കുട്ടിക്കാലം മുതലേ ആദ്ധ്യാത്മികകാര്യങ്ങളില്‍ താത്പര്യമുള്ളവളായിരുന്നു ഞാന്‍. 1993ല്‍ ഞാനൊരു സ്വപ്‌നം കണ്ടു, ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു സ്വപ്‌നം. ഞാന്‍ ഏതോ യൂറോപ്യന്‍ നഗരത്തിലാണു്. ആ നഗരത്തിൻ്റെ മദ്ധ്യത്തിലെ മൈതാനത്തിലേക്കു ഞാന്‍ നടക്കുകയാണു്. അവിടെ അനേകം പേര്‍ ഒരു ഭാരതീയ വനിതയുടെ ചുറ്റും കൂടിയിട്ടുണ്ടു്. ആ സ്ത്രീ ആരാണെന്നു് എനിക്കറിയില്ല. പക്ഷേ, എല്ലാവരും അറിഞ്ഞിരിക്കേണ്ട ആരോ ആണു് അതു് എന്നെനിക്കു മനസ്സിലായി. ഈ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി. ഞാന്‍ ഇതിനുമുന്‍പു കണ്ടിട്ടില്ലാത്ത, എന്നാല്‍ എൻ്റെ ആത്മാവിനു് ഏറ്റവും സ്വന്തമായിട്ടുള്ള ഒരാള്‍.
ഞാന്‍ ഓടി അടുത്തെത്താന്‍ ശ്രമിച്ചുവെങ്കിലും ഞാന്‍ എത്തുന്നതിനു മുന്‍പേ അവര്‍ എഴുന്നേററു. എന്നിട്ടു്, ധൃതിയില്‍ നടക്കാന്‍ തുടങ്ങി. ആള്‍ക്കൂട്ടം സാവധാനം പിരിഞ്ഞു പോയി. പക്ഷേ, ഞാന്‍ അവരെ പിന്‍തുടര്‍ന്നു. നടക്കുന്നതിനിടയില്‍ അവര്‍ ഒന്നു തിരിഞ്ഞുനോക്കിയോ? ഞാന്‍ പുറകേ ചെല്ലുന്നതു കണ്ടു് പുഞ്ചിരിച്ചുവോ? ഏതായാലും അവര്‍ നടത്തം നിര്‍ത്തി എന്നെ കാത്തു നിന്നില്ല. എന്നെ എവിടേയോ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നോ? എന്നാല്‍, അപ്പോള്‍ എനിക്കുണ്ടോ അതു മനസ്സിലാകുന്നു! ഞാന്‍ ഓടി അവരുടെ മുന്നിലെത്തി, തിരിഞ്ഞുനിന്നു വഴി തടഞ്ഞു, എന്നിട്ടു് ഏറെ നാളുകളായി എന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു ചോദ്യം ഞാന്‍ ചോദിച്ചു, ”ഈ ജന്മം എനിക്കു കുട്ടികള്‍ ഉണ്ടാകുമോ?”
അവര്‍ നിന്നു, എൻ്റെ കണ്ണുകളിലേക്കു നോക്കി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു, ”ഡോക്ടറെ കണ്ടു് ഒരു പരിശോധന നടത്തൂ.” ഇതു പറഞ്ഞു് അവര്‍ വീണ്ടും ധൃതിയില്‍ നടന്നു (ഇത്ര നിസ്സാരമാണു നിൻ്റെ ആഗ്രഹമെങ്കില്‍ നിനക്കെൻ്റെ ആവശ്യമില്ലല്ലോ എന്നു് അമ്മ കരുതിക്കാണുമെന്നു് ഇന്നെനിക്കു തോന്നുന്നു). ഇത്തവണ അവരുടെ ഒപ്പമെത്താന്‍ എനിക്കു കഴിഞ്ഞില്ല. വളഞ്ഞുതിരിഞ്ഞ വഴികളില്‍ എവിടെയോ അവര്‍ മറഞ്ഞു. എങ്കിലും എൻ്റെ ഭാഗ്യം; അവരെ വിട്ടുപോകാന്‍ എനിക്കു തോന്നിയില്ല. വീണ്ടും അവരെ ഞാന്‍ തേടിപ്പിടിച്ചു. ഇത്തവണ അവര്‍ ഒരു പള്ളിയിലായിരുന്നു. നീല ഗൗണൊക്കെ ധരിച്ചു്, മദര്‍ മേരിയുടെ രൂപത്തില്‍. ഞാന്‍ അദ്ഭുതപ്പെട്ടു പോയി, മൂക്കുത്തിയിട്ട മദര്‍ മേരി!
