ചോദ്യം : അമ്മേ, ചിന്തകളിലൂടെ ശക്തി നഷ്ടപ്പെടുമോ? അമ്മ: ആത്മീയമായി ചിന്തിച്ചാല്‍ ശക്തി നേടാം. ഒരു ഉറച്ച മനസ്സിനെ നമുക്കു വാര്‍ത്തെടുക്കാം. ഈശ്വരന്‍ ത്യാഗം, സ്നേഹം, കരുണ, തുടങ്ങിയ നല്ല ഗുണങ്ങളുടെ പ്രതീകമാണു്. അവിടുത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ നമ്മിലും ആ സദ്ഗുണങ്ങള്‍ വളരുന്നു. മനസ്സു് വിശാലമാകുന്നു. എന്നാല്‍ ലൗകികകാര്യങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ മനസ്സു് ലൗകികത്തില്‍ വ്യവഹരിക്കുന്നു. അനേകവിഷയങ്ങളിലേക്കു മനസ്സു് മാറിമാറിപ്പോകുന്നു. അതിനനുസരിച്ചു് ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ചീത്ത ഗുണങ്ങള്‍ നമ്മില്‍ വളരുന്നു. മനസ്സു് ഇടുങ്ങിയതാകുന്നു. ആഗ്രഹിച്ച വസ്തു കിട്ടാതെ വരുമ്പോള്‍ തളരുന്നു. […]