നമ്മുടെ രാജ്യത്തു നൂറുകോടി ജനങ്ങളുണ്ടു് എന്നു പറയുന്നു. അതിൻ്റെ കാല്‍ഭാഗം ആളുകള്‍ക്കേ വേണ്ടത്ര സാമ്പത്തികമുള്ളൂ. ബാക്കി പകുതിയും കൃഷിക്കാരാണുള്ളതു്. ബാക്കി ദരിദ്രരാണു്. സത്യത്തില്‍ നമ്മുടെ രാജ്യത്തില്‍ ദാരിദ്ര്യം ഉണ്ടാകേണ്ട കാര്യമില്ല. മക്കളെപ്പോലുള്ളവര്‍ ശ്രമിച്ചാല്‍ ഇന്നുള്ള അവസ്ഥ മാറ്റാന്‍ സാധിക്കും.

നമുക്കറിയാം നമ്മുടെ ആശ്രമത്തിൻ്റെ വളര്‍ച്ചയില്‍ ഒന്നും ആരോടും ചോദിച്ചു വാങ്ങിച്ചതോ പിരിച്ചതോ അല്ല. മക്കള്‍ ഓരോരുത്തരുടെയും പ്രയത്‌നമാണു്. അതൊന്നു മാത്രമാണു നമ്മുടെ ഈ സേവനത്തിനു മാര്‍ഗ്ഗം തെളിച്ചതു്. മക്കളെപ്പോലുള്ളവരും ഇവിടുത്തെ അന്തേവാസികളും ദിവസം ഇരുപത്തിരണ്ടു മണിക്കൂര്‍ വരെ ജോലി ചെയ്തു. ശമ്പളം വാങ്ങാതെ യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ ജോലിചെയ്തു. വസ്ത്രം രണ്ടു ജോടി മാത്രമായി ചുരുക്കിയും മൂന്നു നേരത്തെ ആഹാരം രണ്ടു നേരമാക്കി കുറച്ചു കൊണ്ടും നീങ്ങി.

അങ്ങനെ മിച്ചം വച്ച പണം ലോക സേവനത്തിനു വേണ്ടി സമര്‍പ്പിച്ചു. ഗൃഹസ്ഥാശ്രമി മക്കള്‍ അവരാല്‍ കഴിയുന്ന സേവനം ചെയ്തു സഹായിക്കുന്നു. ദാരിദ്ര്യം കാരണമല്ല മറ്റുള്ളവരോടുള്ള കാരുണ്യം മൂലം പത്തു സാരി വാങ്ങിയിരുന്നവര്‍ എട്ടു സാരിയാക്കി. മദ്യപിച്ചിരുന്ന മക്കള്‍ ആ ശീലം മാറ്റി. സിഗററ്റു വലിച്ചിരുന്ന മക്കള്‍ അതുപേക്ഷിച്ചു. അവരുടെയൊക്കെ ത്യാഗത്തിൻ്റെ ഫലമായിട്ടാണു നമുക്കിത്രയും സേവനം ചെയ്യുവാന്‍ കഴിയുന്നതു്.

അതുപോലെ, എല്ലാ മക്കളും വിചാരിച്ചാല്‍, നമുക്കു തീര്‍ച്ചയായും ദാരിദ്ര്യം പൂര്‍ണ്ണമായിട്ടല്ലെങ്കിലും കുറച്ചെങ്കിലും മാറ്റാൻ കഴിയും. സമുദ്രത്തില്‍ നിന്നും ഒരു തുള്ളി വെള്ളം കരയിലേക്കൊഴിച്ചാല്‍, വല്ല വ്യത്യാസവും വരുമോ എന്നു ചോദിക്കും. തീര്‍ച്ചയായും വ്യത്യാസം വരും. കാരണം, ആ ഒരു തുള്ളി അവിടെ കുറയുന്നുണ്ടല്ലോ? അതുപോലുള്ള ഒരു വ്യത്യാസം നമുക്കും സാധിക്കും. അങ്ങനെ ഓരോരുത്തരും വിചാരിച്ചാല്‍, ഈ വ്യത്യാസം സമൂഹത്തില്‍ തീര്‍ച്ചയായും കാണുവാന്‍ കഴിയും. ഈ ഒരു മനോഭാവമാണു മക്കള്‍ വളര്‍ത്തിയെടുക്കേണ്ടതു്.