത്തില്‍ വന്നിരിക്കുന്നതെന്നു്. ആളുമാറി, പക്ഷേ, മനസ്സു് മാറിയില്ല. മനസ്സു് മാറാത്തിടത്തോളം കാലം പരിസ്ഥിതികളെ മാത്രം മാറ്റിയതുകൊണ്ടു പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാനാവുകയില്ല.

ഒരാള്‍ക്കു വയറുവേദന. വീട്ടിലുള്ളവരോടെല്ലാം ”അമ്മേ വയറു വേദന, അച്ഛാ, വയറുവേദന, ചേട്ടാ, ചേച്ചീ, വയറുവേദന, വയറു വേദനയെടുത്തിട്ടു സഹിക്ക വയ്യായേ,” എന്നു പറഞ്ഞു പറഞ്ഞു അവസാനം അടുത്തിരുന്നവര്‍ക്കൊക്കെ വയറു വേദനിക്കാന്‍ തുടങ്ങി. നമ്മുടെ അശാന്തി പറഞ്ഞു പറഞ്ഞു മറ്റുള്ളവരുടെ ശാന്തികൂടി ഇല്ലാതെയായി.

ഇതുകൂടാതെ, നാലാമതൊരു വഴിയുണ്ടു്. മനഃസ്ഥിതി മാറ്റുക. ഇതിലൂടെ മാത്രമേ നമുക്കു യഥാര്‍ത്ഥത്തില്‍ ആനന്ദിക്കാന്‍ കഴിയൂ. പരിസ്ഥിതിയെ നമ്മുടെ ആവശ്യാനുസരണം പൂര്‍ണ്ണമായും മാറ്റുക എന്നതു് അസാദ്ധ്യമാണു്. അനുഭവങ്ങൾ മാറ്റുക എന്നത് സാദ്ധ്യമല്ല, അതുകൊണ്ടു്, പരിസ്ഥിതിക്കനുസരിച്ചു മനഃസ്ഥിതി ക്രമീകരിക്കുകയാണുവേണ്ടതു്. ഇതു് ആദ്ധ്യാത്മികതയിലൂടെ മാത്രമേ സാധിക്കൂ.

ഇവിടെയാണു് ആദ്ധ്യാത്മിക ശാസ്ത്രങ്ങളുടെ പ്രസക്തി. ഭഗവാന്‍ കൃഷ്ണന്‍ എന്താണു് അര്‍ജ്ജുനനു കാട്ടിക്കൊടുത്തതു്? അവിടുന്നു മാറ്റിയതു പരിസ്ഥിതിയല്ല, മനഃസ്ഥിതിയാണു്.

യുദ്ധസമയത്തു ഭഗവാന്‍ വിചാരിച്ചാല്‍ ഒരു ചുഴലിക്കാറ്റു വരുത്തിയോ പ്രളയം വരുത്തിയോ ദുര്യോധനാദികളെ നശിപ്പിക്കാമായിരുന്നു. അല്ലെങ്കില്‍ മറ്റെന്തെങ്കിലും രീതിയില്‍ അവരെ നശിപ്പിക്കാമായിരുന്നു. താന്‍ വിചാരിച്ചിരുന്നെങ്കില്‍ ഭഗവാനു് ഒറ്റയ്ക്കു് എല്ലാം പാണ്ഡവര്‍ക്കു നേടിക്കൊടുക്കാമായിരുന്നു. അതിനുള്ള ശക്തി അവിടുത്തേക്കുണ്ടു്.

എന്നാല്‍, ഭഗവാന്‍ മാറ്റിക്കൊടുത്തതു പരിസ്ഥിതിയല്ല. അര്‍ജ്ജുനനു് ഈ ലോകത്തോടുണ്ടായിരുന്ന മനോഭാവം മാറ്റുകയാണു ചെയ്തതു്. ജീവിതത്തിൻ്റെ സ്വഭാവം മനസ്സിലാക്കി അതിനെ എങ്ങനെ നേരിടണമെന്നു പഠിപ്പിച്ചു കൊടുക്കുകയാണു് അദ്ദേഹം ചെയ്തതു്.

ലോകര്‍ക്കാകമാനം ശാന്തിയും സമാധാനവും ഉണ്ടാകാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ഒരു മനസ്സാണു നമ്മള്‍ വളര്‍ത്തിയെടുക്കേണ്ടതു്.