ലോകാരംഭകാലം മുതൽ ഭൂമിയിൽ സംഘർഷമുണ്ടു്. അതു പൂർണ്ണമായി ഒഴിവാക്കാൻ സാധിക്കില്ലെന്നു പറഞ്ഞാൽ, മനോവിഷമം ഉണ്ടാക്കുന്ന കാര്യമാണു്. എങ്കിലും, സത്യം അതല്ലേ! കാരണം, നല്ലതും ചീത്തയും ലോകത്തിൽ എന്നുമുണ്ടു്. നന്മയെ സ്വീകരിക്കാനും തിന്മയെ തിരസ്കരിക്കാനുമുള്ള ശ്രമത്തിനിടയിൽ സംഘർഷമുണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാൻ പറ്റില്ല.

അത്തരം സംഘർഷങ്ങൾ ആഭ്യന്തരലഹളകളായും യുദ്ധമായും സമരമായും ഒക്കെ മിക്കവാറും എല്ലാ രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ടു്. എന്നാൽ, അവയെല്ലാം ചില വ്യക്തികളുടെയും വിഭാഗങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു എന്നു പറയാൻ സാധിക്കില്ല. അത്തരം സംഘർഷങ്ങളിൽ അപൂർവ്വം ചിലതെങ്കിലും, ഒരു രാജ്യത്തിൻ്റെയും അവിടുത്തെ ജനങ്ങളുടെയും പൊതുവായ വികാരം മാനിച്ചു്, മഹത്തായ ചില ലക്ഷ്യങ്ങൾ നേടുന്നതിനുവേണ്ടിയായിരുന്നു. നിർഭാഗ്യവശാൽ, മനുഷ്യൻ നടത്തിയിട്ടുള്ള ഒട്ടുമിക്ക യുദ്ധങ്ങളും സത്യത്തിനും നീതിക്കും നിരക്കാത്തവയായിരുന്നു. അത്യന്തം സ്വാർത്ഥത നിറഞ്ഞ ലക്ഷ്യങ്ങളായിരുന്നു അവയുടെയെല്ലാം പിന്നിലുണ്ടായിരുന്നതു്.
ഏകദേശം അയ്യായിരം വർഷങ്ങൾക്കു മുൻപു മുതൽ, മൗര്യസാമ്രാജ്യത്തിൻ്റെ സ്ഥാപകനായ ചന്ദ്രഗുപ്തമൗര്യൻ്റെ കാലഘട്ടം വരെ, ഭാരതത്തിൽ നടന്നിട്ടുള്ള യുദ്ധങ്ങളിൽ സത്യത്തിനും ധർമ്മത്തിനും വലിയ സ്ഥാനമുണ്ടായിരുന്നതായി കാണാം. അക്കാലത്തു് ഒരു മഹായുദ്ധമുണ്ടായാൽ, അന്നും ശത്രുവിനെ ആക്രമിച്ചു കീഴ്പ്പെടുത്തുക, വേണ്ടിവന്നാൽ നശിപ്പിക്കുക എന്നതൊക്കെ യുദ്ധത്തിൻ്റെ ഭാഗമായിരുന്നു. എന്നാൽ, യുദ്ധക്കളത്തിലും യുദ്ധമുറയിലും വ്യക്തവും നീതിനിഷ്ഠവുമായ നിയമങ്ങളുണ്ടായിരുന്നു.
ഉദാഹരണത്തിനു്, കാലാൾപ്പട മറുപക്ഷത്തെ കാലാൾപ്പടയിലെ ഭടന്മാരുമായി മാത്രമേ പൊരുതാൻ പാടുള്ളൂ. ആന, കുതിര, രഥം എന്നിവയിൽ സഞ്ചരിച്ചിരുന്ന ഭടന്മാരുടെ കാര്യവും അതുപോലെയാണു്. ഗദ, വാൾ, കുന്തം, അമ്പും വില്ലും എന്നീ ആയുധങ്ങളേന്തി യുദ്ധം ചെയ്യുന്നവരും ഇതേ നിയമം പാലിക്കണം. യുദ്ധത്തിൽ മുറിവേല്ക്കുകയോ നിരായുധനാവുകയോ ചെയ്യുന്ന ഭടനെ ആക്രമിക്കാൻ പാടില്ല. സ്ത്രീകൾ, കുട്ടികൾ, രോഗികൾ, വൃദ്ധജനങ്ങൾ എന്നിവരെ ഉപദ്രവിക്കരുതു്. സൂര്യോദയത്തിൽ ശംഖനാദം മുഴക്കി യുദ്ധമാരംഭിക്കും. സൂര്യാസ്തമയം ആയാൽ നിർത്തും. വീണ്ടും രാവിലെ യുദ്ധം ആരംഭിക്കും.
യുദ്ധം ജയിച്ച രാജാവു്, ശത്രുപക്ഷത്തുനിന്നു താൻ പിടിച്ചെടുത്ത രാജ്യവും സമ്പത്തും കീഴടങ്ങിയ രാജാവിനോ അദ്ദേഹത്തിൻ്റെ അനന്തരാവകാശികൾക്കോ സന്തോഷത്തോടെ മടക്കിക്കൊടുത്ത ചരിത്രവുമുണ്ടു്. ഇതായിരുന്നു ധർമ്മയുദ്ധത്തിൻ്റെ പൊതുവായ സ്വഭാവം. യുദ്ധക്കളത്തിലും യുദ്ധാനന്തരവും ശത്രുവിനെ ആദരവോടും ദയയോടും പരിഗണിക്കുന്ന മഹത്തായൊരു പാരമ്പര്യം. ശത്രുരാജ്യത്തിലെ ജനങ്ങളുടെ വികാരവും അവരുടെ സംസ്കാരവും മാനിക്കുന്ന ധീരമായ കാഴ്ചപ്പാടായിരുന്നു അന്നുണ്ടായിരുന്നതു്.
ഇന്നു് ഭീകരാക്രമണം തടയാൻ സുരക്ഷാസ്ഥാപനങ്ങളിലെയും വിമാനത്താവളങ്ങളിലെയും മറ്റും പരിശോധന കർശനമാക്കിയിട്ടുണ്ടു്. അങ്ങനെയുള്ള നടപടികൾ അത്യാവശ്യംതന്നെ. എന്നാലതു മാത്രം അതിനു ശാശ്വതപരിഹാരമാകുന്നില്ല. പക്ഷേ ഏറ്റവും വിനാശകാരിയായ മറ്റൊരു സ്ഫോടകവസ്തുവുണ്ടു്. അതിനെ കണ്ടെത്താൻ കഴിയുന്ന യന്ത്രങ്ങളിന്നില്ല. അതു മനുഷ്യമനസ്സിലെ പകയും വെറുപ്പും വിദ്വേഷവുമാണു്.

Download Amma App and stay connected to Amma