കുറഞ്ഞ കാലത്തിനുള്ളില്‍ മക്കളുടെയൊക്കെ പ്രയത്‌നത്തിൻ്റെ ഫലമായി നമ്മുടെ ആശ്രമത്തിനു് ഇത്രയൊക്കെ സേവനം ചെയ്യുവാനുള്ള ഭാഗ്യം കിട്ടി. അപ്പോള്‍ മക്കള്‍ ഉത്സാഹിച്ചാല്‍ ഇനിയും എത്രയോ അധികം സേവനങ്ങള്‍ ലോകത്തിനു ചെയ്യുവാന്‍ സാധിക്കും! 25,000 വീടുകള്‍ സാധുക്കള്‍ക്കു നിര്‍മ്മിച്ചു കൊടുക്കുവാന്‍ തീരുമാനിച്ചു എന്നറിഞ്ഞപ്പോള്‍തന്നെ, ലക്ഷത്തില്‍ കൂടുതല്‍ അപേക്ഷകളാണു് ഇവിടെയെത്തിയതു്. മിക്ക അപേക്ഷകരും വീടിനു് അര്‍ഹതപ്പെട്ടവര്‍. മക്കള്‍ വിചാരിച്ചാല്‍ കിടപ്പാടമില്ലാത്ത ഓരോരുത്തര്‍ക്കും വീടുവച്ചുകൊടുക്കുവാന്‍ കഴിയും. സംശയം വേണ്ട. മക്കള്‍ ജീവിതത്തില്‍ അധികപ്പറ്റു ചെലവു ചെയ്യുന്ന പണം മതി ഇതു സാധിക്കുവാന്‍.

‘ഇന്നു മുതല്‍ സിഗററ്റു വലിക്കുന്നതു ഞാന്‍ ഉപേക്ഷിക്കും. മദ്യം കഴിക്കുന്നതു നിര്‍ത്തും. വര്‍ഷംതോറും പത്തു ജോടി വസ്ത്രം വാങ്ങിയിരുന്നതില്‍ ഇനി മുതല്‍ ഒന്നു കുറയ്ക്കും.’ ഈ രീതയില്‍ മക്കള്‍ ഒന്നു തീരുമാനിക്കുക. ആ പണം സാധുക്കള്‍ക്കു വീടുവയ്ക്കുവാന്‍വേണ്ടി വിനിയോഗിക്കുക. മക്കളുടെ സേവനം കൊണ്ട് പത്തു വര്‍ഷത്തിനുള്ളില്‍ നമ്മുടെ രാജ്യത്തു ചെറ്റക്കുടിലെന്നും കാണില്ല.

ഇവിടെ വരുന്ന ചില അമ്മമാര്‍ പറയാറുണ്ടു്, ”അമ്മേ, ഇന്നലെ പെയ്ത മഴയില്‍ കൂര മുഴുവന്‍ ചോര്‍ന്നൊലിച്ചു. കുഞ്ഞിനെ മഴ കൊള്ളിക്കാതെ ഇരിക്കാന്‍ വേണ്ടി, പായ് എടുത്തു കുഞ്ഞിൻ്റെ തലയ്ക്കു മുകളില്‍ പിടിച്ചുകൊണ്ടു നിലേ്ക്കണ്ടി വന്നു.” മക്കള്‍ ഒന്നു് ആലോചിച്ചു നോക്കുക, പെരുമഴയത്തു കുഞ്ഞിനെ മഴ കൊള്ളിക്കാതെ ഉറക്കാന്‍ വേണ്ടി തള്ള പായും പിടിച്ചുകൊണ്ടു നിന്നു് ഉറങ്ങാതെ നേരം വെളുപ്പിക്കുന്നു. അതേസമയം, കള്ളും കഞ്ചാവും കുടിക്കാന്‍ വേണ്ടി ആളുകള്‍ എത്രയോ ആയിരം രൂപ ചെലവാക്കുന്നു.

