അലന്‍ ലാംബ്
കഴിഞ്ഞ നവംബറില്‍ ഞാന്‍ അമ്മയോടു് അവസാനമായി ചോദിച്ച ചോദ്യം ഇതായിരുന്നു, ”അമ്മേ, ഞാനിനി എന്നാണു് അമ്മയെ കാണുക?”
അമ്മയുടെ മറുപടി എനിക്കു സ്വാമിജി തര്‍ജ്ജമ ചെയ്തു തന്നു, ”അമ്മ എപ്പോഴും മോളെ കണ്ടുകൊണ്ടിരിക്കയാണു്. മോളാണു് അമ്മയെ എല്ലായിടത്തും കാണാത്തതു്.” അമ്മയും സ്വാമിജിയും ഇതു പറഞ്ഞു ചിരിച്ചു. എനിക്കൊന്നും മനസ്സിലായില്ല, എങ്കിലും അവരുടെ കൂടെ ഞാനും ചിരിച്ചു. അമ്മ സര്‍വജ്ഞയാണു്, എല്ലായിടത്തും നിറഞ്ഞവളാണു്, പക്ഷേ, അമ്മേ, ഞാനങ്ങനെയല്ലല്ലോ എന്നു ഞാന്‍ ചിന്തിച്ചു.
വീട്ടില്‍ തിരിച്ചെത്തിയിട്ടും ‘അമ്മയെ എല്ലായിടത്തും കാണുക’ എന്നതിനെപ്പറ്റിയാണു ഞാന്‍ ചിന്തിച്ചിരുന്നതു്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അതു് എൻ്റെ മനസ്സില്‍നിന്നു പോയി, ഞാന്‍ മറ്റു കാര്യങ്ങളില്‍ മുഴുകി.
അമ്മയെ കണ്ടു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ ഒരു ഹൈവേയിലൂടെ ”അമ്മ, അമ്മ, അമ്മ!” എന്നു് ഉറക്കെ പാടിക്കൊണ്ടു വണ്ടിയോടിച്ചു വരികയായിരുന്നു. ഒരു തിരിവെത്തിയപ്പോള്‍ അടുത്ത വരിയില്‍ എൻ്റെ മുന്നിലുള്ള കാറിൻ്റെ വിചിത്രമായ ലൈസന്‍സ് പ്ലെയ്റ്റ് എൻ്റെ കണ്ണില്‍ പെട്ടു, ‘അമ്മ’. (അമേരിക്കയിലും മറ്റും വ്യക്തികള്‍ക്കു് അനുവാദം വാങ്ങി ലൈസന്‍സ് പ്ലെയ്റ്റ് അലങ്കരിക്കുവാനുള്ള സൗകര്യമുണ്ടു്). ഒരു നിമിഷം എൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടു, കാറ് റോഡില്‍നിന്നും തെന്നിപ്പോയി! ഇത്രയുംകാലം അമ്മയുടെ ഭക്തയായിട്ടും ഇങ്ങനെ അലങ്കരിച്ച ലൈസന്‍സ് പ്ലെയ്റ്റ് ഞാനിതിനു മുന്‍പു കണ്ടിട്ടില്ല. എല്ലായിടത്തും അമ്മയെ കാണണം എന്നു് അമ്മ നിര്‍ദ്ദേശിച്ചതിനെക്കുറിച്ചു ഞാനപ്പോള്‍ കാര്യമായി ചിന്തിക്കാന്‍ തുടങ്ങി. ആ കാറു് ആ സമയത്തു് എൻ്റെ മുന്നില്‍ വന്നുപെട്ടതിൻ്റെ പുറകില്‍ അമ്മയുടെ എന്തെങ്കിലും ലീലയുണ്ടോ? അമ്മയെ വിളിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ ആ കാറു് എൻ്റെ കണ്ണില്‍പ്പെട്ടതു വെറും യാദൃച്ഛികമാണെന്നു് എനിക്കു തോന്നിയില്ല. ഏതായാലും അമ്മയെ എല്ലായിടത്തും കാണാനുള്ള ശ്രമം ഉടന്‍ തുടങ്ങാന്‍തന്നെ ഞാന്‍ നിശ്ചയിച്ചു.
