മൂല്യങ്ങളും സാങ്കേതികവിദ്യയും എങ്ങിനെ കൈകോർക്കുന്നമെന്നത് നൂറ്റാണ്ടിന്റെ ഏറ്റവും വലിയ വെല്ലുവിളി -ശ്രീ മാതാ അമൃതാനന്ദമയീ ദേവി

27 സെപ്തംബർ 2010, അമൃതപുരി
ആഗോളവത്ക്കരണം ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വിജയിച്ചിട്ടില്ലെന്ന് മാത്രമല്ല, പല മേഖലകളിലും സ്ഥിതി കൂടുതൽ മോശമാക്കിയിരിക്കുകയാണെന്നു ശ്രീ മാതാ അമൃതാനന്ദമയീ ദേവി പറഞ്ഞു. അൻപത്തിയേഴാം ജന്മദിനാഘോഷത്തോടു് അനുബന്ധിച്ചു് അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അമ്മ.
ആഗോളവത്കരണം വഴി രാജ്യങ്ങൾ തമ്മിൽ കൂടുതൽ അടുക്കും. കൂടുതൽ രാജ്യങ്ങൾ ദാരിദ്ര്യത്തിന്റെ പിടിയിൽനിന്ന് മോചിപ്പിക്കപ്പെടും. ജനങ്ങളുടെ ആരോഗ്യവും വിദ്യാഭ്യാസനിലവാരവും ഉയരും. പരിസ്ഥിതിസംരക്ഷണം മെച്ചപ്പെടും എന്നൊക്കെയാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതു്. എന്നാൽ ഈ ലക്ഷ്യങ്ങൾ കൈവരിച്ചില്ല. ബാഹ്യഘടകങ്ങൾ കൂട്ടിയിണക്കി നാം ലോകത്തെയാകെ ഒരു ഗ്രാമമാക്കി ചുരുക്കിക്കൊണ്ടു വന്നു. എന്നാൽ ആന്തരികഘടകങ്ങൾ, നമ്മുടെയെല്ലാം ബുദ്ധിയും ഹൃദയവും, ഒന്നിപ്പിക്കുന്നതിൽ നാം വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല എന്നതാണു പരാജയത്തിനു കാരണം.
ജനങ്ങൾ തിങ്ങിപ്പാർത്തതു കൊണ്ട് മാത്രം ഇത് ലോകമാകില്ല, സമൂഹ മാകില്ല. അതിന് നന്മയും കാരുണ്യവുമുള്ള മനുഷ്യർ കൂടി അതിലുണ്ടാകണം. മനുഷ്യന് മനുഷ്യരെ സ്നേഹിക്കാൻ കഴിയണം. പ്രകൃതിയേയും സ്നേഹിക്കാൻ കഴിയണം.
സ്വന്തം അമ്മയെപ്പോലെ പ്രകൃതിമാതാവിനെയും പരിരക്ഷിക്കാൻ കടപ്പെട്ടവരാണ് നമ്മൾ. ആ യാഥാർത്ഥ്യത്തിലേക്ക് നമ്മൾ കണ്ണു തുറന്നേ പറ്റൂ. നമ്മുടെ പൂർവ്വികർ നമ്മുക്ക് സമ്മാനിച്ച ഈ ലോകം എത്ര മനോഹരമാണ്. അതിനെ താറുമാറാക്കിയാണോ നാം ഭാവി തലമുറയ്ക്ക് കൈമാറാൻ പോകുന്നത്?
നദിയും സമുദ്രവും മലിനപ്പെടുന്നത് നമ്മുടെ രക്തത്തിൽ വിഷം കലർത്തുന്നതിന് തുല്യമാണെന്ന ബോധം നമുക്കുണ്ടാകണം. കേരളത്തിൽതന്നെ നമ്മൾ മലിനമാക്കിയ മണ്ണും വിണ്ണും വെള്ളവും നമ്മുടെ വേദന കൂട്ടുന്നു. നമ്മുടെ ഏറ്റവും വലിയ നദികളായ പേരാറ് മണൽവാരൽ കൊണ്ടും പെരിയാറ് മാലിന്യം കൊണ്ടും മെല്ലെമെല്ലെ മരിക്കുന്നു.
ഇന്ന് എത്ര യുവാക്കളാണ് മദ്യപാനത്തിന്റെയും മയക്കുമരുന്നിന്റെയും ശീലങ്ങൾക്കു അടിമയായിരിക്കുന്നത്. അതു കാരണം ഇന്ന് ‘യുവത്വം’ എന്നു പറയുന്ന കാലഘട്ടം ജീവിതത്തിൽ ഇല്ലാതെയായികൊണ്ടിരിക്കുന്നു. മനുഷ്യൻ ബാല്യത്തിൽനിന്നും നേരെ വാർദ്ധ്യത്തിലേക്കാണ് വളരുന്നത്. ഈശ്വരനാകാൻ സാദ്ധ്യതയുള്ള മനുഷ്യനെ പിശാചാക്കി മാറ്റുന്ന ഈ മദ്യത്തെക്കാൾ വലിയ വിഷം വേറെയില്ല എന്ന സത്യം മക്കൾ ഒരിക്കലും മറക്കാതിരിക്കട്ടെ.
