മക്കള്‍ ഈശ്വരപ്രേമികളാണെങ്കില്‍ അന്യരുടെ കുറ്റവും കുറവും കാണുന്നതും പറയുന്നതും ഉപേക്ഷിക്കാന്‍ തയ്യാറാകണം. എവിടെയും തെറ്റുകാണുന്ന മനസ്സില്‍ ഈശ്വരനു് ഒരിക്കലും വസിക്കുവാന്‍ കഴിയില്ല. ആരിലും തെറ്റു കാണാതിരിക്കാന്‍ ശ്രമിക്കുക. നമ്മളില്‍ തെറ്റുള്ളതുകൊണ്ടാണു നമ്മള് അന്യരില്‍ തെറ്റു കാണുന്നതു്. ഈ കാര്യം മക്കള്‍ മറക്കരുതു്.

ഒരിക്കല്‍ ഒരു രാജാവു തൻ്റെ പ്രജകളോടു് ഓരോ വിഗ്രഹം കൊത്തിക്കൊണ്ടുവരുവാന്‍ പറഞ്ഞു. എല്ലാവരും പറഞ്ഞദിവസം തന്നെ വിഗ്രഹവുമായി എത്തി. ഒരോ വിഗ്രഹത്തിൻ്റെയും ഗുണമനുസരിച്ചു് ഒരോരുരുത്തര്‍ക്കും സമ്മാനം നല്കുവാന് രാജാവു മന്ത്രിയെ ചുമതലപ്പെടുത്തി. മന്ത്രിക്കു് ആ വിഗ്രഹങ്ങളില്‍ ഒന്നിലും ഒരു മേന്മയും കാണാന്‍ കഴിഞ്ഞില്ല. ഏതില്‍ നോക്കിയാലും എന്തെങ്കിലും കുറവു കാണും. മന്ത്രി രാജാവിൻ്റെ അടുത്തെത്തിയിട്ടു പറഞ്ഞു, ”ആരും നല്ല വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചിട്ടില്ല. കൊള്ളാമെന്നു പറയാന്‍ തക്കതായി യാതൊന്നുമില്ല.” മന്ത്രിയുടെ സംസാരം രാജാവിനിഷ്ടമായില്ല,
രാജാവു ഗൗരവത്തില്‍ പറഞ്ഞു, ”അവരുടെ അറിവുവച്ചു് അവര്‍ വിഗ്രഹങ്ങള്‍ കൊത്തി. അതുവച്ചു വേണം നമ്മള് വിലവയ്ക്കുവാന്‍. വലിയ ശില്പികളെപ്പോലെ വിഗ്രഹങ്ങള്‍ കൊത്താന്‍ എല്ലാവര്ക്കും കഴിയില്ല. പൂര്‍ണ്ണം എന്നു പറയുവാന്‍ തക്കതായി ഒന്നും ലോകത്തിലില്ല. എന്തെങ്കിലും ന്യൂനത കാണും. ഒരു ചെറിയ സമ്മാനം നല്കുവാന് വേണ്ടി അല്പം നല്ലതെന്നു പറയുവാന്‍ തക്ക ഒരെണ്ണമെങ്കിലും കാണുവാന്‍ നിനക്കു സാധിച്ചില്ല. അതിനാല്‍ നിനക്കു മന്ത്രിയായിരിക്കാനും യോഗ്യതയില്ല.” രാജാവു മന്ത്രിയെ നീക്കം ചെയ്തു.
തെറ്റുമാത്രം കണ്ടവന് ഉള്ള സ്ഥാനം കൂടി നഷ്ടമായി. മക്കളേ, ഏതു് എടുത്തുനോക്കിയാലും എന്തെങ്കിലും നന്മ ഇല്ലാതെ വരില്ല. പക്ഷേ, അതു കാണുവാനുള്ള കണ്ണുവേണം. മറ്റുള്ളവരില്‍ നന്മമാത്രം കാണുവാന്‍ ശ്രമിക്കുന്ന ഒരുവനു് ഒരു ജപംകൊണ്ടു കോടി ജപം ചെയ്യുന്നതിൻ്റെ പ്രയോജനം കിട്ടും. അവരെക്കുറിച്ചു ചിന്തിക്കുമ്പോള്‍ത്തന്നെ അമ്മയുടെ ഹൃദയം അലിയും. അവര്‍ക്കുവേണ്ടതു് ഈശ്വരന് എത്തിച്ചുകൊടുക്കും.

Download Amma App and stay connected to Amma