മക്കളേ, സയന്‍സ് പുറംലോകം എയര്‍ക്കണ്ടീഷന്‍ ചെയ്യുമെങ്കില്‍, ആദ്ധ്യാത്മികത ആന്തരികലോകത്തെയാണു് എയര്‍ക്കണ്ടീഷന്‍ ചെയ്യുന്നതു്. മനസ്സിനെ എയര്‍ക്കണ്ടീഷന്‍ ചെയ്യുന്ന വിദ്യയാണു് ആദ്ധ്യാത്മികത. അതു് അന്ധവിശ്വാസമല്ല, അന്ധകാരത്തെ അകറ്റുന്ന തത്ത്വമാണു്.

ഒരു കുട്ടിയുടെ മുന്നില്‍ ഒരു കൈയില്‍ ചോക്ലേറ്റും മറുകൈയില്‍ സ്വര്‍ണ്ണനാണയവും വച്ചുനീട്ടിയാല്‍, കുട്ടി ഏതെടുക്കും? അവന്‍ ചോക്ലേറ്റെടുക്കും. സ്വര്‍ണ്ണനാണയം എടുക്കില്ല. സ്വര്‍ണ്ണനാണയമെടുത്താല്‍ ഒരു ചോക്ലേറ്റിനു പകരം എത്രയോ അധികം ചോക്ലേറ്റു വാങ്ങാം എന്ന സത്യം, ആ കുട്ടി അറിയുന്നില്ല.
നമ്മളും ഇന്നിതുപോലെയാണു്. ഭൗതികതയുടെ ആകര്‍ഷണത്തില്‍, യാഥാര്‍ത്ഥ്യബോധം നമുക്കു നഷ്ടമാകുന്നു. ഒരിക്കലും ചെടിക്കാത്ത മധുരമാണു് ഈശ്വരന്‍. ഭൗതികൈശ്വര്യത്തിനും മുക്തിക്കും കാരണം അവിടുന്നാണു്.
അങ്ങനെയുള്ള ഈശ്വരനെ വിട്ടിട്ടു്, ഇന്നുള്ളവര്‍ അല്പനിമിഷത്തേക്കുമാത്രം നിലനില്ക്കുന്ന ഭൗതികനേട്ടങ്ങള്‍ക്കു പിന്നാലെ പായുന്നു. ഫലമോ നിരാശമാത്രം. എന്നാല്‍ ഈശ്വരനെ ആശ്രയിക്കുന്ന ഓരോ നിമിഷവും ആനന്ദമാണു്, ഐശ്വര്യമാണു്. അതിനു തുല്യമായി ലോകത്തു മറ്റൊന്നുമില്ല.
ഈശ്വരധ്യാനത്തിനു വേണ്ടി ചിലവാക്കുന്ന സമയം, ഒരിക്കലും നമുക്കു നഷ്ടമല്ല. ധ്യാനിച്ചവര്‍ ആരുംതന്നെ ഒരിക്കലും പട്ടിണി കിടന്നു മരിച്ചിട്ടില്ല. അതിനാല്‍ ഈശ്വരധ്യാനം നഷ്ടമാണെന്നു് ഒരിക്കലും ചിന്തിക്കുവാന്‍ പാടില്ല.
നമ്മള്‍ ആ മാര്‍ഗ്ഗത്തെ ഉദ്ധരിച്ചെടുക്കണം. അതു് പിന്തുടരുവാന്‍ മറ്റുള്ളവര്‍ക്കും പ്രേരണ നല്കണം. അതൊരിക്കലും നഷ്ടക്കച്ചവടമല്ല. അതില്‍നിന്നും ലാഭം മാത്രമേ കൊയ്യുവാനുള്ളൂ.