അമ്മയെപ്പറ്റി ധാരാളം കേട്ടറിവുണ്ടായിരുന്നുവെങ്കിലും അമ്മയുടെ ദര്‍ശനസൗഭാഗ്യം എനിക്കു ലഭിച്ചതു് 2002 ലായിരുന്നു. പക്ഷേ, ആ ദിനം എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത ഒരു മുഹൂര്‍ത്തമായിരുന്നു. എനിക്കു കൈവന്ന പുനര്‍ജന്മത്തിൻ്റെതായിരുന്നു ആ നിമിഷങ്ങള്‍!

ആദ്യദര്‍ശനം

അതു പറയുന്നതിനു മുന്‍പായി ഞാന്‍ കുറച്ചു ദൂരം പുറകോട്ടു സഞ്ചരിക്കട്ടെ…കൊട്ടിയൂര്‍ ഉത്സവത്തിനു കൊല്ലംതോറും ഞാന്‍ കുടുംബ സമേതം പോവുക പതിവായിരുന്നു. ഒരു ഉത്സവദിവസം, പെരുമാളുടെ ദര്‍ശനം കഴിഞ്ഞു് അവിടുത്തെ പ്രസാദങ്ങള്‍ വാങ്ങി തിരിച്ചു വീട്ടിലേക്കു പോകുന്നതിനിടെ ഞാന്‍ പെട്ടെന്നു ബോധരഹിതനായി കാല്‍ വഴുതി ബാവലി പുഴയില്‍ വീഴാനിടയായി. എൻ്റെ കൂടെ ഭാര്യയും ഭാര്യയുടെ അമ്മാവനും എൻ്റെ അച്ഛൻ്റെ മരുമകനും ഉണ്ടായിരുന്നു. അവര്‍ ഒരുവിധം എന്നെ പിടിച്ചു കരയ്ക്കു കയറ്റി. ശരീരത്തിലും മുഖത്തും ധാരാളം മുറിവുകള്‍ പറ്റിയ എന്നെ അവര്‍ പോലീസിൻ്റെയും മറ്റും സഹായത്തോടെ വാഹനത്തിൻ്റെ അടുത്തെത്തിച്ചു. അപ്പോഴും ബോധം വീണ്ടുകിട്ടിയിട്ടില്ലാത്ത എന്നെ തലശ്ശേരി ഇന്ദിരാഗാന്ധി മെമ്മോറിയല്‍ കോഓപ്പറേറ്റീവു് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രഥമശുശ്രൂഷകള്‍ക്കു ശേഷം എനിക്കു ബോധം തിരിയെ വന്നപ്പോള്‍ ഞാന്‍ എവിടെയാണെന്നും എന്താണു സംഭവിച്ചതെന്നും അന്വേഷിച്ചു മനസ്സിലാക്കി. ഡോക്ടര്‍ വന്നു്, സ്‌കാന്‍ മുതലായ പരിശോധനകള്‍ക്കു് ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും അതിനുവേണ്ടി പോകണമെന്നും പറഞ്ഞു. പക്ഷേ, വൈകുന്നേരം വീട്ടില്‍ എത്തിയില്ലെങ്കില്‍ ബന്ധുക്കളും മറ്റു സുഹൃത്തുക്കളും ഇവിടെ എന്നെ തിരക്കി എത്തുമെന്നതിനാല്‍ ഞാന്‍ ഡോക്ടറോടു പോകാനുള്ള അനുവാദത്തിനായി നിര്‍ബന്ധിച്ചു. അവസാനം വീട്ടില്‍ എത്തിയാല്‍ വൈകാതെതന്നെ തല സ്‌കാന്‍ ചെയ്യണമെന്നു നിര്‍ദ്ദേശിച്ചു്, ഒരുവിധം മനസ്സില്ലാമനസ്സോടെ ഡോക്ടര്‍ ഞങ്ങളെ യാത്രയാക്കി. പിറ്റേ ദിവസം ഞാന്‍ തൃശ്ശൂരില്‍ പോയി എല്ലാ പരിശോധനകളും ചെയ്തു. കാര്യമായ കുഴപ്പം ഒന്നുമില്ല എങ്കിലും സൂക്ഷിക്കണം എന്നു ഡോക്ടര്‍മാര്‍ ഉപദേശിച്ചു.

എനിക്കു മാസത്തില്‍ രണ്ടു ദിവസം തിരുവനന്തപുരത്തു തൈക്കാടു കേരളീയ ആയുര്‍വ്വേദസമാജം ഹോസ്പിറ്റലില്‍ പരിശോധന ഉണ്ടായിരുന്നു. അവിടെയുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ എനിക്കു പറ്റിയ അപകടത്തെപ്പറ്റി അറിഞ്ഞപ്പോള്‍ ശ്രീചിത്തിര തിരുന്നാള്‍ ആശുപത്രിയില്‍ പരിശോധനയ്ക്കായി ബുക്കു ചെയ്തു. അതുപ്രകാരം വ്യാഴാഴ്ച രാവിലെ ഞാനും സഹധര്‍മ്മിണിയുംകൂടി തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. പുറപ്പെട്ട സമയംതന്നെ എൻ്റെ മനസ്സില്‍ അമ്മയുടെ ഓര്‍മ്മകള്‍ തികട്ടിവന്നു.