കുറെ ദിവസത്തേക്കു് ആ സ്വപ്‌നം എൻ്റെ മനസ്സില്‍നിന്നു മാഞ്ഞില്ല. എൻ്റെ ഭര്‍ത്താവിനും എനിക്കും കുഞ്ഞുങ്ങള്‍ വേണമെന്നു വലിയ ആ ഗ്രഹമായിരുന്നു. എന്നാല്‍, വിവാഹം കഴിഞ്ഞു വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എനിക്കു ഗര്‍ഭം ധരിക്കാന്‍ കഴിഞ്ഞില്ല. ആ സ്വപ്‌നത്തിനു് എന്തെങ്കിലും പ്രാധാന്യമുണ്ടോ എന്നു ഞാന്‍ കുറേ ചിന്തിച്ചു. അവസാനം, കുറച്ചു് ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍, കൂടുതല്‍ ക്ഷമിക്കാന്‍ കഴിയാതെ ഞാനൊരു ഡോക്ടറെ കണ്ടു. എന്തെങ്കിലും കൃത്രിമമാര്‍ഗ്ഗത്തിലൂടെയല്ലാതെ, സാധാരണരീതിയില്‍ ഗര്‍ഭം ധരിക്കാന്‍ എനിക്കു കഴിയുകയില്ലെന്നു് അദ്ദേഹം തീര്‍ത്തു പറഞ്ഞു.
ദിവസങ്ങള്‍ കടന്നുപോയി. ആ സ്വപ്‌നത്തെക്കുറിച്ചു് ഞാന്‍ കൂടുതല്‍ ചിന്തിക്കാതെയായി. ഒരു ദിവസം ഒരു കൈനോട്ടക്കാരന്‍ എൻ്റെ കൈരേഖകള്‍ നോക്കി, എൻ്റെ ജീവിതത്തിലേക്കു് ഒരു പുതിയ വ്യക്തി പ്രവേശിക്കാന്‍ പോവുകയാണെന്നറിയിച്ചു. എൻ്റെ ജീവിതം ആകെ മാറിമറിയാന്‍ പോവുകയാണത്രേ! ഈശ്വരാ, അവസാനം എനിക്കൊരു കുഞ്ഞു ജനിക്കാന്‍ പോവുകയാണോ? ഈ ചിന്ത എൻ്റെ ഹൃദയത്തെ തരളിതമാക്കി. എന്നാല്‍, ആ കാത്തിരിപ്പും വെറുതെയായി. ഏറെ നാളുകള്‍ കഴിഞ്ഞിട്ടും എൻ്റെ പ്രതീക്ഷപോലെയൊന്നും സംഭവിച്ചില്ല.
കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എൻ്റെ ഭര്‍ത്താവും ഞാനും ഒരു യാത്ര പുറപ്പെട്ടു; ഭാരതത്തിലേക്കു്. അവിടെവച്ചാണു് ആദ്യമായി ഞാന്‍ അമ്മയെക്കുറിച്ചു കേള്‍ക്കുന്നതു്. അമ്മയുടെ ഫോട്ടോ കണ്ടപ്പോള്‍ ഞാന്‍ അദ്ഭുതസ്തബ്ധയായി. ഇവരെയാണു ഞാന്‍ കുറച്ചു മാസങ്ങള്‍ക്കു മുന്‍പു സ്വപ്‌നത്തില്‍ കണ്ടതു്. എൻ്റെ ഹൃദയത്തില്‍ തെളിഞ്ഞു നില്ക്കുന്ന, ഒരിക്കല്‍ മാത്രം ഞാന്‍ സ്വപ്‌നത്തില്‍ കണ്ടിട്ടുമുള്ള ആ രൂപം തന്നെ. ഭാരതത്തില്‍, കേരളത്തില്‍ അമ്മയ്ക്കു് ഒരാശ്രമമുണ്ടു് എന്നു ഞാനറിഞ്ഞു. അമ്മയെ ഒന്നു കാണാന്‍ ഞാന്‍ വെമ്പുകയായിരുന്നു. എന്നാല്‍, അവധി കഴിഞ്ഞു ഞങ്ങള്‍ക്കു തിരിച്ചുപോകേണ്ട സമയമായിരുന്നു. ടിക്കറ്റും ബുക്കു ചെയ്തു കഴിഞ്ഞിരുന്നു. എന്നിട്ടും അമ്മയെ കാണാതെ തിരിച്ചുപോകാന്‍ ഞാന്‍ തയ്യാറായില്ല. പതിവില്ലാത്ത എൻ്റെ വിഷമവും വാശിയും കണ്ടു് എൻ്റെ ഭര്‍ത്താവു് ആകെ വിഷമിച്ചുപോയി. അപ്പോഴാണു് അമ്മ എല്ലാ വര്‍ഷവും സ്വിറ്റ്‌സര്‍ലണ്ടില്‍ വരാറുണ്ടെന്നു ഞങ്ങള്‍ അറിഞ്ഞതു്. അമ്മ ഞങ്ങളെ കാണാന്‍ അങ്ങോട്ടു വരുമെന്നോ? ഞാന്‍ സന്തോഷംകൊണ്ടു കരയാന്‍ തുടങ്ങി.
തിരിച്ചു പോകുന്ന സമയം മുഴുവന്‍ ഞാന്‍ അമ്മയുടെ ജീവിതചരിത്രം വായിക്കുകയായിരുന്നു. സ്ത്രീരൂപത്തിലുള്ള ഈ ഈശ്വരാവതാരത്തോടു് എനിക്കു വളരെ അടുപ്പം തോന്നി. ഈ അമ്മയെയായിരുന്നു ഞാന്‍ ജീവിതകാലമത്രയും തിരഞ്ഞിരുന്നതു്. അമ്മ വരുന്നതുവരെ ഞാന്‍ അക്ഷമയോടെ കാത്തിരുന്നു.
1994 ആഗസ്റ്റ് 13നു് അമ്മ ഷ്‌വൈബെനാല്‍പ് എന്ന പട്ടണത്തില്‍ എത്തുമെന്നറിഞ്ഞു ഞങ്ങള്‍ അങ്ങോട്ടു പോയി. ആല്‍പ്‌സ് പര്‍വ്വതനിരകളുടെ താഴ്‌വാരത്തിലായിരുന്നു അമ്മയുടെ ആശ്രമം. മനോഹരമായ ആ സായാഹ്നത്തില്‍ അസ്തമയ സൂര്യനെ പശ്ചാത്തലമാക്കിക്കൊണ്ടു അമ്മയെ എതിരേല്ക്കാന്‍ ഞങ്ങള്‍ വരിവരിയായി നിന്നു. എല്ലാവരും ‘അമ്മാ അമ്മാ തായേ’ എന്ന ഭജന പാടുന്നുണ്ടായിരുന്നു. ഭജന എനിക്കു് അറിയില്ലായിരുന്നവെങ്കിലും ഞാന്‍ സന്തോഷത്തോടെ കൈകൊട്ടി താളമിട്ടു.
