ലോകത്ത് ഇന്ന് കൊച്ചു കൊച്ചു ഗ്രാമങ്ങളില്‍വരെ മൊബൈല്‍ഫോണും ഇന്റര്‍നെറ്റുമൊക്കെ എത്തിച്ചേര്‍ന്നിട്ടുണ്ട്. യന്ത്രങ്ങള്‍ യന്ത്രങ്ങളോട് ആശയവിനിമയം ചെയ്യുന്നത് എത്രയോ വര്‍ദ്ധിച്ചെങ്കിലും ഹൃദയം ഹൃദയത്തോട് സംവദിക്കുന്നത് കുറഞ്ഞു കുറഞ്ഞു വരികയാണ്. ഇന്ന് പലരും വസ്തുക്കളെ സ്നേഹിക്കുകയും മനുഷ്യരെ ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ നേരെ തിരിച്ചാണ് വേണ്ടത്. നമ്മള്‍ മനുഷ്യരെ സ്നേഹിക്കുകയും വസ്തുക്കളെ ഉപയോഗിക്കുകയുമാണ് ചെയ്യേണ്ടത്. കൊച്ചു പ്രായത്തില്‍ ‘ഇതെന്റെ അമ്മയാണ്, ഇതെന്റെ അച്ഛനാണ്’ എന്നിങ്ങനെ പറഞ്ഞ് സഹോദരീ സഹോദരന്മാര്‍ പരസ്പരം മത്സരിക്കും. എന്നാല്‍ വളര്‍ന്നു വലുതാകുമ്പോള്‍ അവരുടെ ഭാവം നേരെമറിച്ചാകും. […]