അടുത്ത ദിവസം, എനിക്കൊരു സൂപ്പര്‍മാര്‍ക്കറ്റിലേക്കു പോകേണ്ടിയിരുന്നു. മനസ്സില്‍, അമ്മ എന്നെ എപ്പോഴും കാണുന്നുണ്ടെന്നും ഞാനും അമ്മയെ എല്ലാത്തിലും കാണാന്‍ ശ്രമിക്കണമെന്നുമുള്ള ചിന്തയുമായാണു ഞാന്‍ നടന്നിരുന്നതു്. എൻ്റെ അരികിലായി നടന്നിരുന്ന ഒരു സ്‍ത്രീയെ ഞാന്‍ ശ്രദ്ധിച്ചു, തമാശയോടെ മനസ്സില്‍ ചോദിച്ചു, ”നിങ്ങള്‍ അമ്മയാണോ?” ”അതെ, നിങ്ങള്‍ അമ്മതന്നെയാണു്” എന്നു ഞാന്‍തന്നെ ഉത്തരവും പറഞ്ഞു. എൻ്റെ ചിന്തകളൊന്നും അറിയാതെ അവര്‍ മറ്റൊരു വശത്തേക്കു നടന്നുപോയി. ഞാന്‍ അവിടത്തെ കോഫിഷോപ്പിലേക്കും കയറി. ഒന്നോ രണ്ടോ മിനിറ്റു കഴിഞ്ഞപ്പോള്‍ ഞാന്‍ കാപ്പിക്കു കൂപ്പണ്‍ എടുക്കാന്‍ നില്ക്കുമ്പോള്‍ ഇതേ സ്‍ത്രീ അവരുടെ ക്രെഡിറ്റ് കാര്‍ഡുമായി കാപ്പിക്കു കൂപ്പണ്‍ എടുക്കാന്‍ വേണ്ടി എൻ്റെ മുന്നിലേക്കു് ഇടിച്ചു കയറി. ഞാന്‍ അദ്ഭുതപ്പെട്ടു പോയി. ഞാന്‍ ക്യൂവില്‍ കാത്തുനില്ക്കുകയായിരുന്നു.
സാധാരണയായി ആരും ക്യൂ തെറ്റിച്ചു് ഇടിച്ചു കയറാറില്ല. പക്ഷേ, അവര്‍ ‘അമ്മ’യായിപ്പോയില്ലേ. അതുകൊണ്ടു ഞാന്‍ ഒന്നും മിണ്ടാതെ കാത്തുനിന്നു. പക്ഷേ, അവരുടെ ക്രെഡിറ്റു കാര്‍ഡിനു് എന്തോ പ്രശ്‌നം. കാപ്പിയുടെ ബില്ലടയ്ക്കാനായി പണവുമില്ല. അവര്‍ ‘അമ്മ’യാണെന്നു ഞാന്‍ തീരുമാനിച്ച സ്ഥിതിക്കു് അവരുടെ ബില്ലടയ്ക്കാതെ എനിക്കെന്തു നിവൃത്തി? അവരുടെ കാപ്പിയുടെ 1.58 ഡോളര്‍ ഞാന്‍ കൊടുത്തു. പിന്നീടു് അവര്‍ അവരുടെ സുഹൃത്തിനോടു് ‘ഒരു അപരിചിത’ അവരുടെ കാപ്പിയുടെ പണം കൊടുത്തു എന്നു പറയുന്നതു ഞാന്‍ കേട്ടു. അമ്മയ്ക്കു ഞാന്‍ അപരിചിതയല്ലല്ലോ എന്നു ചിന്തിച്ചു ഞാന്‍ സ്വയം ചിരിച്ചു. എൻ്റെ മഹാമനസ്‌കതയ്ക്കു് ഉടന്‍ പ്രതിഫലവും കിട്ടി. മുറു മുറുപ്പൊന്നും കൂടാതെ മുന്നില്‍ കയറിയ സ്‍ത്രീയെ ഞാന്‍ സഹായിച്ചതിനു കൗണ്ടറിലിരുന്ന സ്‍ത്രീ എൻ്റെ കൈയില്‍നിന്നു ചായയ്ക്കു പണം വാങ്ങിയില്ല. അമ്മയെ എല്ലായിടത്തും കാണാന്‍ ശ്രമിക്കുന്നതു രസമുള്ള കാര്യമാണല്ലോ എന്നു ഞാന്‍ ഓര്‍ത്തു.
