മക്കളേ, നമ്മുടെ കൊച്ചു കുട്ടികള്‍ക്കാണു നാം ആദ്ധ്യാത്മിക തത്ത്വം ആദ്യം പകര്‍ന്നു കൊടുക്കേണ്ടതു്. വിദേശ രാജ്യങ്ങളിലെ കുട്ടികള്‍ പലരും തോക്കും കൊണ്ടാണു സ്‌കൂളില്‍ പോകുന്നതെന്നു് അമ്മ കേട്ടിട്ടുണ്ടു്. പലപ്പോഴും മറ്റുള്ളവരെ ഒരു കാരണവുമില്ലാതെ വെടിവച്ചു കൊല്ലാന്‍ അവര്‍ക്കു് ഒരു മടിയും ഇല്ലത്രേ! അവരുടെതു് ഒരു മൃഗമനസ്സായി തീര്‍ന്നിരിക്കുന്നു.

പിഞ്ചുകുഞ്ഞുങ്ങള്‍ എന്തുകൊണ്ടാണിങ്ങനെ ക്രൂരമനസ്സുകളായി തീരുന്നതെന്നു നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? കുട്ടികള്‍ക്കു ബാല്യത്തില്‍ തന്നെ നല്ല സംസ്‌കാരം പകര്‍ന്നു കൊടുക്കാത്തതു കൊണ്ടാണു് ഇങ്ങനെ സംഭവിക്കുന്നതു്. ഈ കുഞ്ഞുങ്ങള്‍ക്കു മാതാപിതാക്കളുടെ സ്നേഹം കിട്ടിയിട്ടില്ല. ആരും ഗുണ ദോഷിച്ചിട്ടില്ല.

പല കുട്ടികളും അമ്മയോടു വന്നു പറയാറുണ്ടു്, ”ഞങ്ങള്‍ പെറ്റമ്മയില്‍ നിന്നു സ്നേഹമെന്തെന്ന് അറിഞ്ഞിട്ടില്ല. എങ്ങനെ പെരുമാറണമെന്നു ഞങ്ങളെ ആരും പഠിപ്പിച്ചിട്ടുമില്ല. ഡാഡിയും മമ്മിയും ഞങ്ങളുടെ മുന്നില്‍ വച്ചു വഴക്കിടുന്നതാണു ഞങ്ങള്‍ നിത്യവും കാണുന്നതു്. ഇതു കണ്ടു കണ്ടു ലോകത്തോടു തന്നെ വെറുപ്പു തോന്നിത്തുടങ്ങി. മാത്രമല്ല, അനുസരണക്കേടും സ്വാര്‍ത്ഥതയും ഞങ്ങളില്‍ വളര്‍ന്നു വരുന്നു”.

കുട്ടികള്‍ക്കു ക്ഷമയുടെയും സ്നേഹത്തിൻ്റെയും ആദ്യപാഠങ്ങള്‍ മാതാപിതാക്കളില്‍ നിന്നാണു കിട്ടേണ്ടതു്. ആ മാതാപിതാക്കള്‍ തന്നെ മറിച്ചു പെരുമാറിയാല്‍ എന്തു ചെയ്യും? കുഞ്ഞുങ്ങളോടു സ്നേഹവും വാത്സല്യവും മാതാപിതാക്കള്‍ കാണിക്കണം. ഇതു മക്കളോടുള്ള അമ്മയുടെ അഭ്യര്‍ത്ഥനയാണു്.

ആരും നോക്കാനില്ലാതെ തൊട്ടിലില്‍ തന്നെ കുട്ടികളെ കിടത്തരുതു്. അവരെ മാറോടണച്ചു്, മുലപ്പാലൂട്ടി വളര്‍ത്തണം. കുട്ടികളുടെ സ്വഭാവ രൂപവത്കരണം നടക്കുന്ന ആദ്യകാലങ്ങളില്‍ തന്നെ ആദ്ധ്യാത്മിക തത്ത്വങ്ങളും മറ്റു നല്ല കാര്യങ്ങളും അവര്‍ക്കു പറഞ്ഞു കൊടുക്കണം. കുട്ടികളുടെ മുന്നില്‍ വച്ചു മാതാപിതാക്കള്‍ പരസ്പരം വഴക്കടിക്കരുതു്. അങ്ങനെ ചെയ്താല്‍ കുട്ടികള്‍ക്കു് എങ്ങനെ ക്ഷമയും സ്നേഹവും ഉള്‍ക്കൊണ്ടു വളരാന്‍ കഴിയും?

ഇളം പോച്ചപ്പുറത്തു കൂടി നടന്നാല്‍ വളരെ വേഗം വഴിയുണ്ടാകും. പാറപ്പുറത്തു കൂടി എത്ര നടന്നാലും വഴി വരില്ല. ചെറുപ്പത്തിലേ കുട്ടികള്‍ക്കു നല്ല കാര്യങ്ങള്‍ പറഞ്ഞു കൊടുക്കണം. എന്നാല്‍ എളുപ്പം സ്വഭാവത്തില്‍ മാറ്റം വരുത്താം; അവര്‍ വളര്‍ന്നു കഴിഞ്ഞാല്‍ പിന്നെ പ്രയാസമാണു്. കുട്ടികള്‍ക്കു സ്നേഹവും വാത്സല്യവും പരിരക്ഷയും ആവശ്യമാണു്. എന്നാല്‍ അതോടൊപ്പം ശരിയായ ശിക്ഷണവും നല്കണം. ഈശ്വരവിശ്വാസം അവരില്‍ വളര്‍ത്തണം. സമസ്ത ജീവരാശിയെയും സ്നേഹിക്കാനും സേവിക്കാനും പഠിപ്പിക്കണം. മതതത്ത്വങ്ങള്‍ ബാല്യത്തില്‍ തന്നെ പഠിപ്പിക്കുന്നതിലൂടെ മാത്രമേ ഇതു സാദ്ധ്യമാകൂ.