നമ്മളെല്ലാവരും മനനം ചെയ്യേണ്ട ചില ആശയങ്ങൾ അമ്മ നിങ്ങളുടെ മുൻപാകെ വയ്ക്കട്ടെ.
കഴിഞ്ഞകാല യുദ്ധങ്ങളുടെയും സംഘട്ടനങ്ങളുടെയും വേദനാജനകമായ ഓർമ്മകളിൽ നാം കുടുങ്ങി കിടക്കരുതു്. വിദ്വേഷത്തിൻ്റെയും മത്സരത്തിൻ്റെയും ഇരുണ്ട കാലങ്ങൾ മറന്നു്, വിശ്വാസത്തിൻ്റെയും, സ്‌നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും പുതിയ ഒരു കാലഘട്ടത്തിനു നമുക്കു സ്വാഗതമരുളാം. അതിനുവേണ്ടി ഒത്തൊരുമിച്ചു പ്രയത്‌നിക്കാം.
ഒരു പ്രയത്‌നവും ഒരിക്കലും വെറുതെയാകില്ല. മരുഭൂമിയിൽ ഒരു പുഷ്പം വിടർന്നാൽ അത്രയും ആയില്ലേ? ആ ഒരു മനോഭാവത്തോടെ വേണം നാം പ്രയത്‌നിക്കുവാൻ. നമ്മുടെ കഴിവുകൾ പരിമിതമായിരിക്കാം. എങ്കിലും പ്രയത്‌നമാകുന്ന പങ്കായം കൊണ്ടു ജീവിതത്തോണി നാം തുഴഞ്ഞാൽ ഈശ്വരകൃപയാകുന്ന കാറ്റു നമ്മുടെ സഹായത്തിനെത്തും.
ആത്മധൈര്യം കൈവിടരുതു്. ദുർബ്ബലമനസ്സുകളാണു ജീവിതത്തിൻ്റെ ഇരുണ്ടവശം മാത്രം കണ്ടു പതറിപ്പോകുന്നതു്. ശുഭാപ്തി വിശ്വാസികൾ ഏതു് അന്ധകാരത്തിലും ഈശ്വരകൃപയുടെ വെട്ടം കാണും. ആ വിശ്വാസത്തിൻ്റെ വിളക്കു നമ്മുടെ ഉള്ളിൽ തന്നെയുണ്ടു്. ആ വിളക്കു കൊളുത്തൂ. നമ്മുടെ ഓരോ കാൽവയ്പിലും അതു പ്രകാശം ചൊരിയും. ഇത് എപ്പോഴും മനനം ചെയ്യുക.
മനുഷ്യ സമൂഹമാകുന്ന പക്ഷിയുടെ രണ്ടു ചിറകുകളാണു സയൻസും ആദ്ധ്യാത്മികതയും, രണ്ടും സമന്വയിക്കണം. സമൂഹജീവിതം പുരോഗമിക്കുവാൻ രണ്ടും ആവശ്യമാണു്. ആദ്ധ്യാത്മിക മൂല്യങ്ങൾ കൈ വെടിയാതെ മുന്നോട്ടു പോയാൽ സയൻസ് ലോക ശാന്തിക്കും സമാധാനത്തിനുമുള്ള ഉപകരണം ആയിത്തീരും.