അല്പസമയത്തിനകം അമ്മയുടെ കാര്‍ എത്തി. അമ്മ ഉത്സാഹത്തോടെ കാറില്‍ നിന്നിറങ്ങി. ശിരസ്സിനു മുകളില്‍ കൈകൂപ്പി എല്ലാവരെയും തൊഴുതു. എന്നിട്ടു ഞാന്‍ സ്വപ്‌നത്തില്‍ കണ്ടതുപോലെ ധൃതിയില്‍ ഞങ്ങളുടെ അടുത്തേക്കു വന്നു. എന്തൊരു മാസ്മരശക്തിയാണു് ആ കണ്ണുകള്‍ക്കു്. ഒരായിരം സൂര്യന്‍ ഉദിച്ചതുപോലെ. സ്നേഹംകൊണ്ടും ആനന്ദംകൊണ്ടും ജ്വലിക്കുന്ന കണ്ണുകള്‍. കൈകൊട്ടാനും കൈകൂപ്പാനും മറന്നു ഞാന്‍ അമ്മയെത്തന്നെ നോക്കി നിന്നു.
അമ്മ അടുത്തെത്തുമ്പോള്‍ ഓരോരുത്തരും കൈനീട്ടി അമ്മയുടെ കൈ തൊടുന്നുണ്ടായിരുന്നു. എൻ്റെ അടുത്തെത്തിയപ്പോള്‍ ഞാനും കൈ നീട്ടി. അമ്മ എൻ്റെ കൈയില്‍ മൃദുവായി സ്പര്‍ശിച്ചു. അമ്മയുടെ തൂവെള്ള സാരി കാറ്റത്തു് ഇളകുന്നുണ്ടായിരുന്നു. അമ്മയ്ക്കു് എന്തൊരു സുഗന്ധം! ഞാനെൻ്റെ കൈ മണപ്പിച്ചു നോക്കി. എൻ്റെ കൈകള്‍ക്കും ഇപ്പോഴെന്തു സുഗന്ധം!
”ഈ അമ്മ ആരായിരിക്കും” ഞാന്‍ അദ്ഭുതപ്പെട്ടു. അടുത്ത ദിവസമായിരുന്നു അമ്മയുടെ ആദ്യത്തെ ദര്‍ശനപരിപാടി. എല്ലാം കണ്ടു മനസ്സിലാക്കാനായി ഞാന്‍ ആ ടെൻറ്റില്‍ ഇരുന്നു. എല്ലാവരുടെ മുഖത്തും ഒരു ഉത്സവം നടക്കുന്നതുപോലെയുള്ള ആഹ്ളാദം. അമ്മ അടുത്തു ചെല്ലുന്നവരെയൊക്കെ വാത്സല്യത്തോടെ ആലിംഗനം ചെയ്യുന്നു. എല്ലായിടത്തും ചന്ദനത്തിരിയുടെ സുഗന്ധം. അമ്മയുടെ സന്ന്യാസിശിഷ്യര്‍ മധുരമായി ഭജന ആലപിക്കുന്നുണ്ടായിരുന്നു.
ഞാനും ഭര്‍ത്താവും ദര്‍ശനത്തിനുള്ള ക്യൂവില്‍ നിന്നു. അമ്മ ഓരോരുത്തര്‍ക്കും ദര്‍ശനം കൊടുക്കുന്നതു ഞാന്‍ നോക്കിക്കൊണ്ടിരുന്നു. അമ്മയുടെ അടുത്തെത്തിയപ്പോള്‍ എല്ലാം മറന്നു ഞാന്‍ അമ്മയുടെ മടിയില്‍ വീണു പൊട്ടിക്കരഞ്ഞു. എത്ര കാലമായി ഞാനിവിടെയെത്താന്‍ പിടച്ചുകൊണ്ടിരിക്കുകയായിരുന്നു. എൻ്റെ അമ്മേ! അവസാനം ഞാന്‍ എത്തിയല്ലോ.
