1985 ജൂൺ 19 ബുധൻ
താടിയും മുടിയും നീട്ടിവളർത്തിയ ഒരു യുവാവു് ആശ്രമത്തിലെത്തി. അദ്ദേഹം ഒരു ബ്രഹ്മചാരിയെ സമീപിച്ചു താൻ ഒരു പത്ര ലേഖകനാണെന്നു സ്വയം പരിചയപ്പെടുത്തി. പത്രലേ: വള്ളിക്കാവിലമ്മയെക്കുറിച്ചു നല്ലതും ചീത്തയുമായി പലതും കേൾക്കാൻ ഇടയായി. എന്താണു യഥാർത്ഥത്തിൽ ഈ ആശ്രമത്തിൽ നടക്കുന്നതെന്നറിയാൻ വന്നതാണ്. ഒന്നുരണ്ടു് അന്തേവാസികളോടു സംസാരിച്ചു. എന്നാൽ ഒരു കാര്യം മാത്രം എനിക്കു മനസ്സിലാവുന്നില്ല.

ബ്രഹ്മ: എന്താണത്? പത്രലേ: എങ്ങനെ നിങ്ങളെപ്പോലുള്ള അഭ്യസ്തവിദ്യർക്കു് ഒരു മനുഷ്യദൈവത്തിൽ ഇത്ര അന്ധമായി വിശ്വസിക്കാൻ കഴിയുന്നു? ബ്രഹ്മ: എന്താണു ദൈവമെന്നു പറഞ്ഞാൽ താങ്കൾ മനസ്സിലാക്കുന്നത്? നാലു കൈയും കിരീടവുമായി ആകാശത്തിനപ്പുറം ഒരു സ്വർഗ്ഗത്തിലിരിക്കുന്ന ആളെന്നാണോ?
പത്രലേ: അങ്ങനെയല്ല. ഈശ്വരസങ്കല്പം ഓരോരുത്തർക്കും അവരവരുടെ രീതിയിലാണു. നമ്മൾ മഹത്തായി കരുതുന്ന ഗുണങ്ങളുടെ മൂർത്തിയായിട്ടാണു പൊതുവെ പലരും ഈശ്വരനെ ഭാവന ചെയ്യുന്നതു്. ബ്രഹ്മ: അപ്പോൾ ഈശ്വരീയഗുണങ്ങൾ ഒരു മനുഷ്യനിൽ പ്രകാശിക്കുന്നതു കണ്ടാൽ ആ വ്യക്തിയെ ഈശ്വരതുല്യം ആരാധിക്കുന്നതിലെന്താണു തെറ്റ്? അതല്ലെങ്കിൽപ്പിന്നെ മനുഷ്യൻ കൊത്തിയുണ്ടാക്കി മനുഷ്യൻ പ്രതിഷ്ഠിച്ചു പൂജിക്കുന്ന വിഗ്രഹത്തിലൊതുങ്ങുന്നതാണു് ഈശ്വരനെന്നു പറയേണ്ടിവരും.
മനുഷ്യൻ (ജീവാത്മാവു്) പരമാർത്ഥത്തിൽ ഈശ്വരൻതന്നെയാണെന്നും, നിരന്തരമായ അഭ്യാസത്തിലൂടെ അഹങ്കാരം (താൻ പരിമിതനാണെന്ന ബോധം) നശിക്കുമ്പോൾ തൻ്റെ ഈശ്വരത്വത്തെ അവൻ മനസ്സിലാക്കുന്നുവെന്നുമാണു ഭാരതീയ ആദ്ധ്യാത്മികശാസ്ത്രങ്ങൾ പറയുന്നത്. എങ്ങും വ്യാപ്തമായിരിക്കുന്ന ചൈതന്യത്തിനു് ഒരു വിഗ്രഹത്തിലൂടെ പ്രകാശിക്കാമെങ്കിൽ എന്തുകൊണ്ടു മനുഷ്യദേഹത്തിലൂടെ പ്രകാശിച്ചുകൂടാ?

Download Amma App and stay connected to Amma