മതം പഠിപ്പിക്കുന്നതു് ഈ പ്രപഞ്ചം മുഴുവന്‍ ഈശ്വരമയമാണെന്നാണു്. അങ്ങനെയാണെങ്കില്‍ നമുക്കു പ്രകൃതിയോടും സഹജീവികളോടും പ്രേമവും കാരുണ്യവും വേണം.

”ഈശാവാസ്യമിദം സര്‍വ്വം” എന്നാണു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നതു്. ഈ ഭൂമിയും മരങ്ങളും ചെടികളും മൃഗങ്ങളും എല്ലാം ഈശ്വരസ്വരൂപങ്ങളാണു്. എല്ലാറ്റിലും ഈശ്വരചൈതന്യം നിറഞ്ഞു നില്ക്കുന്നു. നമ്മെ നാം എത്രത്തോളം സ്നേഹിക്കു ന്നുവോ, അതേപോലെ നാം പ്രകൃതിയെയും സ്നേഹിക്കണം. കാരണം മനുഷ്യൻ്റെ നിലനില്പു പ്രകൃതിയെ ആശ്രയിച്ചിരിക്കുന്നു.
ഒരു മരം മുറിച്ചാല്‍ രണ്ടു തൈ വീതം വച്ചുപിടിപ്പിക്കണം എന്നു പറയാറുണ്ടു്. പക്ഷേ, വലിയൊരു മരം മുറിച്ചുമാറ്റി പകരം രണ്ടു ചെറുതൈകള്‍ വയ്ക്കുന്നതുകൊണ്ടു പ്രകൃതിയുടെ താളലയം തിരിയെക്കിട്ടില്ല. ഒരു ബക്കറ്റിലെ വെള്ളം ശുദ്ധീകരിക്കാന്‍ പത്തുശതമാനം ക്ലോറിന്‍ ചേര്‍ക്കേണ്ടിടത്തു്, പകരം ഒരു ശതമാനം മാത്രം ചേര്‍ത്താല്‍ ഫലം അത്രകണ്ടു കുറയില്ലേ? പത്തു് ഔഷധച്ചെടികള്‍കൊണ്ടു് ഒരു മരുന്നു തയ്യാറാക്കണമെങ്കില്‍ അതിൻ്റെ സ്ഥാനത്തു് എട്ടു ചെടികള്‍ മാത്രം ചേര്‍ത്താല്‍ ഉദ്ദേശിച്ച ഫലമുണ്ടാകില്ല.
മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും സ്വയം രക്ഷിക്കാനുള്ള ശക്തിയില്ല. അവയുടെ രക്ഷ മനുഷ്യനെ ആശ്രയിച്ചിരിക്കുന്നു. അവയെ സംരക്ഷിക്കേണ്ടതു മനുഷ്യൻ്റെ ധര്‍മ്മമാണു്. മരങ്ങളും ചെടികളും പക്ഷി മൃഗാദികളുമെല്ലാം പ്രകൃതിയുടെ താളലയത്തിനു സഹായിക്കുന്നു. നമ്മളിനിയും ഇവയെ നശിപ്പിക്കുകയാണെങ്കില്‍ അതു പ്രകൃതിയെ ദ്രോഹിക്കുകയായിരിക്കും; ലോകത്തെയും നമ്മളെത്തന്നെയും ദ്രോഹിക്കുകയായിരിക്കും.
അമ്മ ഓര്‍ക്കുകയാണു്; കുട്ടിക്കാലത്തു വസൂരി കുത്തിവച്ചതിൻ്റെ മുറിവുണങ്ങുവാന്‍ ചാണകം നേരിട്ടു മുറിപ്പാടില്‍ പുരട്ടുമായിരുന്നു. എന്നാല്‍ ഇന്നു അങ്ങനെ ചെയ്താല്‍ മുറിവു പഴുക്കും. കാരണം, മനുഷ്യന് വരുത്തിവച്ച അന്തരീക്ഷമലീനീകരണം കൊണ്ടു ചാണകംപോലും വിഷമയമായിരിക്കുന്നു. മനുഷ്യൻ്റെ രോഗപ്രതിരോഗശക്തിയും വളരെയേറെ നഷ്ടപ്പെട്ടിരിക്കുന്നു.
മുന്‍പു്, നൂറു വര്‍ഷവും അതിലധികവും ആയിരുന്നു മനുഷ്യൻ്റെ ആയുസ്സു്. ഇപ്പോള്‍ അതു വളരെക്കുറഞ്ഞു. കാലം ചെല്ലുംന്തോറും പിന്നെയും കുറഞ്ഞുവരുന്നു. ഉള്ള ആയുസ്സുകൂടി അനാരോഗ്യം കൊണ്ടും രോഗംകൊണ്ടും കഷ്ടപ്പെടുന്നു. മനുഷ്യന് പ്രകൃതിനിയമങ്ങള്‍ ലംഘിച്ചു ജീവിക്കുന്നതു കാരണം പ്രകൃതിയുടെ താളലയം നഷ്ടമായിരിക്കുന്നു. അതിനാലുണ്ടാകുന്ന മാറാരോഗങ്ങള്‍ ഇന്നു പരക്കെ കണ്ടുവരുന്നു.
ഫാക്റ്ററികളില്‍നിന്നു് ഉയരുന്ന പുക നമ്മുടെ അന്തരീക്ഷത്തെ എത്രകണ്ടു മലിനമാക്കിക്കഴി ഞ്ഞു? ഫാക്ടറികള്‍ അടച്ചുപൂട്ടണമെന്നല്ല അമ്മ പറയുന്നതു്. അവയില്‍നിന്നു കിട്ടുന്ന വരുമാനത്തി ന്റെ ഒരംശമെങ്കിലും പ്രകൃതിസംരക്ഷണത്തിനും പരിസരശുചീകരണത്തിനും ചെലവാക്കുവാന്‍ നമ്മള്‍തയ്യാറാകണം എന്നു മാത്രം.

Download Amma App and stay connected to Amma