എൻ്റെ ചോദ്യങ്ങള്‍ ഞാനൊരു കടലാസില്‍ എഴുതിയിരുന്നു. അമ്മയുടെ അടുത്തെത്തിയപ്പോള്‍ ഞാനതു വിവര്‍ത്തനം ചെയ്യുന്നയാള്‍ക്കു കൊടുത്തു. ഏതു് ആത്മീയസാധനയാണു ഞാന്‍ സ്വീകരിക്കേണ്ടതു് എന്നാണു ഞാന്‍ അമ്മയോടു ചോദിച്ചിരുന്നതു്. എൻ്റെ ചോദ്യം വായിച്ചു കേട്ടപ്പോള്‍ അമ്മ എന്നെ നോക്കി പുഞ്ചിരിച്ചു.
ദര്‍ശനം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവു മുറിയിലേക്കു പോയി. അമ്മയോടു ചോദ്യങ്ങള്‍ ചോദിക്കാം എന്നറിഞ്ഞപ്പോള്‍ ഞാന്‍ സന്തോഷംകൊണ്ടു തുള്ളിച്ചാടി. ഈശ്വരനോടു ചോദ്യം ചോദിക്കാം എന്നുവച്ചാല്‍ എന്തൊരു ഭാഗ്യം! നമ്മുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരം കിട്ടുമല്ലോ. ചോദ്യം ചോദിക്കുന്നവര്‍ക്കുള്ള വരിയില്‍ ഞാനും നിന്നു.
”ജഗദീശ്വരിയോടു കേണു പ്രാര്‍ത്ഥിക്കൂ. അമ്മയെ ആശ്രയിക്കൂ. അവിടുന്നു വഴി കാട്ടിത്തരും” അമ്മ പറഞ്ഞു. എനിക്കെൻ്റെ കാതുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്തു വലിയ അനുഗ്രഹമാണു് അമ്മ തരുന്നതു്! അമ്മ എന്നെ ആദ്യമായി കാണുകയാണു്. എന്നിട്ടും ഒരു ഉപാധിയുമില്ലാതെ എനിക്കു പൂര്‍ണ്ണശരണമാണു് അമ്മ വാഗ്ദാനം ചെയ്യുന്നതു്. അതേസമയം അമ്മ പറഞ്ഞതിൻ്റെ ഗൗരവവും എനിക്കു മനസ്സിലായി. എനിക്കു് ഇതു വലിയ ചുമതലയാണു്. ഇനി ഒരു തിരിച്ചുപോക്കില്ല. ആനന്ദംകൊണ്ടു് എൻ്റെ ഹൃദയം നിറഞ്ഞു. എൻ്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അതേ സമയം ഞാന്‍ ചിരിക്കുകയുമായിരുന്നു. ചിരി നിര്‍ത്താന്‍ കഴിയുന്നില്ല. കുറച്ചുസമയം കൂടി ഞാന്‍ ആ ഹാളിലിരുന്നു. പിന്നെ ഈ സന്തോഷം ഭര്‍ത്താവിനോടു പങ്കുവയ്ക്കാനായി ഞാന്‍ അദ്ദേഹത്തിൻ്റെ അടുത്തേക്കു പോയി.
എനിക്കു് അമ്മയോടു തോന്നുന്നതുപോലെയുള്ള ഒരടുപ്പം എൻ്റെ ഭര്‍ത്താവിനു് അമ്മയോടു തോന്നിയിരുന്നില്ല. എന്നാല്‍ ആ സമയം, ഞാന്‍ മുറിയിലേക്കു ചെല്ലുമ്പോള്‍, അദ്ദേഹം അമ്മയുടെ ജീവിതചരിത്രം വായിച്ചുകൊണ്ടിരിക്കുകയായിരു ന്നു. അമ്മയോടുള്ള അദ്ദേഹത്തിൻ്റെ സമീപനത്തിലും മാറ്റം വന്നു കൊണ്ടിരിക്കുന്നതായി ഞാന്‍ ശ്രദ്ധിച്ചു. അടുത്ത ദിവസം അമ്മയില്‍നിന്നു മന്ത്രം വാങ്ങിക്കാന്‍ പോവുകയാണെന്നു ഞാന്‍ പറഞ്ഞപ്പോള്‍, അദ്ദേഹവും മന്ത്രം വാങ്ങിക്കാന്‍ തയ്യാറായി. ദര്‍ശനസമയത്തു് അമ്മ ഞങ്ങളുടെ കൈകള്‍ ചേര്‍ത്തുപിടിച്ചു് ഉമ്മവച്ചു. ഞാന്‍ മനസ്സില്‍ അമ്മയോടു നന്ദി പറഞ്ഞുകൊണ്ടേയിരുന്നു. അമ്മ ഞങ്ങളെ രണ്ടുപേരെയും ഒരുമിച്ചു തന്നിലേക്കടുപ്പിച്ചുവല്ലോ.
