ഫാക്റ്ററികളില്‍ നിന്നു് ഉയരുന്ന പുക നമ്മുടെ അന്തരീക്ഷത്തെ എത്ര കണ്ടു മലിനമാക്കിക്കഴിഞ്ഞു? ഫാക്ടറികള്‍ അടച്ചു പൂട്ടണമെന്നല്ല അമ്മ പറയുന്നതു്. അവയില്‍ നിന്നു കിട്ടുന്ന വരുമാനത്തിൻ്റെ ഒരംശമെങ്കിലും പ്രകൃതി സംരക്ഷണത്തിനും പരിസരശുചീകരണത്തിനും ചെലവാക്കുവാന്‍ നമ്മള്‍ തയ്യാറാകണം എന്നു മാത്രം.

പണ്ടു വെയിലും മഴയും യഥാ സമയങ്ങളില്‍ വരുകയും ചെടിയുടെ വളര്‍ച്ചയെയും വിളവിനെയും വേണ്ടപോലെ പരിപോഷിപ്പിക്കുകയും ചെയ്തു വന്നിരുന്നു. എല്ലാം പ്രകൃതിയുടെ അനുഗ്രഹത്താല്‍ നടന്നിരുന്നതുകൊണ്ടു് ജലസേചന പദ്ധതികളുടെ പോലും ആവശ്യം അന്നില്ലായിരുന്നു. എന്നാല്‍ ഇന്നു മനുഷ്യന്‍ ധര്‍മ്മമാര്‍ഗ്ഗത്തില്‍ നിന്നു വ്യതി ചലിച്ചു പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനാല്‍ പ്രകൃതിയും തിരിച്ചടിച്ചു തുടങ്ങിയിരിക്കുന്നു. ഒരിക്കല്‍ മനുഷ്യനെ തലോടി ആശ്വാസമേകിയ അതേ മന്ദമാരുതന്‍ ഇന്നു കൊടുങ്കാറ്റിൻ്റെ രൂപം പൂണ്ടു നാശം വിതയ്ക്കുകയാണു്. 

പ്രകൃതിയുടെ നഷ്ടപ്പെട്ട താളലയം വീണ്ടെടുക്കുവാന്‍ നമുക്കു കഴിവുണ്ടോ എന്നു നിങ്ങള്‍ സംശയിച്ചേക്കാം, ‘മനുഷ്യൻ്റെ ശക്തി പരിമിതമല്ലേ?’ അല്ല. നമ്മുടെ ഉള്ളില്‍ അനന്തമായ ശക്തി ഉറങ്ങിക്കിടക്കുന്നുണ്ടു്. ആ ശക്തിവിശേഷത്തെക്കുറിച്ചു നാം ബോധവാന്മാരല്ല എന്നുമാത്രം. ആ ശക്തിയെ നമുക്കു് ഉണര്‍ത്തിയെടുക്കാവുന്നതാണു്. നമ്മള്‍ ആന്തരികമായി ഉണര്‍ന്നാല്‍ ആ മഹാശക്തി ഉദിച്ചുയരും. നമ്മില്‍ ഉറങ്ങിക്കിടക്കുന്ന ആ അനന്തശക്തിയെ ഉണര്‍ത്താനുള്ള ജീവിത രഹസ്യമാണു മതം.

സനാതനധര്‍മ്മം പറയുന്നു, ” ഹേ മനഷ്യാ! നീ മങ്ങിക്കത്തുന്ന മെഴുകുതിരിയല്ല. സ്വയം പ്രകാശ സ്വരൂപനായ സൂര്യനാണു്. പ്രകാശിക്കാന്‍ മറ്റൊന്നിനെ ആശ്രയിക്കേണ്ടവനല്ല നീ.” ‘ഞാന്‍ ശരീരമാണു്’ എന്നു ചിന്തിക്കുന്ന കാലത്തോളം പെട്ടെന്നു ശക്തി ക്ഷയിക്കുന്ന ഒരു സാധാരണ ബാറ്ററി പോലെയാണു്.

മറിച്ചു്, ‘ഞാന്‍ ആത്മാവാണു്’ എന്നറിയുമ്പോള്‍ പ്രപഞ്ചത്തിൻ്റെ മുഴുവന്‍ ശക്തികേന്ദ്രവുമായി ഘടിപ്പിച്ച എപ്പോഴും ചാര്‍ജ്ജു ചെയ്തുകൊണ്ടിരിക്കുന്ന ഒരിക്കലും ശക്തി ക്ഷയിക്കാത്ത അപരിമിതമായ ഒരു ബാറ്ററി പോലെയാണു്. സകല ശക്തിയുടെയും ഉറവിടമായ ആത്മാവുമായി, ഈശ്വരനുമായി ഐക്യം പ്രാപിച്ചാല്‍ നിങ്ങളിലെ ശക്തി ഒരിക്കലും ക്ഷയിക്കുന്നില്ല. അതു നിങ്ങളിലെ മഹാശക്തിയെ ഉണര്‍ത്താന്‍ സഹായിക്കുന്നു.

മക്കളേ, നിങ്ങള്‍ നിങ്ങളിലെ അനന്തശക്തിയെക്കുറിച്ചു ബോധവന്മാരാകൂ. നിങ്ങള്‍ ഭയം കൊണ്ടു വിറയേ്ക്കണ്ട ആട്ടിന്‍ കുട്ടികളല്ല. തേജസ്സും ഗാംഭീര്യവുമുള്ള സിംഹക്കുട്ടികളാണു്. വിശ്വം നിയന്ത്രിക്കുന്ന മഹാശക്തിയാണു്. സര്‍വ്വശക്തനായ ഈശ്വരന്‍ തന്നെയാണു്.