അടുത്ത ദിവസം എനിക്കു് ഒഴിവായിരുന്നു. ഒറ്റയ്ക്കു ഞാന്‍ വീട്ടിലിരിക്കുന്നു. ഉച്ച കഴിഞ്ഞു മൂന്നു മണിയായിക്കാണും. അന്നു് ആരെയും അമ്മയായി കണ്ടില്ലല്ലോ എന്ന ചിന്ത ഒരു ഞൊടിയില്‍ എൻ്റെ മനസ്സില്‍ വന്നു. പെട്ടെന്നു ഫോണ്‍ അടിച്ചു. വിളിക്കുന്ന ആള്‍ ആരായാലും അമ്മയാണു് എന്നു തീരുമാനിച്ചു കൊണ്ടാണു ഞാന്‍ ഫോണ്‍ എടുത്തതു്. അമ്മ വളരെ രസകരമായിട്ടാണു പാഠങ്ങള്‍ പഠിപ്പിക്കുന്നതു്. ഒരു കമ്പനിക്കുവേണ്ടി ഞാന്‍ കുറച്ചു പുറംപണികള്‍ ചെയ്യുന്നുണ്ടായിരുന്നു. ആ കമ്പനിയിലെ ഒരു ജോലിക്കാരിയാണു വിളിച്ചതു്, ‘റീത്ത’. ഓരോരുത്തരെ വിളിച്ചു ജോലി വൈകുന്നതിനെപ്പറ്റി പറഞ്ഞു ശല്യം ചെയ്യുകയാണു റീത്തയുടെ പണി. എപ്പോഴും ഫോണ്‍ വിളിച്ചു്, ആവശ്യത്തിലധികം വിനയം അഭിനയിച്ചു്, നിര്‍ത്താതെ സംസാരിച്ചു ശല്യം ചെയ്യുന്ന റീത്തയെ കുറച്ചൊരു അമര്‍ഷത്തോടെയാണു ഞാന്‍ കണ്ടിരുന്നതു്.
പക്ഷേ, എന്തു ചെയ്യാം? റീത്ത അമ്മയാണെന്നു ഞാന്‍ സങ്കല്പിച്ചു പോയി. റീത്തയോടുള്ള എൻ്റെ മനഃസ്ഥിതി മാറ്റിയേ പറ്റൂ. മാത്രമല്ല, ചെയ്യാനുള്ള ജോലികളൊക്കെ വേഗം ചെയ്തു തീര്‍ക്കുകയും വേണം. ഇതിനു മുന്‍പൊക്കെ റീത്തയുടെ ഫോണ്‍ വന്നാലും, ‘എനിക്കു സമയം കിട്ടുമ്പോള്‍ ചെയ്യാം’ എന്നു ചിന്തിച്ചു ചെയ്യേണ്ട ജോലികള്‍ ഞാന്‍ പിന്നെയും നീട്ടി വയ്ക്കാറുണ്ടു്. എന്നാല്‍ ഇപ്പോഴിതു് അടിയന്തിരമായി തീര്‍ക്കേണ്ട ജോലിയായി. പേപ്പര്‍പണിയൊക്കെ
വേഗം തീര്‍ത്തു ഫാക്‌സ് ചെയ്തു കഴിഞ്ഞപ്പോള്‍ എൻ്റെ മനസ്സിനു വലിയ ശാന്തിയും സമാധാനവും തോന്നി. റീത്തയെ അമ്മയായി കണ്ടപ്പോള്‍ എൻ്റെ മനസ്സിൻ്റെ ആയാസം കുറഞ്ഞു എന്നു ഞാന്‍ അദ്ഭുതത്തോടെ മനസ്സിലാക്കി.
ആ ഫോണ്‍വിളിക്കു ശേഷം എനിക്കു ചെയ്യാനുള്ള ജോലിയെക്കുറിച്ചോ റീത്തയെക്കുറിച്ചോ ഞാന്‍ മോശമായി ചിന്തിച്ചിട്ടില്ല. ഒരു ദിവസംപോലും എൻ്റെ പണികള്‍ വൈകിച്ചിട്ടുമില്ല. ആശ്ചര്യം തന്നെ, ഒരു ചെറിയ അസഹ്യത മാറ്റിയപ്പോഴേക്കും എൻ്റെ ജീവിതംതന്നെ എത്ര മെച്ചപ്പെട്ടു! ശല്യപ്പെടുത്തുന്ന ഫോണ്‍ വിളികള്‍ക്കു കാത്തുനില്ക്കാതെ എൻ്റെ ജോലികള്‍ വേഗത്തില്‍ തീര്‍ക്കുന്നതില്‍ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഇതിലും വലിയ അനുഗ്രഹം, എൻ്റെ മനസ്സില്‍ വളരാന്‍ തുടങ്ങിയ വിനയമാണു്. ആരോടെങ്കിലും അമ്മയാണെന്നു കരുതി സംസാരിക്കുമ്പോള്‍ നമ്മള്‍ അറിയാതെ താഴ്ന്നുപോകും. എല്ലാവരോടും ഇങ്ങനെ വിനയത്തോടെ പെരുമാറണം, അതിനുവേണ്ടിയായി എൻ്റെ അടുത്ത ശ്രമം. മറ്റുള്ളവരെയൊക്കെ ഈശ്വരനായി കാണുമ്പോള്‍ നമ്മുടെ ജീവിതത്തിൻ്റെ മേന്മ വര്‍ദ്ധിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. അമ്മയുടെ അനുഗ്രഹംകൊണ്ടുതന്നെയാണു കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു ഞാനിതു മനസ്സിലാക്കിയതു്.
