ചോദ്യം : പണ്ടത്തെ യജ്ഞങ്ങളും മറ്റും ഇക്കാലത്തു പ്രയോഗിക്കുവാന്‍ പറ്റുന്നവയാണോ? അമ്മ : ഏതൊരു ദേശത്തും ഏതൊരു കാലത്തും ഏതൊരു ജനതയ്ക്കും പരസ്പരം സ്നേഹമായും ഐക്യമായും പ്രകൃതിനിയമങ്ങളനുസരിച്ചു ജീവിക്കുവാന്‍ പഠി പ്പിക്കുന്ന തത്ത്വമാണു യജ്ഞത്തിന്റെതു്. നാം പ്രകൃതിയില്‍നിന്നെടുക്കുന്നതിന്റെ ഒരംശം മടക്കിനല്കാന്‍ ബാദ്ധ്യസ്ഥരാണെന്ന ആശയത്തില്‍നിന്നാണു പഞ്ചയജ്ഞങ്ങള്‍ ഉടലെടുത്തതു്. ഋഷിയജ്ഞം (ആദ്ധ്യാ ത്മിക ശാസ്ത്രപഠനം) ദേവയജ്ഞം (പൂജ, ഹോമം ഇത്യാദി ആരാധനാകര്‍മ്മങ്ങള്‍) നൃയജ്ഞം (അതിഥി സത്കാരം) പിതൃയജ്ഞം (മാതാപിതാക്കളുടെ സംരക്ഷണം) ഭൂതയജ്ഞം (പക്ഷിമൃഗാദികളുടെ പരിപാലനം) ഇവയാണു ഗൃഹസ്ഥാശ്രമികള്‍ അനുഷ്ഠിച്ചിരിക്കേണ്ട പഞ്ചയജ്ഞങ്ങള്‍. […]