
ചെറുപ്പത്തിലെ ചില കാര്യങ്ങൾ അമ്മ ഓർക്കുകയാണ്. തൂത്തുകൊണ്ടിട്ടിരിക്കുന്ന കുപ്പയിൽക്കിടക്കുന്ന പേപ്പറിൽ അറിയാതെ ചവിട്ടിയാൽപ്പോലും അമ്മ തൊട്ടുതൊഴുമായിരുന്നു. കാരണം അങ്ങനെ ചെയ്തില്ലെങ്കിൽ പ്രസവിച്ച അമ്മ യിൽനിന്നു അടികിട്ടും. അതു വെറും പേപ്പറല്ല, സരസ്വതീദേവിയാണെന്നു് അമ്മ പറഞ്ഞുതരും. ചാണകത്തിൽ ചവിട്ടിയാലും തൊട്ടുതൊഴണം. ചാണകത്തിൽനിന്നു പുല്ലുണ്ടാകുന്നു. പുല്ലു പശു തിന്നുന്നു. പശുവിൽനിന്നു പാലുണ്ടാകുന്നു. പാലു നമ്മൾ ഉപയോഗിക്കുന്നു. വീടിന്റെ വാതിൽപ്പടിയിൽ ചവിട്ടരുത്. അഥവാ ചവിട്ടിയാൽത്തന്നെ തൊട്ടുതൊഴണം അമ്മ പറഞ്ഞുതരുമായിരുന്നു. നമ്മളെ ഒരു ഘട്ടത്തിൽനിന്നും മുന്നോട്ടു നയിക്കുന്ന വഴിയായതു കൊണ്ടായിരിക്കാം അങ്ങനെ പറയുന്നത്. ഇങ്ങനെ നോക്കുമ്പോൾ സർവ്വതിനും മൂല്യമുണ്ട്. ഒന്നിനെയും തള്ളുവാനില്ല. മിഥ്യയെന്നാൽ ഇല്ലാത്തതല്ല, മാറിക്കൊണ്ടിരിക്കുന്നതാണ്. ഏതൊന്നിനെയും ആദരവോടും ബഹുമാനത്തോടുംകൂടി വേണം നമ്മൾ കാണുവാൻ. ഭാഗവതവും ഭഗവാനും രണ്ടല്ല, ഈ ലോകവും ഈശ്വരനും രണ്ടല്ല. അങ്ങനെ നമ്മൾ നാനാത്വത്തിൽ ഏകത്വം ദർശിക്കുന്നു. അതിനാൽ ഇന്നും എന്തിൽ ചവുട്ടിയാലും അമ്മ അറിയാതെ തൊട്ടുതൊഴും. ഈശ്വരൻ എന്നിൽനിന്നും ഭിന്നമല്ല എന്നറിയാമെങ്കിലും അമ്മ എല്ലാറ്റിനെയും നമിക്കുന്നു.
മുകളിൽ എത്താൻ സഹായിച്ച സ്റ്റെയർകെയ്സും മുകളിലത്തെ നിലയും പണിതിരിക്കുന്നതു് ഒരേ വസ്തു കൊണ്ടാണെന്നറിയാമെങ്കിലും സ്റ്റെയർകെയ്സിനെ തള്ളാൻ അമ്മയ്ക്കാവില്ല. വന്ന പാത മറക്കാൻ പറ്റുന്നില്ല. ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന എല്ലാ ആചാരങ്ങളെയും അമ്മ ആദരിക്കുന്നു. അമ്മയ്ക്കിതിന്റെ ആവശ്യമുണ്ടോ എന്നു മക്കൾ ചോദിച്ചേക്കാം. കുട്ടിക്കു മഞ്ഞപ്പിത്തം വന്നു. ഉപ്പു കഴിക്കാൻ പാടില്ല, കഴിച്ചാൽ രോഗം വർദ്ധിക്കും. പക്ഷേ ഉപ്പില്ലാത്ത ഭക്ഷണം അവനു് ഇഷ്ടവുമല്ല. ഉപ്പുള്ളതു കണ്ടാൽ അവൻ എടുത്തു കഴിക്കും. ഇതറിയാവുന്ന അവന്റെ അമ്മ വീട്ടിൽ വയ്ക്കുന്ന ഒരു ഭക്ഷണത്തിലും ഉപ്പിടില്ല. കുട്ടിക്കുവേണ്ടി, അസുഖമില്ലെങ്കിൽക്കൂടി മറ്റുള്ളവരും ഉപ്പൊഴിവാക്കും. ഇതുപോലെ അമ്മയ്ക്കാവശ്യമില്ലെങ്കിലും മക്കൾക്കുവേണ്ടി അമ്മ മാതൃകയാകുന്നു.

Download Amma App and stay connected to Amma