ദര്‍ശനത്തിനു ശേഷം മന്ത്രം ലഭിക്കുന്നതുവരെ ഞങ്ങള്‍ അമ്മയുടെ അടുത്തുതന്നെ ഇരുന്നു. കുറേസമയം കഴിഞ്ഞപ്പോള്‍ അമ്മ എന്നെ നോക്കി. ഇതാണു സമയം എന്നു് അമ്മയ്ക്കു തോന്നിക്കാണണം. ഒരുപിടി പൂക്കള്‍ എടുത്തു് എൻ്റെ ശിരസ്സിലിട്ടു, എന്നിട്ടു്, കെട്ടിപ്പിടിച്ചു് എൻ്റെ ചെവിയില്‍ മന്ത്രം ഓതിത്തന്നു. ഞാന്‍ എന്നെത്തന്നെ മറന്നുപോയിരുന്നു. അതുകൊണ്ടു് അമ്മ പറഞ്ഞതു ശരിക്കു കേട്ടില്ല. പിന്നീടു് അമ്മയുടെ ഒരു ശിഷ്യന്‍ പറഞ്ഞു തന്നപ്പോഴാണു മന്ത്രമെനിക്കു വ്യക്തമായി മനസ്സിലായതു്. മന്ത്രം കിട്ടിയതിനുശേഷവും ഞാന്‍ അമ്മയുടെ അടുത്തുതന്നെയിരുന്നു. അമ്മയോടുള്ള പ്രേമംകൊണ്ടു എനിക്കു മത്തു പിടിച്ചിരുന്നു.
ഒരു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം അടുത്ത വേനല്‍ക്കാലത്തു വീണ്ടും ഞങ്ങള്‍ അമ്മയെ കാണാനെത്തി. എന്നെ കണ്ടയുടന്‍ അമ്മ ചോദിച്ചു, ”നിൻ്റെ മക്കളെവിടെ?” എനിക്കൊന്നും മനസ്സിലായില്ല. അമ്മ എന്താണു ചോദിക്കുന്നതു്? എന്താണമ്മ ഉദ്ദേശിച്ചതു്? എനിക്കു വീണ്ടും പ്രതീക്ഷയായി. അമ്മയുടെ വാക്കുകള്‍ വെറുതെയാവില്ലല്ലോ. അടുത്തയാഴ്ച ഞാന്‍ മറ്റൊരു ഡോക്ടറെ കാണാന്‍ പോയി. എന്നാല്‍ കൃത്രിമ ബീജസങ്കലനംകൊണ്ടല്ലാതെ സ്വാഭാവികമായി എനിക്കൊരു അമ്മയാകാന്‍ കഴിയില്ലെന്നു് അദ്ദേഹവും ഉറപ്പിച്ചു പറഞ്ഞു.
