പ്രേമസ്വരൂപികളും ആത്മസ്വരൂപികളും ആയിരിക്കുന്ന എല്ലാവര്‍ക്കും നമസ്‌കാരം. മക്കളെല്ലാവരും ക്ഷമയോടും ഉത്സാഹത്തോടും കൂടി ഇവിടെ എത്തിയിരിക്കുകയാണു്. ഈ ക്ഷമയും ഉത്സാഹവും മക്കളുടെ ജീവിതത്തില്‍ ഉടനീളം നിലനിര്‍ത്താന്‍ സാധിച്ചാല്‍ എല്ലാം മക്കളില്‍ എത്തിച്ചേരും. കാരണം ക്ഷമയും ഉത്സാഹവുമാണു ജീവിത വിജയത്തിനു് ആധാരം.

ചിലരില്‍ ഉത്സാഹം കാണാന്‍ കഴിയും. പക്ഷേ, ക്ഷമയുണ്ടാകില്ല. മറ്റു ചിലര്‍ക്കു ക്ഷമയുണ്ടായിരിക്കും. എന്നാല്‍, ഉത്സാഹം ഉണ്ടാകില്ല. ചെറുപ്പക്കാരായ മക്കളില്‍ തൊണ്ണൂറു ശതമാനം ഉത്സാഹമുള്ളവരാണു്. പക്ഷേ, അവരില്‍ അത്രകണ്ടു ക്ഷമ കാണാറില്ല. എന്തു കേട്ടാലും എടുത്തുചാട്ടമാണു്. ക്ഷമയില്ലാത്തതിനാല്‍, പലപ്പോഴും ഉദ്ദേശിച്ചതു നേടാന്‍ ആവുന്നില്ല.

അതുപോലെ പ്രായമായ മക്കളില്‍, അറുപതു്, എഴുപതു വയസ്സായവരില്‍ വേണ്ടത്ര ക്ഷമ കാണും. അവര്‍ ജീവിതാനുഭവങ്ങളില്‍ നിന്നു ക്ഷമയും വിവേകവും ബുദ്ധിയും നേടി. പക്ഷേ, ഉത്സാഹമില്ല. കാരണം ചോദിച്ചാല്‍ പറയും, ശരീരത്തിൻ്റെ ശക്തി നഷ്ടമായി. വിചാരിക്കുന്നതു പോലെ മുന്നോട്ടു പോകുവാന്‍ പറ്റുന്നില്ല എന്നു്. ഇതാണു് ഇന്നു കണ്ടുവരുന്നതു്.

എന്നാല്‍, നമ്മള്‍ ഒരു കൊച്ചു കുട്ടിയിലേക്കു നോക്കുക. കുട്ടിക്കു് ഉത്സാഹവും ക്ഷമയുമുണ്ടു്. കുട്ടി എഴുന്നേല്ക്കാന്‍ ശ്രമിക്കുന്നു, വീഴുന്നു. വീണ്ടും ശ്രമിക്കുന്നു, വീണ്ടും വീഴുന്നു. എന്നാല്‍ അവന്‍ ശ്രമം ഉപേക്ഷിക്കുന്നില്ല. ദേഹം മുറിഞ്ഞാലും കുട്ടി ശ്രമം വിടുന്നില്ല. ഉത്സാഹവും ക്ഷമയും കൈവിടാതെയുള്ള ശ്രമത്തിൻ്റെ ഫലമായി അവനു് എഴുന്നേല്ക്കാന്‍ സാധിക്കുന്നു.

കുഞ്ഞിനറിയാം താന്‍ മറിഞ്ഞു വീണാല്‍ രക്ഷിക്കാന്‍ അമ്മ അടുത്തുണ്ടെന്നു്. മുറിവു പറ്റിയാലും രക്തം തുടച്ചു മരുന്നു വയ്ക്കാന്‍ അമ്മയുണ്ടു് എന്നു്. തൻ്റെ ശ്രമത്തില്‍ സഹായിക്കാന്‍ അമ്മ അടുത്തുള്ളതിനാല്‍ വിജയം തീര്‍ച്ചയാണെന്നുള്ള ശുഭാപ്തി വിശ്വാസവും ആ കുഞ്ഞിനുണ്ടു്. ക്ഷമയും ഉത്സാഹവും ശുഭാപ്തി വിശ്വാസവും; ഇതു മൂന്നുമാണു നമ്മുടെ ജീവിതത്തിൻ്റെ മന്ത്രമാകേണ്ടതു്.

ഒരു ചെരുപ്പു കമ്പനി ചെരുപ്പു വില്പനയ്ക്കായി ദൂരെ ഒരു ഗ്രാമത്തിലേക്കു രണ്ടുപേരെ അയച്ചു. അതില്‍ ഒരാള്‍ അവിടെ എത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കമ്പനിയെ വിവരം അറിയിച്ചു, ”ഇവിടെയുള്ളവര്‍ ആദിവാസികളാണു്. അവര്‍ക്കു ചെരുപ്പിനെപ്പറ്റി യാതൊരു ബോധവുമില്ല. അതിനാല്‍ ഇവിടെ ചെരുപ്പുവില്പന അസാദ്ധ്യമാണു്. അതുകൊണ്ടു ഞാനിവിടെനിന്നും ഉടനെ തിരിച്ചു വരികയാണു്.”

ഇതേസമയം മറ്റെയാള്‍ കമ്പനിയെ വിവരം അറിയിച്ചതിങ്ങനെയാണു്, ”ഇവിടെ ആദിവാസികളാണു്. ഇവര്‍ക്കു ചെരുപ്പിനെപ്പറ്റി യാതൊരു ബോധവുമില്ല. ഇവര്‍ ചെളിയിലാണു നടക്കുന്നതും കിടക്കുന്നതും. വേണ്ട അറിവു പകര്‍ന്നാല്‍, ധാരാളം ചെരുപ്പുകള്‍ വിറ്റഴിക്കാന്‍ സാദ്ധ്യതയുണ്ടു്. അതിനാല്‍, ഒരു ലോഡ് ചെരുപ്പു് ഉടനെ അയയ്ക്കുക.” ഈ ശുഭാപ്തിവിശ്വാസമുള്ളവന്‍ വിജയിക്കുകയും ചെയ്തു.

ഏതു രംഗത്തും വിശ്വാസികള്‍ വിജയിക്കുന്നതും അവിശ്വാസികള്‍ തളരുന്നതും നാം കാണാറുള്ളതാണു്. ഈശ്വരന്‍ നമ്മളോടൊപ്പമുണ്ടു്. അവിടുന്നു് ഏതു പ്രതിസന്ധിയിലും സഹായത്തിനുണ്ടു് എന്നൊരു വിശ്വാസം വന്നാല്‍, ഏതൊരു പ്രതിബന്ധത്തെയും അതിജീവിച്ചു മുന്നോട്ടു പോകുവാനുള്ള ഉണര്‍വ്വും ഉന്മേഷവും നമ്മിലുണ്ടാകും. വിജയിക്കാന്‍ കഴിയുമെന്ന ശുഭാപ്തിവിശ്വാസം നമ്മെ വിട്ടകലുകയുമില്ല.