ഉഷ്ണ മൂലം പരുന്തുകള്‍ വിണ്ണില്‍
‘കൃഷ്ണാ പാഹി’യെന്നുച്ചരിക്കുമ്പോള്‍,
കൃഷ്ണന്‍കുട്ടി മുലകുടിക്കുമ്പോള്‍
കൃഷ്ണപ്പാട്ടമ്മ നോക്കിവായിപ്പൂ,
കൃഷ്ണപ്പാട്ടമ്മ നോക്കിവായിക്കേ
കൃഷ്ണന്‍കുട്ടിയുടെ ചോദ്യമുദിച്ചു.

”ആനകദുന്ദുഭിക്കര്‍ത്ഥമെന്തമ്മേ,
ആനയ്ക്കു കുഞ്ഞിക്കണ്ണായതെന്തമ്മേ,
കുതിരയ്ക്കു കൊമ്പു വരാത്തതെന്തമ്മേ,
മുതിരയ്ക്കു മോരിണങ്ങാത്തതെന്തമ്മേ?”

കൃഷ്ണപ്പാട്ടു മടക്കിവച്ചമ്മ
കൃഷ്ണന്‍കുട്ടിക്കൊരുമ്മ കൊടുക്കേ
കൃഷ്ണന്‍കുട്ടിയില്ലമ്മയുമില്ല
‘കൃഷ്ണാ പാഹി’ യായ്ത്തീര്‍ന്നു സര്‍വ്വസ്വം.

അക്കിത്തം