വള്ളിക്കാവു് എവിടെയാണു്? അമ്മയെ ഒന്നു കാണുവാന്‍ പറ്റുമോ? എന്നൊക്കെ മനസ്സില്‍ തോന്നി. ഞങ്ങള്‍ സഞ്ചരിച്ച വാഹനം ആലപ്പുഴയും ഹരിപ്പാടും പിന്നിട്ടു. ഓച്ചിറ എത്താറായതും ഇവിടെ അടുത്താണു വള്ളിക്കാവു് എന്നു മനസ്സു് മന്ത്രിച്ചു. ഞാന്‍ വണ്ടി നിറുത്തി. അവിടെയിറങ്ങി വള്ളിക്കാവു് എവിടെയാണെന്നു് അന്വേഷിച്ചു. ഏകദേശം മൂന്നുകിലോമീറ്റര്‍ ദൂരം ചെന്നാല്‍ വവ്വക്കാവു് എന്ന സ്ഥലത്തുനിന്നു വലത്തോട്ടു തിരിഞ്ഞു മുന്‍പോട്ടു പോയാല്‍ വള്ളിക്കാവു് എത്തുമെന്നും അവിടെനിന്നും കടത്തുവള്ളം കയറി കടന്നാല്‍ അമൃതപുരി ആശ്രമമായി എന്നും ഒരാള്‍ പറഞ്ഞുതന്നു.

വള്ളിക്കാവിലെത്തി കടത്തു കാത്തുനില്ക്കുമ്പോള്‍ ആളുകള്‍ പറയുന്നതു കേട്ടു അമ്മയെ കാണുവാനുള്ള സമയം കഴിഞ്ഞുപോയി എന്നു്. കടത്തുകാരനും അതുതന്നെ പറഞ്ഞു. എന്തായാലും പോയി നോക്കുക തന്നെ എന്നു മനസ്സില്‍ ആരോ നിര്‍ദ്ദേശിക്കുന്നതുപോലെ തോന്നി. സമയം ഉച്ച കഴിഞ്ഞിരിക്കുന്നു, എന്നെ വിശപ്പു വല്ലാതെ അലട്ടിയിരുന്നു. ഏതായാലും അമൃതപുരിയിലെ ഭക്ഷണശാലയില്‍ ചെന്നു. അവിടെ എല്ലാം കഴിഞ്ഞിരുന്നു. അന്വേഷിച്ചപ്പോള്‍ രണ്ടുപേര്‍ക്കുള്ള തൈരുസാദം മാത്രം ഉണ്ടെന്നു പറഞ്ഞു. ഉടനെ അതു് എടുത്തു തരുവാന്‍ പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും ആ ഭക്ഷണം അവിടെ നിന്നുതന്നെ കഴിച്ചു തത്കാലം വിശപ്പു മാറ്റി.

കാലും മുഖവും കഴുകി അമ്മയെ മനസ്സില്‍ ധ്യാനിച്ചു്, സ്റ്റെപ്പു വഴി ദര്‍ശനഹാളിലേക്കു കയറി. അപ്പോഴും ഏതോ ഒരു ശക്തി ഞങ്ങളെ മുന്നോട്ടു നയിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഒരു ബ്രഹ്മചാരി ഞങ്ങളെ കണ്ടതും ‘വേഗം ചെല്ലൂ, അമ്മ ഇപ്പോള്‍ എഴുന്നേല്ക്കും’ എന്നു പറഞ്ഞു. സന്തോഷത്തോടെ നോക്കിയപ്പോള്‍ അമ്മ പുഞ്ചിരിച്ചുകൊണ്ടു ദൂരെ ഇരിക്കുന്നതു കണ്ടു. ഉടനെ ഓടിപ്പോയി ആ പാദാരവിന്ദങ്ങളില്‍ കരഞ്ഞുകൊണ്ടു നമസ്‌കരിച്ചു. പിടിച്ചെഴുന്നേല്പിച്ചു് അമ്മ ആലിംഗനം ചെയ്തു.

