നാം ഈ ലോകത്തിലേക്കു വരുമ്പോഴും ഇവിടം വിട്ടുപോകുമ്പോഴും ഒന്നും കൊണ്ടുവരുകയോ കൊണ്ടുപോവുകയോ ചെയ്യാറില്ലെന്ന കാര്യം അമ്മ പലപ്പോഴും ഓർമ്മിപ്പിക്കാറുണ്ടു്. ഈ ലോകത്തിലെ ഒരു വസ്തുവും നമുക്കു ശാശ്വതാനന്ദം നല്കില്ലെന്നു തിരിച്ചറിഞ്ഞു് അവയോടു നിസ്സംഗതയും നിർമ്മമതയും വളർത്തിയെടുക്കാൻ നാം പഠിക്കേണ്ടതുണ്ടു്.

ഇതു് ഉദാഹരിക്കാൻ അമ്മ അലക്സാണ്ടറുടെ ഒരു കഥ പറയാം. അലക്സാണ്ടർ മഹാനായ ഒരു യോദ്ധാവും ലോകത്തിൻ്റെ മൂന്നിലൊരു ഭാഗം പിടിച്ചെടുത്ത ഭരണാധികാരിയുമായിരുന്നുവെന്നു് എല്ലാവർക്കും അറിയാം. ലോകത്തിൻ്റെ മുഴുവൻ ചക്രവർത്തിയാകണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ അഭിലാഷം. പക്ഷേ, അദ്ദേഹം ഒരു യുദ്ധത്തിൽ പരാജിതനായി ഗുരുതരമായ അസുഖം പിടിപെട്ടു മരണാസന്നനിലയിലായി.

മരിക്കുന്നതിനു് ഏതാനും ദിവസം മുൻപു് അദ്ദേഹം തൻ്റെ മന്ത്രിമാരെ അടുത്തു വിളിച്ചുവരുത്തി തൻ്റെ ശവം എങ്ങനെ മറവുചെയ്യണം എന്നു വിശദീകരിച്ചു. തൻ്റെ ശവപ്പെട്ടിയുടെ വശങ്ങളിൽ ഓരോ ദ്വാരം ഉണ്ടാക്കി അവയിലൂടെ തൻ്റെ കൈകൾ എല്ലാവർക്കും കാണുന്ന രീതിയിൽ പുറത്തു പ്രദർശിപ്പിക്കണമെന്നു് അദ്ദേഹം അവർക്കു നിർദ്ദേശം നല്കി.

ഇങ്ങനെ നിർദ്ദേശിക്കുവാൻ എന്താണു കാരണമെന്നു മന്ത്രിമാർ ചോദിച്ചു. അലക്സാണ്ടർ പറഞ്ഞു, “ഇങ്ങനെയായാൽ എല്ലാവർക്കും വ്യക്തമാകും, മഹാനായ അലക്സാണ്ടർ വെറും കൈയോടെയാണു് ഇഹലോകവാസം വെടിഞ്ഞതെന്നു്.“

ജീവിതം മുഴുവൻ എല്ലാം വെട്ടിപ്പിടിക്കാൻ നിരന്തരം പ്രയത്നിച്ച തനിക്കു് ഒന്നുംതന്നെ കൂടെക്കൊണ്ടുപോകുവാൻ കഴിഞ്ഞില്ലെന്നു മറ്റുള്ളവർ അറിയണമെന്നു് അദ്ദേഹം ആഗ്രഹിച്ചു.

സ്വന്തം ശരീരം പോലും ഇവിടെ ത്യജിച്ചിട്ടു പോകേണ്ടിവന്നു അദ്ദേഹത്തിനു്. ഇതുകണ്ടു മറ്റുള്ളവർ, ഓരോന്നു സമ്പാദിച്ചു കൂട്ടുവാനായി ജീവിതം ചെലവഴിക്കുന്നതിൻ്റെ അർത്ഥശൂന്യത തിരിച്ചറിയുമെന്നു് അദ്ദേഹം പ്രത്യാശിച്ചു.

ഈ ലോകത്തിൻ്റെയും അതിലെ വസ്തുക്കളുടെയും നശ്വരത നാം മനസ്സിലാക്കണമെന്നു് അമ്മ ആഗ്രഹിക്കുന്നു. നാം കാണുന്നതെല്ലാം നശ്വരവും മരണാനന്തരം നമ്മുടെ കൂടെ കൊണ്ടുപോകാനാവാത്തതുമാണു്.