പ്രേമസ്വരൂപികളും ആത്മസ്വരൂപികളും ആയിരിക്കുന്ന എല്ലാവര്‍ക്കും നമസ്‌കാരം. മക്കളെല്ലാവരും ഇന്നിവിടെ എത്തി. നമുക്കു് ഒത്തുചേര്‍ന്നു് ആദ്യമായി ചൊല്ലേണ്ട മന്ത്രം ”ലോകാഃ സമസ്താഃ സുഖിനോ ഭവന്തു” എന്നതാണു്. ഈ മന്ത്രം എല്ലാ മക്കളും ഏറ്റുചൊല്ലണം.

ഭാരതത്തിലെന്നല്ല, ലോകത്തിൻ്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും ഉരുള്‍ പൊട്ടലും കൊടുങ്കാറ്റും മറ്റും കാരണം അനേകം പേര്‍ മരിച്ചു കൊണ്ടിരിക്കുന്നു. രാജ്യങ്ങളും സമൂഹങ്ങളും തമ്മിലുള്ള യുദ്ധം കാരണം ആയിരിക്കണക്കിനാളുകള്‍ കഷ്ടതകള്‍ അനുഭവിക്കുന്നു. ഇപ്പോഴും ഈ ദുരിതങ്ങളില്‍ നിന്നും മുക്തി നേടാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍, ഒരു പ്രത്യേക ആഘോഷം എന്നതിനോടു് അമ്മയ്ക്കു യോജിപ്പില്ല.
എന്നാല്‍ നമുക്കെല്ലാവര്‍ക്കും ഒരുമയോടെ, കൂട്ടത്തോടെ പ്രാര്‍ത്ഥന നടത്തുവാനുള്ള ഒരവസരമായി അമ്മ ഈ ആഘോഷത്തെ കാണുന്നു. സമൂഹ പ്രാര്‍ത്ഥന എന്തു കൊണ്ടും ശ്രേഷ്ഠമാണു്. അതിലൂടെ, തീര്‍ച്ചയായും ഇന്നത്തെ കഷ്ടതകള്‍ക്കു അല്പമെങ്കിലും മാറ്റം വരുത്തുവാന്‍ കഴിയും. അതിനാല്‍, നമുക്കു ചുറ്റുമുള്ള സര്‍വ്വ ജീവരാശികള്‍ക്കും ശാന്തിയും സമാധാനവും നല്കണേ എന്ന പ്രാര്‍ത്ഥനയോടെ, മക്കളെല്ലാവരും കണ്ണടച്ചു് ഈ മന്ത്രം ഏറ്റുചൊല്ലുക.
”ഓം ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.”
നമ്മുടെ പൂര്‍വ്വികരായ ഋഷിമാര്‍ നമുക്കു പറഞ്ഞു തന്നിട്ടുള്ള മന്ത്രമാണിതു്. ഈ മന്ത്രം നമുക്കു വേണ്ടി മാത്രമുള്ളതല്ല, നമ്മുടെ കുടുംബത്തിനു വേണ്ടി മാത്രമുള്ളതുമല്ല. ”ഈശ്വരാ, ഈ ലോകത്തിലുള്ള സകല ജീവജാലങ്ങള്‍ക്കും ശാന്തിയും സമാധാനവും ഉണ്ടാകണേ” എന്നതാണു് ഈ പ്രാര്‍ത്ഥനകൊണ്ടു് അര്‍ത്ഥമാക്കുന്നതു്. എന്നാല്‍, ഈ രീതിയില്‍ ഒരു ഭാവന കൊടുക്കുവാന്‍ തക്കവണ്ണം നമ്മുടെ മനസ്സിനു വിശാലതയുണ്ടോ എന്നു മക്കള്‍ ചിന്തിക്കണം.