പ്രേമസ്വരൂപികളായ എല്ലാവര്‍ക്കും നമസ്‌കാരം. ലോകത്തിനു മുഴുവന്‍ നന്മ വരുത്തുന്ന, മനുഷ്യനെ ഈശ്വരൻ ആക്കുന്ന ഈ സമ്മേളനം സംഘടിപ്പിച്ച സംഘടാകരെക്കുറിച്ചു് ഓര്‍ക്കുമ്പോള്‍ അമ്മയുടെ ഹൃദയം നിറയുന്നു. അവരോടു് അമ്മയ്ക്കു തോന്നുന്ന കൃതജ്ഞതയും സന്തോഷവും വാക്കുകൊണ്ടു പ്രകടിപ്പിക്കാവുന്നതല്ല.

ഭൗതികതയില്‍ മുങ്ങിയിരിക്കുന്ന ഇന്നത്തെ ലോകത്തില്‍ മനുഷ്യൻ്റെ നിലനില്പിന്നും വളര്‍ച്ചയ്ക്കും ആധാരമായ മതത്തിൻ്റെ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുവാന്‍ വേണ്ടിയള്ള ഒരു വലിയ സമ്മേളനമാണു്  ഇവിടെ വിജയകരമായി ഒരുക്കിയിരിക്കുന്നതു്. ത്യാഗപൂര്‍ണ്ണമായ പ്രയത്‌നത്തിലൂടെ ലോകത്തിനു മുഴുവന്‍ പ്രയോജനകരമായ നിസ്സ്വാര്‍ത്ഥസേവനത്തിൻ്റെ മാതൃകയാണു് ഇതിൻ്റെ സംഘാടകര്‍ കാട്ടിയിരിക്കുന്നതു്. ആ ത്യാഗത്തെക്കുറിച്ചു പറയാന്‍ അമ്മയ്ക്കു വാക്കുകളില്ല. ആ വിശാലതയുടെ മുന്നില്‍ അമ്മ നമിക്കുക മാത്രം ചെയ്യുന്നു.

പ്രസംഗം ചെയ്യുക എന്നതു് അമ്മയുടെ ശൈലിയല്ല. എങ്കിലും അമ്മയുടെ ജീവിതത്തിൻ്റെ അനുഭവത്തില്‍നിന്നു് ഉള്‍ക്കൊണ്ട ചില കാര്യങ്ങള്‍ പറയാം. നാമോരോരുത്തരും ഈശ്വരസ്വരൂപമാണു് എന്ന അറിവിലും അനുഭവത്തിലും എത്തിക്കുന്ന വിശ്വാസമാണു മതം. മനുഷ്യനെ ഈശ്വരസാക്ഷാത്കാരത്തിലേക്കു നയിക്കുക, മനുഷ്യനെ ഈശ്വരൻ ആക്കുക  ഇതാണു മതത്തിൻ്റെ, സനാതനധര്‍മ്മത്തിൻ്റെ ലക്ഷ്യം.

ഇപ്പോള്‍ നമ്മുടെ മനസ്സാകുന്ന തടാകം ചിന്തകളാകുന്ന അലകളാല്‍ ഇളകിമറിഞ്ഞു കൊണ്ടിരിക്കുന്നു. അലകള്‍ അടക്കി നിശ്ചലമായ അടിത്തട്ടു കണ്ടെത്തുന്ന തത്ത്വമാണു മതത്തിൻ്റെ കാതല്‍. സനാതനധര്‍മ്മത്തിൻ്റെ കേന്ദ്രബിന്ദുവായ അദ്വൈതദര്‍ശനത്തിൻ്റെ വിഷയവും അതുതന്നെ. ‘അഹം ബ്രഹ്‌മാസ്മി’ എന്ന ഋഷിവചനം ആ അദ്വൈതാനുഭൂതിയുടെ, അഥവാ, ആത്മസാക്ഷാത്കാരത്തിൻ്റെ, വാക്യമാണു്.

‘ഞാന്‍ ഹിന്ദു’, ‘ഞാന്‍ ക്രിസ്ത്യാനി’, ‘ഞാന്‍ മുസ്ലീം’, ‘ഞാന്‍ എഞ്ചിനീയര്‍’, ‘ഞാന്‍ ഡോക്ടര്‍’ എന്നിങ്ങനെയാണു് ഓരോരുത്തരും പറയുന്നതു്. എല്ലാവരിലും ഒരുപോലെയുള്ള സര്‍വ്വവ്യാപിയായ ഈ ‘ഞാനി’നു നാമവും രൂപവും ഇല്ല. ആ പരമതത്ത്വത്തെത്തന്നെയാണു് ആത്മാവ്, ബ്രഹ്‌മം, ഈശ്വരന്‍ എന്നെല്ലാം വിളിക്കുന്നതു്. ഈശ്വരനില്ലെന്നു പറയുന്നതു നാവു കൊണ്ടു നാവു് ഇല്ലെന്നു പറയുന്നതുപോലെയാണു്. താനില്ലെന്നു താന്‍തന്നെ പറയുന്നതിനു സമമാണതു്.

ഈശ്വരന്‍ നമ്മളിലോരോരുത്തരിലും കുടികൊള്ളുന്നു. സകലജീവജാലങ്ങളിലും സര്‍വ്വചരാചരങ്ങളിലും അവിടുത്തെ ചൈതന്യമാണു തുടിക്കുന്നതു്. അവിടുന്നു് ആകാശംപോലെയാണു്. ആകാശം എല്ലായിടത്തുമുണ്ടു്. ഈ പ്രപഞ്ചം മുഴുവന്‍ സ്ഥിതി ചെയ്യുന്നതു് ആകാശത്തിലാണു്. നാം ഒരു വീടു പണിയുന്നതിനു മുന്‍പു് ആകാശം അവിടെയുണ്ടു്. വീടുപണി കഴിഞ്ഞതിനുശേഷവും  ആകാശം അവിടെയുണ്ട്. മുന്‍പുണ്ടായിരുന്ന അതേ ആകാശത്തില്‍ത്തന്നെയാണു വീടു സ്ഥിതി ചെയ്യുന്നതു്. വീടു പൊളിച്ചു മാറ്റിയാലും ആകാശം അവിടെത്തന്നെയുണ്ടു്. ഇതുപോലെ എന്നെന്നും ഭൂതകാലത്തിലും വര്‍ത്തമാനകാലത്തിലും ഭാവികാലത്തിലും മാറ്റമില്ലാതെ വര്‍ത്തിക്കുന്ന പരമതത്ത്വമാണു് ഈശ്വരന്‍.