”മക്കള്‍ മുന്‍പേ ഇവിടെ വന്നിട്ടുണ്ടോ” എന്നു ചോദിച്ചു. ”ഇല്ല അമ്മേ, ഇതുവരെ സാധിച്ചില്ല” എന്നു ഞാന്‍ പറഞ്ഞു. എൻ്റെ വിവരങ്ങളെല്ലാം അമ്മയെ ധരിപ്പിച്ചു. മക്കളെ കാത്തിരിക്കുകയായിരുന്നെന്നു പറഞ്ഞുകൊണ്ടു് അമ്മ എൻ്റെ തലയില്‍ ഒന്നു തലോടി. പിന്നെ എന്നെ പുണര്‍ന്നുകൊണ്ടു് ഉമ്മവച്ചു. അമ്മ പറഞ്ഞു, ”മോനു് ഒരു അസുഖവും ഇല്ല. എന്തൊക്കെ വേണമെങ്കിലും പരിശോധിച്ചോളൂ. അമ്മയാണു പറയുന്നതു്, മോനു് ഒരു രോഗവുമില്ലെന്നു്…” അമ്മയില്‍ നിന്നു് ഒരു അനുഗ്രഹപ്രവാഹം എന്നില്‍ പതിക്കുന്നതായി എനിക്കു് അനുഭവപ്പെട്ടു. ശരീരം മുഴുവന്‍ വൈദ്യുതതരംഗം പ്രസരിക്കുന്നതായി തോന്നി. ആ അനുഭവത്തെ എങ്ങനെ എഴുതുമെന്നു് എനിക്കറിയില്ല? അനുഭവിച്ച എനിക്കല്ലേ അറിയൂ…! രോഗംകൊണ്ടു മനസ്സു് വിഷമിക്കുന്ന എൻ്റെ തപ്തഹൃദയം അമ്മ അറിഞ്ഞിരിക്കുന്നു. കൂടാതെ മക്കള്‍ക്കു വിശക്കുന്നതും ആ അമ്മയ്ക്കല്ലാതെ ആര്‍ക്കറിയാന്‍ കഴിയും?

അമ്മയുടെ ദര്‍ശനം ലഭിച്ചു്, കുറച്ചു വിശ്രമിച്ചശേഷം ഞങ്ങള്‍ വള്ളിക്കാവില്‍നിന്നു തിരുവനന്തപുരത്തേക്കു യാത്രയായി. പിറ്റേദിവസം ഇ.ഇ.ജി എടുക്കുവാന്‍ ശ്രീചിത്തിരതിരുന്നാള്‍ ഹോസ്പിറ്റലില്‍ എൻ്റെ ജൂനിയര്‍ ഡോക്ടര്‍മാരുടെ കൂടെ ഞാന്‍ പോയി. ഒരു ഡോക്ടറുടെ സഹോദരി അവിടെ റിസപ്ഷനിസ്റ്റ് ആയിരുന്നു. അതുകൊണ്ടുതന്നെ എല്ലാ സൗകര്യങ്ങളും ഉടന്‍ കിട്ടി. ഡോ: രാധാകൃഷ്ണനായിരുന്നു പ്രധാന ന്യൂറോളജിസ്റ്റ്. പരിശോധന കഴിഞ്ഞതും അമ്മയുടെ വാക്കുകള്‍ പ്രത്യക്ഷാനുഭവമായി. ഒരു തകരാറും ഇല്ല എന്നു ഡോക്ടര്‍ പറഞ്ഞു. പിറ്റേ ദിവസം കാലത്തു് ഒന്നുകൂടി എടുത്തു നോക്കാം എന്നു് അഭിപ്രായപ്പെട്ടതനുസരിച്ചു പിറ്റേദിവസം കാലത്തു വീണ്ടും ഹോസ്പിറ്റലില്‍ പോയി പരിശോധിച്ചു. അപ്പോഴും ഒരു തകരാറും ഉണ്ടായിരുന്നില്ല. ഒരു മരുന്നും ആവശ്യമില്ല എന്നു ഡോക്ടര്‍ പറഞ്ഞു. സന്തോഷത്തോടെ ഞങ്ങള്‍ തിരുവനന്തപുരത്തുനിന്നു വീട്ടിലേക്കു മടങ്ങി.

അമ്മയുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു! എൻ്റെ അസുഖമെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. എല്ലാം അമ്മയുടെ കൃപ! കണ്ണുകള്‍ മുറുകെ അടച്ചു ഞാന്‍ കൈകള്‍ കൂപ്പി മനസ്സാ അമ്മയെ നമസ്‌കരിച്ചു.

പിന്നീടു പല പ്രാവശ്യവും അമ്മയെ കാണാന്‍ അമൃതപുരിയില്‍ പോയിട്ടുണ്ടു്. ഒരു പ്രാവശ്യം ഒരാഴ്ച അവിടെ താമസിച്ചു് അമ്മയുടെ ദര്‍ശനം (ദേവീഭാവം) ദര്‍ശിക്കുകയും ചെയ്തു. അന്നു്, ‘മോനു് ഒരു മന്ത്രം ഉപദേശിച്ചു തരാ’മെന്നു് അമ്മ പറഞ്ഞു. എനിക്കു് അയ്യപ്പൻ്റെ മന്ത്രമാണു് അമ്മ ചെവിയില്‍ ഉപദേശിച്ചതു്. എൻ്റെ നാട്ടില്‍ അയ്യപ്പക്ഷേത്രമുണ്ടെന്നും ഞാന്‍ അയ്യപ്പഭക്തനാണെന്നും അമ്മ എങ്ങനെ അറിഞ്ഞു? ലോകമാതാവായ പരാശക്തിക്കറിയാത്തതായി എന്തുണ്ടു്? ഈ ലോകത്തെ സകല ചരാചരങ്ങളുടെയും അമ്മയായ ശ്രീജഗദംബികയ്ക്കു സാഷ്ടാംഗപ്രണാമം.

ഡോ: ഗംഗാധരന്‍ നായര്‍