”ഈശ്വരന്‍ സര്‍വ്വവ്യാപിയാണെങ്കില്‍ എന്തു കൊണ്ടു നമുക്കു് അവിടുത്തെ കാണാന്‍ കഴിയുന്നില്ല?” എന്നു ചോദിക്കാം.

വൈദ്യുതിയെ നമ്മുടെ കണ്ണുകള്‍കൊണ്ടു കാണുവാന്‍ കഴിയുമോ? ഇല്ല. എന്നാല്‍ നമ്മുടെ വിരല്‍ കറണ്ടുള്ള ഒരു വയറില്‍ തൊട്ടുനോക്കുക, അപ്പോള്‍ അതനുഭവിക്കാം. ഈശ്വരതത്ത്വം അനുഭവമാണു്. അനുഭവത്തിലൂടെയാണു് അവിടുത്തെ അറിയേണ്ടതു്. 

നാം ഒരു വൃക്ഷത്തിൻ്റെ മറവില്‍ നില്ക്കുമ്പോള്‍ ആകാശത്തില്‍ ജ്വലിച്ചുനില്ക്കുന്ന സൂര്യനെ കാണാന്‍ നമുക്കു കഴിയുന്നില്ല. വൃക്ഷം സൂര്യനെ മറച്ചിരിക്കുകയാണെന്നു മക്കള്‍ പറഞ്ഞേക്കാം. എന്നാല്‍ സത്യമതല്ല. വൃക്ഷത്തിനു സൂര്യനെ മറയ്ക്കുവാനുള്ള ശക്തി ഇല്ല. എന്നാല്‍ സൂര്യനെ കാണുന്നതില്‍നിന്നു് വൃക്ഷം നമ്മുടെ കാഴ്ചയെ മറയ്ക്കുന്നു. അതുപോലെ അജ്ഞാനം കാരണം നമുക്കവിടു ത്തെ ദര്‍ശിക്കാനാവുന്നില്ല.

മക്കളേ, ആകാശത്തിനപ്പുറം സ്വര്‍ണ്ണ സിംഹാസനത്തിലിരിക്കുന്ന ഒരീശ്വരനില്‍ വിശ്വസിക്കുവാന്‍ സനാതനധര്‍മ്മം ആവശ്യപ്പെടുന്നില്ല. സര്‍വ്വവ്യാപിയും സര്‍വ്വശക്തനും സര്‍വ്വജ്ഞനുമായ ഈശ്വര തത്ത്വത്തെക്കുറിച്ചാണു സനാതനധര്‍മ്മം പറയുന്നതു്. നമ്മില്‍ ജീവചൈതന്യമായി, ബോധമായി ഈശ്വരന്‍ കുടികൊള്ളുന്നു. ആനന്ദസ്വരൂപനായ അവിടുന്നു തന്നെ നമ്മുടെ ആത്മാവു്.

ഈശ്വരന്‍ സര്‍വ്വവ്യാപിയാണെങ്കിലും ‘ഞാന്‍ എന്നും എൻ്റെ’ തെന്നുമുള്ള നമ്മുടെ മനോഭാവം സത്യദര്‍ശനത്തെ മറയ്ക്കുകയും നമ്മുടെ മനസ്സിനെ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. മനസ്സു് ഒന്നുമാത്രമാണു മനുഷ്യൻ്റെ ബന്ധത്തിനും മോക്ഷത്തിനും കാരണം.

വികാരവിചാരങ്ങളില്‍നിന്നും ബാഹ്യവസ്തുക്കളോടുള്ള ആശ്രയത്തില്‍നിന്നും മനസ്സിനെ വിമുക്തമാക്കുന്ന തത്ത്വമാണു മതം. ഞാനെന്നും എൻ്റെതെന്നുമുള്ള ഭാവമാണു് ഇന്നു നമ്മളെ അസ്വതന്ത്രരാക്കിയിരിക്കുന്നതു്. മതതത്ത്വങ്ങള്‍ പാലിക്കുന്നതിലൂടെ അഹങ്കാരത്തെ ഇല്ലാതാക്കാന്‍ നമുക്കു കഴിയുന്നു.