ജീവിതത്തിലെ ഏതു് അനുഭവവും അമ്മയില്‍നിന്നു് വരുന്നതായി കണ്ടു സ്വീകരിക്കുന്നതു് എൻ്റെ സാധനയുടെ ഒരു ഭാഗമായിരുന്നു. അങ്ങനെയുള്ള സമയത്തു് എനിക്കു തീരെ പ്രതീക്ഷിക്കാതെ ഒരു കയ്‌പ്പേറിയ അനുഭവമുണ്ടായി. ഒരു പൊതുവേദിയില്‍ ആരോ എന്നെ കഠിനമായി കുറ്റപ്പെടുത്തി സംസാരിച്ചു. എനിക്കു വല്ലാത്ത വേദനയും ദുഃഖവും തോന്നി. പിന്നെ ഞാന്‍ ചിന്തിച്ചു, എല്ലാം അമ്മയില്‍നിന്നാണു വരുന്നതു് എങ്കില്‍ ഈ കുറ്റപ്പെടുത്തലും അമ്മയില്‍നിന്നാണു വരുന്നതു്. എനിക്കു് അമ്മയോടു് അടങ്ങാത്ത കോപം വരാന്‍ തുടങ്ങി. അമ്മ എന്നെ കുറ്റപ്പെടുത്തുന്നു എന്നതിനര്‍ത്ഥം അമ്മയ്ക്കു് എന്നെ ഇഷ്ടമില്ല എന്നാണു്. അമ്മയ്ക്കു് എന്നെ ഇഷ്ടമില്ലെങ്കില്‍ എനിക്കു് അമ്മയെയും ഇഷ്ടമില്ല, ഞാന്‍ തീരുമാനിച്ചു. മനസ്സു് എത്ര പെട്ടെന്നാണു ക്ഷോഭിക്കുന്നതു്! ഇങ്ങനെ അമ്മയെക്കുറിച്ചു മോശമായി ചിന്തിച്ചു മനസ്സു് കലുഷമാക്കിയാണു ഞാന്‍ ഉറങ്ങാന്‍ കിടന്നതു്.
വളരെ അപ്രതീക്ഷവും മനോഹരവുമായ ഒരു അനുഭവത്തോടെയാണു ഞാന്‍ പിറ്റേദിവസം ഉറക്കമുണര്‍ന്നതു്. അന്നു രാത്രി അമ്മ എൻ്റെ അടുത്തു വന്നു പ്രേമത്തിൻ്റെ തിളങ്ങുന്ന ഒരു മഞ്ഞു തുള്ളി എനിക്കു സമ്മാനിച്ചതു പോലെയാണു് എനിക്കു തോന്നിയതു്. അമ്മയ്ക്കു് എന്നോടു (മാത്രമല്ല, ഈ ലോകത്തില്‍ ആരോടും) സ്നേഹം മാത്രമേയുള്ളൂ. ഒന്നും തിരിച്ചു പ്രതീക്ഷിക്കാത്ത ഈ പ്രേമം മാത്രമേ സത്യമായിട്ടുള്ളൂ. ലോകം ചെയ്യുന്നതുപോലെ അമ്മ ആരെയും ന്യായവും അന്യായവും നോക്കി വിധി കല്പിക്കാറില്ല. ഈ പ്രേമം നമുക്കില്ലെങ്കില്‍ നാം മറ്റുള്ളവരെ വിമര്‍ശിക്കും അവരുടെ വിമര്‍ശനം കേള്‍ക്കേണ്ടിയും വരും. നമ്മുക്കു തെറ്റു പറ്റിപ്പോകും.
അമ്മ നല്കിയ ഈ അറിവു ഞാന്‍ എത്രയോ പ്രാവശ്യം മറന്നു പോയി, എത്രയോ പ്രാവശ്യം വിലവയ്ക്കാതിരുന്നു. പിന്നീടു് എത്രയോ പ്രാവശ്യം അതോര്‍ത്തു ഞാന്‍ പശ്ചാത്തപിച്ചു. പ്രേമം മാത്രമേ സത്യമായുള്ളൂ എന്ന ഈ അറിവു് അമ്മയുടെ മക്കളില്‍ നിരന്തരം നിലനില്ക്കണേ എന്നാണു് എൻ്റെ പ്രാര്‍ത്ഥന. എല്ലായിടത്തും എപ്പോഴും അമ്മയെ കാണാനുള്ള വിനയവും പ്രേമവും ഞങ്ങള്‍ക്കുണ്ടാകണേ!
•വിവ: പത്മജ ഗോപകുമാര്‍