വീണ്ടും ഒരു വര്‍ഷം നീണ്ട കാത്തിരിപ്പു്… അമ്മയെ കാണാനും അമ്മയുടെ ഉപദേശം അറിയാനും. അടുത്ത വര്‍ഷം വീണ്ടും ഞങ്ങള്‍ അമ്മയുടെ മുന്നിലെത്തി. ഞങ്ങള്‍ക്കു പ്രായം ഏറിവരികയാണു്. സ്വാഭാവികമായിട്ടല്ലാതെ ഏതെങ്കിലും കൃത്രിമ മാര്‍ഗ്ഗത്തിലൂടെ കുഞ്ഞുങ്ങള്‍ ഉണ്ടാകണമെന്നു ഞങ്ങള്‍ക്കു് ആഗ്രഹമില്ലായിരുന്നു. ഏതായാലും അമ്മ പറയുന്നതു് അനുസരിക്കാമെന്നു ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ അമ്മയും ഞങ്ങളെ അനുകൂലിക്കുകയാണു ചെയ്തതു്. ‘സ്വാഭാവികമായിട്ടുണ്ടാവുകയാണെങ്കില്‍ മതി, കുഞ്ഞുങ്ങള്‍’ എന്നു് അമ്മയും പറഞ്ഞു. അങ്ങനെ അമ്മയാകാനുള്ള മോഹം, ദുഃഖത്തോടെയാണെങ്കിലും ഞാന്‍ ഉപേക്ഷിച്ചു.
വീണ്ടും ഒരു വര്‍ഷം കാത്തിരിക്കാനുള്ള ക്ഷമയില്ലാത്തതുകൊണ്ടു് അമ്മയെ കാണാന്‍ ഞങ്ങള്‍ ഭാരതത്തിലേക്കു പോയി. ഒരു കുഞ്ഞുണ്ടാകണമെന്നുള്ള മോഹം ഉപേക്ഷിച്ചു എന്നു ഞാന്‍ പറഞ്ഞല്ലോ. അതു മുഴുവനും ശരിയല്ല. ആയിടയ്ക്കു് അമ്മയെ ഓര്‍ക്കുമ്പോഴൊക്കെ ഒരു കുഞ്ഞിൻ്റെ രൂപത്തിലാണു ഞാന്‍ സ്മരിക്കാറു്. അമ്മ ഒരു കുഞ്ഞിൻ്റെ രൂ പത്തില്‍ എപ്പോഴും എൻ്റെ കൂടെ ഉണ്ടു് എന്നു ഞാന്‍ സങ്കല്പിക്കാറുണ്ടു്. വിടര്‍ന്ന കണ്ണുകളും ചുരുണ്ട മുടിയും കുസൃതിച്ചിരിയുമുള്ള ഒരു കൊച്ചു ദേവീരൂപം. എനിക്കു കളിപ്പിക്കാന്‍, മടിയിലിരുത്തി ഊട്ടാന്‍, ഒളിച്ചു കളിക്കാന്‍, ഊഞ്ഞാലാട്ടാന്‍… എല്ലാത്തിനുമുള്ള എൻ്റെതുമാത്രമായ ഒരു കുഞ്ഞായിട്ടാണു് അമ്മയെ ഞാന്‍ സങ്കല്പിക്കാറു്.
