മേലത്ത് ചന്ദ്രശേഖരൻ

എത്രയായ് കാലം, നീയമ്മയെക്കാണാത്ത-
തെന്നു ചോദിക്കുന്നുദയകിരണങ്ങള്‍.
അമ്മയെക്കാണാതിരിക്കുന്നതെങ്ങനെ-
യെന്നു ചോദിക്കുന്നിളംവെയില്‍നാളങ്ങള്‍.

അമ്മയോടൊന്നുരിയാടാതിരിക്കുന്ന-
തെങ്ങനെയെന്നു ചോദിപ്പൂ കിളിമകള്‍.
അമ്മതന്‍ വീട്ടിലേക്കെന്തു നീ പോവാത്ത-
തെന്നു കലമ്പുന്നു കാറ്റും വെളിച്ചവും.

മണ്ണു ചോദിക്കുന്നു വിണ്ണു ചോദിക്കുന്നു:
അമ്മയെക്കാണാതിരിക്കുന്നതെങ്ങനെ?
കാടു ചോദിപ്പൂ, കടലു ചോദിപ്പൂ, നീ
കാണാതിരിക്കുന്നതെങ്ങനെയമ്മയെ?

ഒന്നു ചിരിച്ചു മൊഴിഞ്ഞു ഞാനിങ്ങനെ:
നമ്മളീ വിശ്വപ്രകൃതിതന്‍ മക്കളാം
നമ്മളിരിക്കുമിരിപ്പിടമോര്‍ക്കണ-
മമ്മതാന്‍ തീര്‍ത്ത മടിത്തടമല്ലയോ?

ആകയാല്‍ സോദരര്‍ നാമിരിക്കുന്നതീ-
യേകനീഡത്തിലമൃതമാ,ണാനന്ദ-
മാ,ണമ്മ നീട്ടുന്ന പൂവും പ്രസാദവും,
പ്രാണനും പ്രാണനാം സഞ്ജീവനൗഷധം

നോക്കൂ നിശാഗന്ധി പൂക്കുന്നിരുള്‍ഗ്രന്ഥി
നീക്കുന്നു, നാളെ പ്രഭാതം വരു,മല്ലേ?
നമ്മളറിഞ്ഞാലുമില്ലായ്കിലു,മമ്മ
നമ്മെയറിയുന്നിതോരോരോ മാത്രയും.