എന്തുകൊണ്ടാണു് ഇത്രയും വീടുവച്ചു കൊടുക്കാന്‍ അമ്മ തീരുമാനിച്ചതു്? കഷ്ടപ്പെടുന്ന മക്കളെ ഓര്‍ത്തപ്പോള്‍, മറ്റൊന്നും ചിന്തിച്ചില്ല. ഈ കുറഞ്ഞകാലംകൊണ്ടു് ഇത്രയൊക്കെ ആയെങ്കില്‍ ഇതും സാധിക്കും. ഒരുവര്‍ഷം 5000 വീടുവയ്ക്കാന്‍ പറ്റും. ലക്ഷം അപേക്ഷകള്‍ വന്ന സ്ഥിതിക്കു്, മക്കളൊക്കെ വിചാരിച്ചാല്‍ അതില്‍ കൂടുതലും കൊടുക്കാന്‍ കഴിയും. അത്ര മക്കളില്ലേ അമ്മയ്ക്കു്. രണ്ടു വര്‍ഷം മക്കള്‍ സിഗററ്റുവലി ഉപേക്ഷിച്ചാല്‍ മതി, ഒരു വീടു വച്ചുകൊടുക്കാം. ഒരു കുടുംബത്തിനു മഴകൊള്ളാതെ കിടന്നുറങ്ങാന്‍ രണ്ടുമുറി മതിയാകും. അനാവശ്യമായി പൈസ ചെലവു ചെയ്യുമ്പോള്‍ മക്കള്‍ ഇക്കാര്യം ഓര്‍ക്കുക.

കള്ളും കഞ്ചാവും മറ്റും ഉപയോഗിക്കുന്ന മക്കള്‍ കാണും. മക്കളേ, വാസ്തവത്തില്‍, മക്കള്‍ ഉപയോഗിക്കുന്നതു കള്ളും കഞ്ചാവുമല്ല, കണ്ണീരും രക്തവുമാണു്. മക്കളുടെ കുടുംബത്തിലെ അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും സഹോദരങ്ങളുടെയും കണ്ണുനീരും രക്തവുമാണു്. ഈ ദുശ്ശീലങ്ങള്‍ വെടിയാന്‍വേണ്ട ശക്തി ലഭിക്കുന്നതിനായി മക്കള്‍ അവിടുത്തോടു പ്രാര്‍ത്ഥിക്കുക.

മക്കളേ, അസൂയയും വിദ്വേഷവും ഇല്ലാത്ത മക്കളുടെ മനസ്സാണു് അമ്മയുടെ ഭക്ഷണം. മക്കളില്‍ ആ ഒരു മനസ്സു് കാണുന്നതാണു് അമ്മയുടെ ആനന്ദം. അതിനാല്‍ സന്തോഷത്തിനായി, അസൂയയും കുശുമ്പും ഇല്ലാത്ത ഒരു മനസ്സു് ലഭിക്കുന്നതിനായി, നല്ല കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ വേണ്ട ശക്തി ലഭിക്കുന്നതിനായി അവിടുത്തോടു പ്രാര്‍ത്ഥിക്കുക. ദുശ്ശീലങ്ങള്‍ വെടിയാന്‍ ശക്തി നല്കണേ എന്നു പറഞ്ഞുകൊണ്ടു മക്കള്‍ പ്രാര്‍ത്ഥിക്കുക.

തേനീച്ച പുഷ്പത്തിലെ, തേന്‍ മാത്രം നുകരുന്നതുപോലെ, എന്തിലും നന്മ മാത്രം കാണാന്‍ ഒരു മനസ്സു് തരണേ എന്നു മക്കള്‍ പ്രാര്‍ത്ഥിക്കുക. സമര്‍പ്പണത്തെക്കുറിച്ചു് അമ്മ എപ്പോഴും പറയാറുള്ളതാണു്. എന്തു ചെയ്യുമ്പോഴും അവിടുത്തേക്കു സമര്‍പ്പിച്ചു കൊണ്ടു ചെയ്യുവാന്‍ മക്കള്‍ ശ്രമിക്കണം. എന്തും അവിടുത്തെ ഇച്ഛയായി കാണുവാനുള്ള ഒരു മനസ്സു് തരണേ എന്നു വേണം പ്രാര്‍ത്ഥിക്കുവാന്‍. ഈ ശരണാഗതിയായിരിക്കണം നമ്മുടെ ജീവിതത്തിൻ്റെ ലക്ഷ്യം.