ഒരിക്കൽ, നൂറുവയസ്സു് പൂർത്തിയാക്കിയ ഒരാളെ അഭിമുഖം ചെയ്യാൻവേണ്ടി ഒരു പത്രക്കാരൻ വന്നു. പത്രക്കാരൻ അദ്ദേഹത്തോടു ചോദിച്ചു, ”ഇത്രയും കാലം ജീവിച്ചതിൽ അങ്ങയ്ക്കു് ഏറ്റവും അഭിമാനകരമായി തോന്നുന്നതെന്താണു്?”

”നൂറുവയസ്സുവരെ ജീവിച്ചിട്ടും എനിക്കു് ഈ ഭൂമിയിൽ ഒരു ശത്രുപോലുമില്ല.”
”ഓ, അങ്ങയുടെ ജീവിതം എത്ര മഹത്തരമായിരിക്കുന്നു! എല്ലാവർക്കും ഇതൊരു മാതൃകയാകട്ടെ! ആട്ടെ, അങ്ങയ്ക്കു് ഇതു് എങ്ങനെ സാധിച്ചു?”
”അതോ! എൻ്റെ ശത്രുവായ ഒരുത്തനെപ്പോലും ഞാൻ ഭൂമിയിൽ ജീവനോടെ വച്ചിട്ടില്ല.”
വിനാശകാരികളായ ഇത്തരം വികാരങ്ങൾ തുടച്ചുനീക്കാതെ ലോകത്തിൽ യുദ്ധങ്ങളും ആക്രമണങ്ങളും അവസാനിപ്പിക്കാൻ കഴിയില്ല.
ശത്രുരാജ്യങ്ങളെ എല്ലാ വിധത്തിലും നശിപ്പിക്കുക, അവരുടെ മേൽ ആധിപത്യം സ്ഥാപിക്കുക, അവരുടെ ഭൂമിയും സമ്പത്തും കൊള്ളയടിച്ചു് ആസ്വദിക്കുക. തലമുറകൾ പഴക്കമുള്ള അവരുടെ സംസ്കാരത്തിൻ്റെയും ആചാരങ്ങളുടെയും തായ്വേരറക്കുക. നിരപരാധികളെപ്പോലും നിഷ്കരുണം കൊന്നൊടുക്കുക.
ഒരു യുദ്ധത്തിനുപയോഗിക്കുന്ന ബോംബും മറ്റായുധങ്ങളും പ്രകൃതിയിലും അന്തരീക്ഷത്തിലും നിറയ്ക്കുന്ന വിഷവായു എത്രയെന്നു സങ്കല്പിക്കാൻ കഴിയില്ല. എത്ര തലമുറകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെയാണു് അതു ബാധിക്കുന്നതു്! തുടർന്നു്, ദാരിദ്ര്യവും പട്ടിണിമരണവും പകർച്ചവ്യാധികളും അവിടെ നടമാടുന്നു. ഇതൊക്കെയാണു യുദ്ധം മനുഷ്യനു സമ്മാനിക്കുന്നതു്.
സമ്പന്നരാജ്യങ്ങൾ നിർമ്മിക്കുന്ന ആധുനികായുധങ്ങൾ വിറ്റഴിക്കാൻ വേണ്ടിമാത്രം യുദ്ധങ്ങൾ നടപ്പാക്കുന്നതും ഇന്നു പതിവാണു്. ഏതു കർമ്മമായാലും; അതു്, യുദ്ധമായാലും ശരി; സത്യധർമ്മാദികൾ സംരക്ഷിക്കുക എന്നുള്ളതായിരിക്കണം ലക്ഷ്യം.
യുദ്ധം അനിവാര്യമാണെന്നല്ല ഞാൻ പറയുന്നതു്. ഒരുകാലത്തും യുദ്ധം ഒരു ആവശ്യമേയല്ല. എന്നാലും മനുഷ്യൻ്റെ മനസ്സിൽ സംഘർഷം ഉള്ളിടത്തോളം കാലം പുറംലോകത്തെ യുദ്ധം പൂർണ്ണമായി ഇല്ലാതാക്കാൻ നമുക്കു കഴിയുമോ? മനസ്സിരുത്തി ആലോചിക്കേണ്ട വിഷയമാണിതു്.

Download Amma App and stay connected to Amma