ഇന്ന് സാങ്കേതികവിദ്യ വളർന്നു വികസിച്ചതു കൊണ്ട് നമ്മുടെ ജീവിതനിലവാരം ഉയർന്നുവെന്നു വിചാരിക്കുന്നു. എന്നാൽ ആ വിദ്യയെ ശരിയായ വിധം കൈകാര്യം ചെയ്യാനുള്ള മാനസിക പക്വത കൂടെ നമ്മൾ കൈവരിക്കണം. അല്ലെങ്കിൽ അപകടമായിരിക്കും.
നമ്മൾ വ്യക്തികളെ സ്നേഹിക്കുകയും വസ്തുക്കളെ ഉപയോഗിക്കയുമാണ് വേണ്ടത് എന്നാലിന്ന് നേരെ തിരിച്ചാണ് ചെയുന്നത് വ്യക്തികളെ ഉപയോഗിക്കുന്നു, വസ്തുക്കളെ സ്നേഹിക്കുന്നു. ഇങ്ങിനെയാൽ കുടുംബങ്ങൾ തകരും, സമൂഹത്തിന്റെ താളലയം നഷ്ടപ്പെടും.
ആത്മീയത എന്നുവച്ചാൽ ജീവിതത്തിൽ നാം പുലർത്തുന്ന മൂല്യങ്ങളാണ്. അവയും സാങ്കേതികവിദ്യയും കൈകോർക്കുമ്പോൾ മാത്രമേ മനുഷ്യരാശിക്കു ശരിയായ വളർച്ചയും വികാസവും കൈവരിക്കാൻ കഴിയൂ. ഇതെങ്ങനെ സാദ്ധ്യമാക്കാമെന്നതാണ് ഈ നൂറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നു് അമ്മ പറഞ്ഞു.
ആദ്ധ്യാത്മികത എന്നത് ഒരിക്കലും സയൻസിനു വിരുദ്ധമല്ല. മറിച്ച് അത് ആത്യന്തികമായ സയൻസാണ്. ആദ്ധ്യാത്മികത കൂടാതെയുള്ള സയൻസ് അന്ധമാണ്. സയൻസിനെ കൂടാതെയുള്ള ആദ്ധ്യാത്മകത മുടന്തുള്ളതാണ്. അറിവിനെ ഭാരതത്തിലെ ഋഷിമാർ വേദമെന്നു വിളിച്ചു. ഈ ആത്മതത്ത്വത്തെ അവർ അറിവിന്റെ അവസാനം എന്ന അർത്ഥത്തിൽ വേദാന്തം എന്നു വിളിച്ചു. എന്നാൽ, ഈ അറിവു ലോകത്തെയും, ലോകജീവിതത്തെയും നിഷേധിക്കുന്നതല്ല. മറിച്ച്, ലോകത്തിൽ സുഖദുഃഖങ്ങൾക്ക് നടുവിൽ ഇരിക്കവേതന്നെ എല്ലാത്തിനും അതീതമായ ശാന്തിയും ആനന്ദവും അനുഭവിക്കാനുള്ള മാർഗ്ഗമാണ് അത് ഉപദേശിക്കുന്നത്.
പണവും പേരും പ്രശസ്തിയും നേടാൻ ഏതറ്റം വരെ പോകാനും നമ്മളിന്ന് തയ്യാറാണ്. ആത്മീയത അതിനെല്ലാം എതിരാണെന്നാണ് പലരും വിചാരിക്കുന്നത്. അതുകൊണ്ട് ആത്മീയതയെ ആകെ പിന്തിരിപ്പൻ ചിന്താഗതിയെന്ന് മുദ്രകുത്തുന്നവരും ഉണ്ട്. ആത്മീയത ധനത്തിനോ കീർത്തിയേ്ക്കാ എതിരല്ല, അവ നേടുന്നതിന് തടസ്സവുമല്ല. എന്നാൽ അതിനായി സ്വീകരിക്കുന്ന മാർഗ്ഗം ധാർമ്മികമായിരിക്കണമെന്നു മാത്രമാണ് ആദ്ധ്യാത്മികാചാര്യന്മാർ പറയുന്നത്.
ലോകമെങ്ങുമുള്ള ഭൗതികവും ആത്മീയവുമായ വിജ്ഞാനത്തിന്റെ അരുവികളെ ഒന്നിച്ചുചേർത്ത് ഒരു മഹാനദിയാക്കി മാറ്റാം. മനുഷ്യരാശിക്ക് ജീവജലം പകർന്ന് അത് ഉത്കൃഷ്ട സംസ്കാരത്തിന്റെ പുഷ്പവാടികളെ സൃഷ്ടിക്കട്ടെ എന്നു് അമ്മ അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു.
(2010ലെ അമ്മയുടെ ജൻമദിന സന്ദേശത്തിൽ നിന്ന്)

 Download Amma App and stay connected to Amma
Download Amma App and stay connected to Amma