അക്കിത്തം
പൃഥ്വീശകലത്തോടു പൃഥ്വിക്കുള്ള കൗതുകം
മദീയാന്നമയത്തിന്മേല്‍ പാരുഷ്യമുരസുന്നുവോ?
ഇടവപ്പാതി വെള്ളത്തില്‍ കൂളിയിട്ടപ്പോളോര്‍ത്തു ഞാന്‍
ബഹിര്‍മുഖ പ്രാണമയഘടാകാശത്തിലെ ത്വര.

പിടയ്ക്കുന്നു വലിക്കുന്നു പകലോന്‍ നിറതിങ്കളും
മനോമയത്തിലെത്തേജഃകണത്തിനെ ‘വരൂ വരൂ’
കുലുക്കുന്നു വിളിക്കുന്നു നിതാന്തം വായുമണ്ഡലം
വിജ്ഞാനമയകോശത്തിന്‍ നിസ്തപ്രേഷണവൃത്തിയെ.
ചുംബിച്ചുണര്‍ത്തുന്നു ബഹിരാകാശം മൗനഭാഷയില്‍
ആനന്ദമയകോശത്തിന് പഞ്ചസാര പ്രശാന്തിയെ
എന്നിട്ടുമീയുഷഃകാല പ്രപഞ്ചഹിമബിന്ദുവില്‍
അമ്മ തന് കണ്ണുനീരുപ്പില്‍ മുങ്ങിപ്പൊങ്ങുകയാണു ഞാന്‍.

Download Amma App and stay connected to Amma