(സാമ്പത്തിക ക്ലേശങ്ങള്‍ അനുഭവിക്കുന്ന ഭവനരഹിതര്‍ക്ക് മഠം ഏര്‍പ്പെടുത്തിയിട്ടുള്ള ഭവനദാന പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൻ്റെയും അമൃതാ ചാരിറ്റബിള്‍ ഹോസ്പ്പിറ്റലിൻ്റെയും ഉത്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് അമ്മയുടെ തിരു അവതാരദിനത്തില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ശ്രീ ടി.എന്‍.ശേഷന്‍ നടത്തിയ പ്രഭാഷണത്തിൻ്റെ ……………… തുടർച്ച.)
ഇന്നു രാവിലെ കൊച്ചിയില്‍ വെച്ച് പത്രക്കാര്‍ എന്നോടു ചോദിച്ചു, “സാറെന്തിനാണ് വള്ളിക്കാവില്‍ പോകുന്നത്?” എന്ന്. എന്തേ എനിക്കു പോയിക്കൂടേ, എന്തേ എൻ്റെ മനസ്സില്‍ സങ്കടമില്ലേ? നിങ്ങള്‍ക്കു മാത്രമേ ദുഃഖമുള്ളോ? ഞാന്‍ പോകുന്നത് എന്തിനെന്നു വെച്ചാല്‍ നമ്മുടെ എല്ലാവരുടെയും മനസ്സില്‍ ഇരിക്കുന്ന സങ്കടത്തിൻ്റെ നിവൃത്തിക്കു വേണ്ടിയാണ്. എല്ലാവരും ഇവിടെ വാത്സല്ല്യം നുകരാനായി വരുമ്പോള്‍ ഞാനും വരുന്നു. പല കൊല്ലങ്ങളായി എന്നെ ആര്‍ക്കും അറിയില്ലായിരുന്നു. അതു തന്നെയായിരുന്നു നല്ലത്. എന്നാല്‍ കുറച്ചു കാലമായി ഇലക്ഷന്‍ നടത്തിയതോടെ സ്ഥിതി അതല്ല. രാഷ്ട്രീയക്കാരോട് യുദ്ധം ചെയുന്നു. രാഷ്ട്രീയക്കാരോട് യുദ്ധം ചെയ്യാന്‍ ആര്‍ക്കും കഴിയില്ലേ എന്ന് നിങ്ങള്‍ ആലോചിച്ച സമയത്ത്, രാഷ്ട്രീയക്കാരോട് യുദ്ധം ചെയ്യുവാന്‍ എനിക്കു സാധിച്ചു. അമ്മയുടെ ശക്തികൊണ്ട് സാധിച്ചു.
ഇതു പറയുമ്പോള്‍, ഭഗവദ്ഗീത പഠിച്ചിട്ടുള്ളവര്‍ ചിന്തിക്കാം, ”അഹങ്കാര വിമൂഢാത്മാ“ അഹങ്കാരം കൊണ്ട് വിമൂഢനായ മനുഷ്യന്‍ ഞാന്‍ ചെയ്തു- ഇലക്ഷന്‍ കമ്മീഷണറായ ഞാന്‍ ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നത് വിഡ്ഢിത്തമല്ലെ എന്ന്. എന്നാല്‍ സത്യമതല്ല. സത്യം- അമൃതപുരിയില്‍ നിന്നും ഉത്ഭവിച്ച വാത്സല്യത്തിൻ്റെ ഗുണങ്ങള്‍കൊണ്ട് തെറ്റ് തെറ്റെന്നു പറയാനും ശരി, ശരിയെന്നു പറയാനുമുള്ള ശക്തി എനിക്കു ലഭിച്ചു എന്നതാണ്. ഇതു പറയുവാന്‍ ശക്തി മനുഷ്യനു വേണം. ഈ ശക്തി ഉത്ഭവിക്കുന്നതാകട്ടെ, ഈ മാതിരി വാത്സല്യപ്രവാഹത്തില്‍ നിന്നുമാണ്. അതുകൊണ്ടാണ് ആയിരക്കണക്കിനു ജനങ്ങള്‍ ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്നത് – അമ്മയുടെ പിറന്നാളിന്.
