ചോദ്യം : പണ്ടത്തെപ്പോലെ ഗുരുകുലങ്ങളില്‍ അയച്ചു കുട്ടികളെ പഠിപ്പിക്കാന്‍ ഇന്നു് എല്ലാവര്‍ക്കും കഴിയുമോ?

അമ്മ: മുന്‍കാലങ്ങളില്‍, ആദ്ധ്യാത്മികസംസ്‌കാരത്തിനായിരുന്നു മുന്‍തൂക്കമെങ്കില്‍ ഇന്നു് ആ സ്ഥാനം ഭൗതികസംസ്‌കാരം കൈയടക്കിയിരിക്കുകയാണു്. ഇനി ഒരു തിരിച്ചുപോക്കു സാദ്ധ്യമല്ലാത്തവണ്ണം ഇവിടെ ഭോഗസംസ്‌കാരം വേരുറച്ചു കഴിഞ്ഞു. നമ്മുടെ പൂര്‍വ്വസംസ്‌കാരത്തിന്റെ ഇരട്ടി ശക്തി, അതു നേടിക്കഴിഞ്ഞു. ഭൗതിക സംസ്‌കാരത്തെ പിഴുതെറിഞ്ഞിട്ടു്, പഴയ ജീവിതരീതി കൊണ്ടുവരാം എന്നു് ഇനി ചിന്തിക്കുന്നതുകൊണ്ടു് അര്‍ത്ഥമില്ല. ആ ശ്രമം നിരാശയേ്ക്ക കാരണമാകൂ. ഇന്നത്തെ മാറിയ സാഹചര്യത്തില്‍ ശരിയായ സംസ്‌കാരം നശിക്കാതെ എങ്ങനെ മുന്നോട്ടു പോകുവാന്‍ കഴിയും എന്നാണു നമ്മള്‍ ആലോചിക്കേണ്ടതു്.

ഭാര്യയും ഭര്‍ത്താവും ജോലിക്കു പോകാതെ കുടുംബം നയിച്ചു കൊണ്ടുപോവുക പ്രയാസമായി വന്നിരിക്കുന്നു. ചെലവുകള്‍ അത്ര വര്‍ദ്ധിച്ചു. ഇന്നു് അച്ഛനമ്മമാരെ ഏറ്റവും അധികം വിഷമിപ്പിക്കുന്നതു കുട്ടികളുടെ വിദ്യാഭ്യാസമാണു്. കുട്ടിക്കു നല്ല വിദ്യാഭ്യാസം ലഭിക്കണമെങ്കില്‍, സ്വകാര്യസ്‌കൂളുകളെ ആശ്രയിക്കാതെ പറ്റില്ലെന്നായി. അവിടെയാകട്ടെ, പ്രവേശനം ലഭിക്കുന്നതിനും മറ്റാവശ്യങ്ങള്‍ക്കും പണം വളരെയധികം വേണം. സ്വകാര്യസ്‌കൂളുകള്‍ പേരും പെരുമയും നിലനിര്‍ത്തുന്നതിനു വേണ്ടി, ചിട്ടയോടെ കുട്ടികളെ പഠിപ്പിക്കും. പക്ഷേ, അറിവോ സ്വഭാവശുദ്ധിയോ അല്ല, പരീക്ഷയ്ക്കു കിട്ടുന്ന മാര്‍ക്കു മാത്രമാണു് അവിടെ വിദ്യാര്‍ത്ഥിയുടെ വിജയത്തിന്റെ മാനദണ്ഡം.

