ചോദ്യം : അമ്മേ, തീര്‍ത്ഥങ്ങള്‍ക്കു് എന്താണു് ഇത്ര പാവനതയും പരിശുദ്ധിയും വരാന്‍ കാരണം? അമ്മ: മോനേ, എല്ലാ നദികളും പര്‍വ്വതങ്ങളില്‍നിന്നാണു വരുന്നതു്. അവയില്‍ക്കൂടി ഒഴുകുന്ന ജലത്തിനും വ്യത്യാസമില്ല. എന്നാല്‍ ഗംഗയും നര്‍മ്മദയും പോലുള്ള നദികളില്‍ ധാരാളം മഹാത്മാക്കള്‍ കുളിക്കുന്നു. അവയുടെ തീരത്തു നിരവധി തപസ്വികള്‍ ധ്യാനം ചെയ്യുന്നു. അതുതന്നെയാണു് ആ തീര്‍ത്ഥങ്ങളുടെ പരിശുദ്ധിക്കു കാരണം. മഹാത്മാക്കള്‍ കുളിക്കുമ്പോള്‍ ഏതു നദിയും തീര്‍ത്ഥമായിത്തീരുന്നു. അവരുടെ ശുദ്ധമായ പ്രാണന്‍ വെള്ളത്തില്‍ സംക്രമിക്കുന്നു. അവരോടൊത്തു കുളിക്കുക എന്നാല്‍ ബ്രഹ്മാനുഭൂതിയുടെ ഒരംശം നുകരുന്നതുപേലെയാണു്. […]