ചോദ്യം: യുദ്ധത്തില്‍ പല സമയത്തും ഭഗവാന്‍ സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിച്ചില്ലേ? അമ്മ: വാസ്തവത്തില്‍ നമ്മുടെ കൊച്ചു ബുദ്ധികൊണ്ടു് അവിടുത്തെ ചെയ്തികള്‍ അറിയുവാനോ, അതു് ഉള്‍ക്കൊള്ളുവാനോ കഴിയില്ല എന്നതാണു സത്യം. അവിടുത്തെ ഓരോ ചലനവും ധര്‍മ്മത്തില്‍ ഉറച്ചുനിന്നുകൊണ്ടുള്ളതായിരുന്നു. മഹാത്മാക്കളുടെ പ്രവൃത്തികളെ നമ്മുടെ സാധാരണതലംവച്ചു മനസ്സിലാക്കുക സാദ്ധ്യമല്ല. വളരെ സൂക്ഷ്മമായി ചിന്തിച്ചാല്‍ മാത്രമേ, ഹൃദയശുദ്ധി ഉണ്ടെങ്കില്‍മാത്രമേ, മഹാത്മാക്കളുടെ ചെയ്തികളുടെ തരിമ്പെങ്കിലും പിടികിട്ടുകയുള്ളൂ. അഹംബോധം പൂര്‍ണ്ണമായും നഷ്ടമായവരാണു മഹാത്മാക്കള്‍. അവര്‍ പറവകളെപ്പോലെയാണു്. ആകാശത്തുകൂടി പറക്കുന്ന പറവയ്ക്കു റോഡിലെ നിയമങ്ങള്‍ ബാധകമല്ല. […]