ഇന്നത്തെ വിദ്യാഭ്യാസത്തില്‍ കുട്ടികള്‍ എത്രമാത്രം ടെന്‍ഷനാണു് അനുഭവിക്കുന്നതു്. പുതിയതായി വാങ്ങിയ ബസ്സും മറ്റും ക്രമത്തിലധികം സ്പീഡില്‍ ഓടിക്കാന്‍ പാടില്ലെന്നു പറയും. കാരണം അതിന്റെ എന്‍ജിന്‍ വേഗം കേടാകും. അതുപോലെ, കുഞ്ഞുമനസ്സിനു്, കൂടുതല്‍ ടെന്‍ഷന്‍ നല്കുന്നതിലൂടെ, അവരുടെ ആരോഗ്യവും മനസ്സും മുരടിക്കും. ഒരു കുഞ്ഞിനു വഹിക്കാവുന്നതിലും അധികം ഭാരമാണു്, ഇന്നു്, ചെറുപ്രായത്തില്‍തന്നെ അവന്റെ തലയില്‍, പഠനത്തിന്റെ പേരില്‍ നമ്മള്‍ കയറ്റിവയ്ക്കുന്നതു്. കൂട്ടുകാരോടൊപ്പം കളിച്ചുചിരിച്ചു നടക്കേണ്ട പ്രായത്തില്‍, കിളിയെ കൂട്ടിലടയ്ക്കുന്നതുപോലെ, നമ്മള്‍ പിഞ്ചുകുഞ്ഞുങ്ങളെ ക്ലാസ്സുമുറികളില്‍ ബന്ധിക്കുകയാണു ചെയ്യുന്നതു്. അതുപോലെ, എല്‍.കെ.ജി. മുതല്‍ കുട്ടിക്കു് ഒന്നാം റാങ്കു കിട്ടിയില്ല എങ്കില്‍ ഇന്നു മാതാപിതാക്കള്‍ക്കാണു വേവലാതി. അതിന്റെ ദുരിതം പേറുന്നതു കുട്ടികളും. പഠിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണെന്നു ചോദിച്ചാല്‍ എന്‍ജിനീയറും ഡോക്ടറും ആകണം എന്നു എല്ലാവരും പറയും. ഒന്നാം ക്ലാസ്സു മുതല്‍ മാതാപിതാക്കള്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതു ഇതിനുവേണ്ടിയാണു്. എന്നാല്‍ ജീവിതത്തിന്റെ ലക്ഷ്യം എന്തെന്നു പഠിക്കുവാനോ അതനുസരിച്ചു ജീവിക്കുവാനോ അച്ഛനമ്മമാര്‍ കുട്ടികളെ ഉപദേശിച്ചു കാണാറില്ല.

വിദ്യാഭ്യാസം എന്തിനു വേണ്ടിയാണെന്നു മക്കള്‍ ആലോചിക്കണം. ഈ ആധുനികവിദ്യാഭ്യാസത്തിലൂടെ ബിരുദം നേടി, ഉയര്‍ന്ന ജോലികള്‍ കരസ്ഥമാക്കി പണം നേടാം എന്നതു ശരിതന്നെ. പക്ഷേ, അതുകൊണ്ടു മാത്രം മനസ്സമാധാനം നേടാന്‍ കഴിയുന്നുണ്ടോ? ഇന്നത്തെ വിദ്യാഭ്യാസത്തില്‍ മനുഷ്യന്‍ തന്റെ ലക്ഷ്യമായി കാണുന്നതു പണവും അധികാരവും മാത്രമാണു്. എന്നാല്‍, ജീവിതത്തില്‍, ശാന്തിയുടെയും സമാധാനത്തിന്റെയും അസ്തിവാരം മനസ്സിന്റെ സംസ്‌കാരമാണെന്ന കാര്യം മക്കള്‍ മറക്കരുതു്. ആദ്ധ്യാത്മികവിദ്യയിലൂടെ മാത്രമേ ഉത്തമസംസ്‌കാരം നേടുവാന്‍ കഴിയൂ. അതിനാല്‍, കുട്ടികള്‍ക്കു് ആധുനികവിദ്യാഭ്യാസം നല്കുന്നതോടൊപ്പം, സംസ്‌കാരം കൂടി നല്കുവാന്‍ നമ്മള്‍ മുതിര്‍ന്നില്ല എങ്കില്‍, രാമനു പകരം രാവണനെയായിരിക്കും നമ്മള്‍ വളര്‍ത്തിക്കൊണ്ടു വരുന്നത്. പുല്ലു വളര്‍ന്നു നില്ക്കുന്നിടത്തുകൂടെ പത്തു പ്രാവശ്യം നടന്നാല്‍, അവിടെ വഴി തെളിഞ്ഞു കിട്ടും. എന്നാല്‍ പാറപ്പുറത്തു കൂടി എത്ര നടന്നാലും പാത തെളിയില്ല. അതുപോലെ ഇളംമനസ്സില്‍, നാം പകരുന്ന സംസ്‌കാരം പെട്ടെന്നു് ഉറച്ചുകിട്ടും. വലുതാകുമ്പോള്‍, അതവനു മാര്‍ഗ്ഗദര്‍ശിയായിത്തീരും. ചെളി, ചുടുന്നതിനു മുന്‍പു് അതില്‍ ഏതു രൂപവും മെനെഞ്ഞെടുക്കാം. ചുട്ടു കഴിഞ്ഞാല്‍, പിന്നീടു രൂപം മാറ്റുവാന്‍ കഴിയില്ല. അതുപോലെ, ഭൗതികതയുടെ ചൂടേറ്റു മനസ്സുറയ്ക്കുന്നതിനു മുന്‍പുതന്നെ കുട്ടികള്‍ക്കു നല്ല സംസ്‌കാരം പകരണം. ഇന്നതിനുള്ള സാഹചര്യം ചുരുങ്ങി വരുന്നതുകൊണ്ടാണു് അമ്മ ഇതെടുത്തു പറയുന്നതു്.