ദര്‍ശന സമയത്തു് എന്നെ കണ്ടപ്പോള്‍ അമ്മ കണ്ണുകള്‍ വിടര്‍ത്തി ചിരിച്ചു. ‘നിന്നെ കണ്ടതു് എനിക്കെത്ര സന്തോഷമായെന്നോ’ എന്ന മട്ടില്‍ എന്നെ കുറെനേരം ചേര്‍ത്തു പിടിച്ചു. ഞാനാണെങ്കില്‍ അമ്മയുടെ അടുത്തെത്തിയപ്പോള്‍ മുതല്‍ തേങ്ങിക്കരയുകയായിരുന്നു. അമ്മ സാരിത്തലപ്പുകൊണ്ടു് എൻ്റെ കണ്ണീര്‍ തുടച്ചു. അപ്പോള്‍ ഞാനമ്മയോടു പതുക്കെ ചോദിച്ചു, ”അമ്മേ, എന്നാണു് എൻ്റെ മകളായി വരാന്‍ പോകുന്നതു്?” അമ്മയോടു് ഇങ്ങനെ ചോദിക്കണമെന്നു ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല, അറിയാതെ ചോദിച്ചു പോയതാണു്. എനിക്കാകെ വിഷമമായി, ഞാന്‍ ചോദിച്ചതു ശരിയായോ? സങ്കോചത്തോടെ ഞാന്‍ അമ്മയുടെ മുഖത്തേക്കു നോക്കി. അമ്മയുടെ മുഖത്തു് ഒരു നീരസവുമില്ല. എന്നു തന്നെയുമല്ല, വല്ലാത്ത ഒരു സന്തോഷഭാവം. അമ്മ ഉത്തരമൊന്നും പറഞ്ഞില്ല. എങ്കിലും, നീ വേണ്ടതുതന്നെ ചോദിച്ചുവല്ലോ എന്ന മട്ടില്‍ ആഹ്ളാദത്തോടെ ചിരിച്ചു, വീണ്ടുംവീണ്ടും എന്നെ കെട്ടിപ്പിടിച്ചു.
ആറു മാസം കഴിഞ്ഞപ്പോള്‍ ഞാനൊരു അമ്മയാകാന്‍ പോകുന്നുവെന്നു് അദ്ഭുതത്തോടെ ഞാന്‍ മനസ്സിലാക്കി. ഡോക്ടറെയൊന്നും കാണാതെ, ഒരു ചികിത്സയും ചെയ്യാതെ വളരെ സ്വാഭാവികമായാണതു സംഭവിച്ചതു്. 1998 ഏപ്രില്‍ മാസത്തില്‍ അമ്മ ഞങ്ങളുടെ വീട്ടിലേക്കു വന്നു, എൻ്റെ മകള്‍ ശാരദയുടെ രൂപത്തില്‍. ഇപ്പോള്‍ അമ്മ പ്രത്യക്ഷമായിത്തന്നെ എൻ്റെ കൂടെ എപ്പോഴുമുണ്ടു്. മാത്രമല്ല, ഇപ്പോള്‍ ഞാന്‍ രണ്ടാമതും ഗര്‍ഭം ധരിച്ചിരിക്കയാണു്.
ഞാന്‍ ആലോചിക്കുകയായിരുന്നു, അമ്മയോടു് ഒരു കുഞ്ഞു വേണമെന്നുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ അതു് നിറവേറ്റിത്തന്നില്ല. എന്നാല്‍, എനിക്കമ്മയെ വേണമെന്നു പ്രാര്‍ത്ഥിച്ചപ്പോള്‍ അതു നിഷേധിക്കാന്‍ അമ്മയ്ക്കു കഴിഞ്ഞില്ല. ഇതൊന്നും ഞാന്‍ അറിഞ്ഞുകൊണ്ടു ചെയ്തതല്ല. അമ്മ ഞങ്ങളുടെ ജീവിതത്തെ ആകെ മാറ്റിമറിച്ചു. അമ്മ ഇപ്പോള്‍ ഞങ്ങളുടെ കുടുംബത്തിൻ്റെതന്നെ ഒരു ഭാഗമായി. ജീവിതത്തിൻ്റെ അര്‍ത്ഥം അറിയാനും മനശ്ശാന്തി നേടാനും ഞങ്ങള്‍ക്കു കഴിഞ്ഞതു് അമ്മയുടെ അടുത്തു വന്നതിനു ശേഷമാണു്. നിസ്സാരമായിട്ടുള്ളതൊന്നും ആവശ്യപ്പെടാതെ, വേണ്ടതു മാത്രം, പരമമായിട്ടുള്ളതു മാത്രം, അമ്മയോടു ചോദിക്കാനുള്ള വിവേകം എ നിക്കുണ്ടാകണേ എന്നാണു് ഇപ്പോഴെൻ്റെ പ്രാര്‍ത്ഥന.
കരിന്‍ നിര്‍മ്മല ഐസര്‍