എല്ലാവര്‍ക്കും ഒരേ ഉപദേശം നല്കുവാനാവില്ല. ഒരേ കാര്യം തന്നെ പറഞ്ഞാല്‍ ഓരോരുത്തരും വ്യത്യസ്ഥ രീതിയില്‍ ആയിരിക്കും ഉള്‍ക്കൊള്ളുക. അതിനാലാണു് ആദ്ധ്യാത്മിക ഉപദേശങ്ങള്‍ ആളറിഞ്ഞു നല്‌കേണ്ടതാണെന്നു പറയുന്നതു്.

ഇന്നു് ഇവിടെ കൂടിയിട്ടുള്ള മക്കളില്‍ തൊണ്ണൂറു ശതമാനം പേരും ആദ്ധ്യാത്മികത ശരിക്കു മനസ്സിലാക്കിയിട്ടുള്ളവരല്ല. ഓരോരുത്തര്‍ക്കും അവരുടെ ചിന്താശക്തിക്കും സംസ്‌കാരത്തിനും അനുസരിച്ചേ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയൂ. അതിനാല്‍ ഓരോരുത്തരുടെ തലത്തിലേ ഇറങ്ങിച്ചെന്ന് ഉപദേശം പറഞ്ഞു കൊടുക്കേണ്ടതുണ്ടു്.

ഒരു കടയിലുള്ള ചെരിപ്പുകള്‍ എല്ലാം ഒരേ വലിപ്പത്തിലും ഒരേ ഫാഷനിലും ഉള്ളതാണു് എന്നു കരുതുക. നൂറു് ആളുകള്‍ വന്നാലും എല്ലാവര്‍ക്കും നല്കാന്‍ ഒരേ അളവിലുള്ള ചെരുപ്പുകള്‍ മാത്രമേ അവിടെയുള്ളൂ. ചെരുപ്പുകള്‍ ധാരാളമുണ്ടെങ്കിലും ആ കട കൊണ്ടു വലിയ പ്രയോജനമുണ്ടാവില്ല. വിവിധ അളവിലുള്ള ചെരുപ്പുകള്‍ ഉണ്ടെങ്കിലേ വരുന്നവര്‍ക്കു് അവരവര്‍ക്ക് ഇണങ്ങുന്ന തരത്തിലുള്ളതു തിരഞ്ഞെടുക്കുവാന്‍ കഴിയൂ.

ഇതുപോലെയാണു നമ്മുടെ സംസ്‌കാരം, സനാതനധര്‍മ്മം. വിവിധ മാര്‍ഗ്ഗങ്ങള്‍ ഇതില്‍ കാണുവാന്‍ കഴിയും. പല സംസ്‌കാരത്തില്‍ വളരുന്നവരെ ഉദ്ധരിക്കണമെങ്കില്‍ അവരുടെ മനസ്സിന് അനുസരിച്ചുള്ള ഉപദേശം നൽകണം. അവരുടെ ജീവിത നിലവാരത്തിന് അനുസരിച്ചുള്ള മാര്‍ഗ്ഗത്തിലൂടെ നയിക്കേണ്ടതുണ്ടു്. അങ്ങനെയേ അവരെ ലക്ഷ്യത്തിൽ എത്തിക്കുവാന്‍ കഴിയൂ.