ഒരു കാര്യം, അമ്മയുടെ ജന്മനാളു കണക്കാക്കാനേ പാടില്ല – ഒന്നേ ചെയ്യുവാന്‍ പാടുള്ളു. ഭഗവാനേ, അമ്മയ്ക്ക് അമ്പത്, അറുപത്, എഴുപത്, എണ്‍പത്, നൂറ് എന്നിങ്ങനെ ആയിരക്കണക്കിന് പിറന്നാളുകള്‍ വേണം. എണ്ണുവാന്‍ അവിടുത്തേയ്ക്ക് ബുദ്ധിമുട്ടാണെങ്കില്‍, ഞങ്ങള്‍ എണ്ണിത്തരാം. പക്ഷെ ഈ വാത്സല്യത്തിൻ്റെ പ്രവാഹം, നിന്നു പോകരുതേ, ഇതായിരിക്കണം പ്രാര്‍ത്ഥന. കാരണം ഈ ദേശത്തില്‍ ധര്‍മ്മത്തിൻ്റെ സാമ്രാജ്യം തിരിച്ചു വരണം. ശരി, ശരിയെന്നും, തെറ്റു തെറ്റെന്നും പറയുവാനുള്ള ധൈര്യം, ഉന്നതന്മാര്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ള സര്‍വ്വരിലും വന്നു ചേരണം. അമ്മ നമ്മില്‍ നിന്നും മറ്റൊന്നും ആഗ്രഹിക്കുന്നില്ല.
നമുക്ക് എല്ലാവര്‍ക്കും ഒത്തു ചേര്‍ന്ന് അമ്മയോടു പ്രാര്‍ത്ഥിക്കാം. തെറ്റു തെറ്റെന്നും, ശരി, ശരിയെന്നും എടുത്തു പറഞ്ഞ്, ധര്‍മ്മത്തിനു വേണ്ടി സമരം ചെയ്യുവാനുള്ള ധൈര്യം, അമ്മേ, ഞങ്ങള്‍ക്കു തരേണമേ. നിങ്ങള്‍ക്ക് ഇതിനുള്ള ധൈര്യമുണ്ടോ, ഇതിനുള്ള നട്ടെല്ലൊണ്ടോ? എങ്കില്‍ മുമ്പോട്ടേയ്ക്കു പോകുക. ഭാരതം മറുപടി പറയും, കാരണം, ലോകത്തിന് ആകെപ്പാടെയുള്ള ഒരേയൊരു വിളക്കുമരമാണ് ഭാരതം. ലോകത്തിന്റെ പ്രകാശ ഗോപുരമാണ് ഭാരതം.
അല്‍പ്പ ദിവസം കഴിഞ്ഞാല്‍ ഞാനും നിങ്ങളില്‍ പലരേയും പോലെ പ്രവൃത്തിയില്ലാത്തവനാകും. ജോലിയില്‍ നിന്നും വിരമിക്കും. പിന്നെ എവിടെയെങ്കിലും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചില്‍ പോയി പേരു പതിപ്പിക്കേണ്ടി വരും. ആ സമയത്ത് ഒരു പ്രാര്‍ത്ഥനയാണ് ഉളളത്. അമ്മേ, എനിയ്ക്കൊരു വഴി കാണിച്ചു തരണേ… ഗുരുവായുരപ്പനെപ്പറ്റി യേശുദാസ് പാടിയ ഒരു പാട്ട് ഓര്‍മ്മ വരുന്നു. പാലഭിഷേകങ്ങള്‍ ഒക്കെ കഴിഞ്ഞാല്‍ സുവര്‍ണ്ണ പുഷ്പവും, കളഭ ചാര്‍ത്തും, മലര്‍ നിവേദൃവും ഒക്കെ കഴിഞ്ഞാല്‍, അടിയൻ്റെ വിശപ്പിനൊരരിമണി തരണേ ഗുരുവായൂര്‍ പരം പൊരുളേ……… ഇവിടെ അമൃതപുരിയില്‍ വന്നിട്ട് ഗുരുവായൂരപ്പന്‍ എന്നസ്ഥാനത്ത് അമ്മയുടെ പേരു വെച്ചിട്ട് ഞാന്‍ പഠയുകയാണ്, അടിയൻ്റെ വിശപ്പിന് ഒരരിമണി നല്‍കണേ… പരമവാത്സല്യ നിധിയായ അമ്മേ………
