(സാമ്പത്തിക ക്ലേശങ്ങള്‍ അനുഭവിക്കുന്ന ഭവനരഹിതര്‍ക്ക് മഠം ഏര്‍പ്പെടുത്തിയിട്ടുള്ള ഭവനദാന പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൻ്റെയും അമൃതാ ചാരിറ്റബിള്‍ ഹോസ്പ്പിറ്റലിൻ്റെയും ഉത്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് അമ്മയുടെ തിരു അവതാരദിനത്തില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ശ്രീ ടി.എന്‍.ശേഷന്‍ നടത്തിയ പ്രഭാഷണത്തിൻ്റെ ആദ്യഭാഗം.)
പരമ വാത്സല്യത്തിൻ്റെ സ്വരൂപമായ അമ്മേ, ഇവിടെ കൂടിയിരിക്കുന്ന അമ്മയുടെ മക്കളേ, അമ്മയെ കാണുമ്പോള്‍, ദിവസേന രാവിലെ തിരുപ്പതിയില്‍ ചൊല്ലുന്ന ശ്ലോകത്തിൻ്റെ ഒരംശമാണ് ഓര്‍മ്മയില്‍ വരുന്നത്. “വാത്സല്യാദി ഗുണോജ്ജ്വലാം ഭഗവതീം വന്ദേ ജഗന്മാതരം.”
അമ്മയുടെ പിറന്നാളായ ഇന്ന്, സൗജന്യ ആശുപത്രിയുടെയും, ദേശത്തിലെ പാവപ്പെട്ട മക്കള്‍ക്കു വേണ്ടി നിര്‍മ്മിയ്ക്കുവാന്‍ പോകുന്ന 25,000 വീടുകളിലെ ആദ്യത്തെ 5000 വീടുകളുടെ നിര്‍മ്മാണ പദ്ധതിയുടെയും ഉദ്ഘാടനം നടക്കുകയാണ്. നമുക്കെല്ലാവര്‍ക്കും ഇതില്‍ ആഹ്ളാദിയ്ക്കുവാന്‍ അവസരം ഉണ്ട്. ഈ കാര്യങ്ങളെക്കുറിച്ച് വലിയ പ്രഭാഷണങ്ങള്‍ നടത്തേണ്ട ആവശ്യമില്ല. കാരണം, ഇതെല്ലാം ഒരേ ഒരു കാര്യത്തിൻ്റെ വിവിധ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടാവുന്നവ മാത്രമാണ്. എന്താണത്? വാത്സല്യം.
അമ്മയുടെ വാത്സല്യം, അതിരുകളില്ലാത്ത അമ്മയുടെ വാത്സല്യം. അത് നമ്മളിവിടെ നേരില്‍ കണ്ടുകൊണ്ടിരിയ്ക്കുന്നു. രാവിലെ എട്ടു മണിയ്ക്കു തുടങ്ങിയ ദര്‍ശനം വൈകുന്നേരം അഞ്ചു മണികഴിഞ്ഞിട്ടും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ആ വാത്സല്യത്തിൻ്റെ ചില കണികകള്‍ മാത്രമാണ് ഈ സൗജന്യ ആശുപത്രി, സാധുക്കള്‍ക്കുള്ള ഭവനദാനം, മരണത്തെ കാത്തു കഴിയുന്ന ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ഹോസ്‌പിസ് തുടങ്ങിയവ; ഈ മാത്യ വാത്സല്യത്തിൻ്റെ ഉദാഹരണങ്ങളായി ഇനിയും പല കാര്യങ്ങളും പറയുവാന്‍ കഴിയും.
ഇന്നു രാവിലെ അമ്മ അനുഗ്രഹ പ്രഭാഷണം നടത്തുന്ന സമയം, ഇവിടെ വന്നു ചേരുവാനുള്ള ഭാഗ്യം എനിയ്ക്കുണ്ടായില്ല. അതിനവസരം ലഭിച്ച നിങ്ങള്‍ ഭാഗ്യവാന്മാര്‍ തന്നെ. അതിനെ കുറിച്ച് രണ്ടു വാക്ക് പറഞ്ഞതിനു ശേഷം, ഉദ്ഘാടന കാര്യങ്ങളിലേക്കു കടക്കാം. നമ്മുടെ ദേശത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ഓര്‍മ്മയില്‍ വരുന്നത്, വിഷ്ണു പുരാണത്തില്‍ എഴുതിയിരിക്കുന്നതാണ്.