ഇതിലധികമായി ഒന്നും പറയുവാന്‍ എനിക്കില്ല. ഈ നേരത്ത് നിങ്ങളെ എല്ലാവരേയും കാണുവാനും, ഈ ശക്തിയില്‍ ഒരു ഭാഗം ഉള്‍കൊള്ളുവാനും നിങ്ങളോടു സംസാരിക്കുവാനും, പാവനമായ ഈ കര്‍മ്മങ്ങള്‍ ചെയ്യുവാനുമുള്ള അര്‍ഹത എനിക്കു തന്ന അമ്മയുടെ വാത്സല്ല്യത്തിനും, ഇവിടെയുള്ള എല്ലാവര്‍ക്കും എൻ്റെ കൃതാര്‍ത്ഥത അറിയിച്ചു കൊള്ളുന്നു. ഇവിടെ നിന്നും തിരിച്ചു പോകുമ്പോള്‍, നിങ്ങള്‍ മനസ്സില്‍ ഇങ്ങനെ വിചാരിക്കണം എന്നൊരു പ്രാര്‍ത്ഥനയുണ്ട്. ലോകത്ത് നൂറ്റമ്പത്, ഇരുനൂറ് ദേശങ്ങളാണുള്ളത്. അതില്‍ വെറും ഒരു ദേശമല്ല ഭാരതം. ലോകത്തിനാകപ്പാടെ വഴികാട്ടുവാനുള്ള ഒരേ ഒരു ദേശം ഭാരതമാണ്.
ഭാരതത്തിനു വഴി കാട്ടുവാനുള്ള ശക്തിയോ, വെള്ളവ്രസ്തം ധരിച്ച് രാവിലെ 8 മണി മുതല്‍ ഒരു ചാഞ്ചാട്ടവുമില്ലാതെ ഇവിടെ ഇരിക്കുന്ന ഈ ശക്തിയാണ്. ഇതിനെ പ്രയോജനപ്പെടുത്തുവാന്‍ കഴിഞ്ഞില്ല, എങ്കില്‍, നമ്മളെ പോലെ വിഡ്ഡികള്‍ ഉലകത്തില്‍ ആരുമില്ല എന്ന്, ചരിത്രം നമ്മളെ കുറിച്ച് മോശമായി വിധി എഴുതും. അതിന് ദയവു ചെയ്ത് വഴി കൊടുക്കരുത്. ധര്‍മ്മത്തിൻ്റെ പുനഃസ്ഥാപനത്തിനു വേണ്ടി നമ്മള്‍ എല്ലാവരും ഒത്തു ചേര്‍ന്ന് പണി ചെയ്‌താല്‍ അഞ്ച്, പത്ത്, പതിനഞ്ച് കൊല്ലത്തിനകത്ത് തീയ ശക്തികളെ ഒഴിവാക്കാനും നല്ല ശക്തികളെ മുന്‍പോട്ടു കൊണ്ടു വരുവാനും നമുക്കു കഴിയും. അതിനുള്ള എല്ലാ ശക്തിയും നമുക്കുണ്ട്. വഴി കാട്ടുവാന്‍, വാത്‌സല്ല്യത്തിൻ്റെ പാതയില്‍ വഴി കാട്ടുവാന്‍ അമ്മയുമുണ്ട്. പിന്നെ നാം എന്തിനു ഭയപ്പെടണം?
ഇത്രയും പറഞ്ഞു കൊണ്ട് നിങ്ങളെ എല്ലാവരെയും കാണുവാനും, ഈ ചടങ്ങില്‍ പങ്കു കൊള്ളുവാനും ഭാഗ്യം കിട്ടിയതില്‍ ആ പരംപൊരുളിനോട് പ്രാര്‍ത്ഥിച്ചുകൊണ്ട്, അമ്മയ്ക്കു പ്രണാമങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് ഞാന്‍ വിരമിച്ചു കൊള്ളുന്നു. നമസ്ക്കാരം.
ടി.എന്‍.ശേഷന്‍