“ഉത്തരം യത് സമുദ്രസ്യ ഹിമാദ്രേശ്ചൈവ ദക്ഷിണം
വര്‍ഷം തത് ഭാരതം നാമ ഭാരതീ യത്ര സന്തതി” ഇതാണ് ഭാരതവര്‍ഷം!
ഇന്നു നിങ്ങള്‍ വിശ്വസിക്കുന്ന മതം ഹിന്ദുമതമായി കൊള്ളട്ടെ, വെള്ളിയാഴ്ച പള്ളിയില്‍ പോകുന്നതില്‍ വിശ്വസിക്കുന്ന ഒരു മതമായി കൊള്ളട്ടെ, ഞായറാഴ്ച പള്ളിയില്‍ പോകുന്നതില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ഒരു മതമായിരിക്കട്ടെ, ഏതുമാകട്ടെ, നിങ്ങള്‍ ഏതു മതത്തില്‍ വിശ്വസിച്ചാലും അതിപുരാതനകാലം മുതല്‍ നമ്മുടെ അടിസ്ഥാനമായ ശാസ്ത്രങ്ങള്‍ പറയുന്നു, ഏകം സത് വിപ്രാ ബഹുധാ വദന്തി. സത്യം ഒന്നേ ഒന്നു മാത്രം. അറിവുളവര്‍ വിവിധ രീതികളില്‍ പറയുന്നു. പക്ഷേ ആരൊക്കെ ഏതു ഭാഷയിലും പറയട്ടെ, തിങ്കളാഴ്ചയോ, വെള്ളിയാഴ്ചയോ, ഞായറാഴ്ചയോ ഭഗവാനോടു പറയട്ടെ, അടിസ്ഥാനമായ സത്യം ഒന്നു മാത്രം; സനാതനധര്‍മ്മം ഈ ഒരു സത്യത്തെ കുറിച്ച് മാത്രമാണ് പറയുന്നത്.
ആ ഒരു ധര്‍മ്മത്തിൻ്റെ അടിത്തറയിലാണ് ഈ ദേശം ആയിരത്താണ്ടുകളായി വളര്‍ന്നു വന്നിരിക്കുന്നത്. പക്ഷേ, അതിനിടയില്‍ എവിടെയോ, ഒരു സ്ഥലത്ത്, ആരുടേയോ കുറ്റം കൊണ്ട്, ധര്‍മ്മാചരണത്തില്‍ അല്‍പ്പം പിശക് വന്നു. അത് എവിടെ ഏര്‍പ്പെട്ടു? എന്തു കൊണ്ട് ഏര്‍പ്പെട്ടു? ആരുടെ ധാര്‍ഷ്ട്യം കൊണ്ട് ഏര്‍പ്പെട്ടു? എന്നും മറ്റും ആലോചന ചെയ്യുന്നതു കൊണ്ട് ആര്‍ക്കും ഒരു പ്രയോജനവും ലഭിക്കുവാന്‍ പോകുന്നില്ല. പകരം ധര്‍മ്മത്തില്‍ നിന്നും വ്യതിചലിക്കാതെ ജീവിക്കുവാനാണ് നാം ശ്രമം ചെയ്യേണ്ടത്.
ഞാന്‍ എല്ലാവരോടും.ഒരു വെല്ലുവിളി നടത്തുകയാണ്. അതെന്താണെന്നല്ലേ, ജാതിയുടെ പേരിലും, മതത്തിൻ്റെ പേരിലും, ഭാഷയുടെ പേരിലും, മനുഷ്യനെ പിരിച്ചു പിരിച്ചു നിര്‍ത്താതെ ധര്‍മ്മത്തിൻ്റെ അടിസ്ഥാനത്തില്‍ ജീവിതം നയിക്കുവാന്‍ നിങ്ങള്‍ തയ്യാറുണ്ടോ? അമ്മയുടെ വാത്സല്യത്തിന് അര്‍ഹരായിരിക്കണമെങ്കില്‍ ഇതാവശ്യമാണ്. ധര്‍മ്മത്തെ
അടിസ്ഥാനമാക്കി ജീവിതം നയിക്കേണ്ടതാവശ്യമാണ്.
ഭഗവദ് ഗീതയില്‍ പറഞ്ഞിരിക്കുന്നു
“യദാ യദാഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മ്മസ്യ തദാത്മാനം സൃജാമ്യഹം
പരിത്രാണായ സാധുനാം വിനാശായ ച ദുഷ്കൃതാം
ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേയുഗേ”
“എവിടെയെങ്കിലും എപ്പോഴെങ്കിലും ധര്‍മ്മത്തിനു വിരോധമായി ഒരു നിലവന്നാല്‍, ആ സമയത്ത് ഞാന്‍ എന്നെത്തന്നെ ആവിര്‍ഭവിപ്പിച്ച്, നിങ്ങളുടെ കൂടെ വരും” എന്നാണ് ഭഗവാന്‍ പറഞ്ഞത്. ഇത് പുസ്തകത്തിൻ്റെ താളുകളില്‍ മാത്രം ഒതുങ്ങുന്ന സത്യമല്ല. ഇതാ ഇവിടെ അമൃതപുൂരിയില്‍ കണ്ണിനു നേരെ നാം ആ സത്യത്തെ കാണുന്നു.
ഞാന്‍ ഹിന്ദുവാണ്, ഞാന്‍ മുസ്ലീമാണ്, ഞാന്‍ കൃസ്ത്യാനിയാണ്, ഞാന്‍ സിക്കാണ്, ഞാന്‍ ജൈനനാണ്. നമ്മള്‍ എന്തുമായിക്കൊള്ളട്ടെ, ഭഗവാൻ്റെ അടുത്ത് ഏതു ഭാഷയില്‍, സംസാരിച്ചാലും നമുക്കെന്താണ് കുഴപ്പം? ആഴ്ചയില്‍ ഏതു ദിവസം വേണമെങ്കിലും നിങ്ങള്‍ നിങ്ങളുടെ ഭഗവാൻ്റെ അടുത്തേയ്ക്ക് പൊയ്ക്കൊള്ളു, ഏതു ഭാഷയില്‍ വേണമെങ്കിലും സംസാരിച്ചു കൊള്ളു, പക്ഷേ നമ്മുടെ ഭഗവാനുണ്ടല്ലോ, അയാള്‍ക്ക് ഭാഷയുമില്ല, മതവുമില്ല– ഉള്ളത് ധര്‍മ്മം ഒന്നു മാത്രം.
ഇന്ന് ഈ ദേശത്തില്‍ ആകപ്പാടെ കാണുന്നതെന്താണ്? രാവിലെ എഴുന്നേറ്റ് ദിനപ്പ്രതം തുറന്നു നോക്കുന്ന നേരത്ത് എന്താണ് കണ്ണില്‍ പതിയുന്നത്? ധര്‍മ്മത്തിൻ്റെ നഷ്ടമല്ലാതെ മറ്റൊന്നും കാണുവാനില്ല. ഇന്ന് ഇന്ത്യ ധര്‍മ്മം ഇല്ലാതാകുന്ന ഒരു ദേശമായി മാറിക്കൊണ്ടിരിക്കുകയാണ്. വ്യാസമുനി പറഞ്ഞ ഒരു സത്യം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? മനുഷ്യനും മൃഗത്തിനും തമ്മില്‍ എന്താണ് വ്യത്യാസം? ആകപ്പാടെയുള്ള ഒരു വൃത്യാസം- ”ധര്‍മ്മേണ ഹീനാഃ പശുഭി സമാനാഃ”
ധര്‍മ്മമില്ലാത്ത മനുഷ്യന്‍ മൃഗത്തിനു തുല്ല്യമാണ്. ഏതു ശരി, ഏതു തെറ്റ് എന്ന് തിരിച്ചറിയുവാനുള്ള കഴിവ് മനുഷ്യനു മാത്രമേയുള്ളു. എന്നാല്‍, ഇതിനു ശക്തിയില്ലാതെ, ധൈര്യമില്ലാതെ, അതിനുള്ള വഴിയറിയാതെ അലഞ്ഞു കൊണ്ടിരിക്കുന്ന നമ്മള്‍ എല്ലാവരും ശരിയായ വഴിയറിയുന്നതിനു വേണ്ടി, ശക്തി നേടുന്നതിനു വേണ്ടി, വാത്സല്ല്യത്തിൻ്റെ പ്രവാഹിനിയായ അമ്മയുടെ മുന്നില്‍ വന്നു ചേര്‍ന്നിരിക്കുന്നു.
ടി.എന്‍.ശേഷന്‍ (തുടരും…….)