പണ്ടു്, പ്രത്യേകിച്ചു് ഒരു പ്രകൃതി സംരക്ഷണത്തിൻ്റെ ആവശ്യമുണ്ടായിരുന്നില്ല, കാരണം, അന്നുള്ളവരുടെ ജീവിതത്തിൻ്റെയും ഈശ്വരാരധനയുടെയും ഭാഗമായി സ്വാഭാവികമായി പ്രകൃതി സംരക്ഷണം നടന്നിരുന്നു.
ഈശ്വരനെ ഓർക്കുന്നതിൽ ഉപരിയായി അവർ സമൂഹത്തിനെയും പ്രകൃതിയെയും സേവിക്കുകയും സ്‌നേഹിക്കുകയും ആണു ചെയ്തതു്. സൃഷ്ടിയിലൂടെ അവർ സ്രഷ്ടാവിനെ ദർശിച്ചു. പ്രകൃതിയെ ഈശ്വരൻ്റെ പ്രത്യക്ഷരൂപമായിക്കണ്ടു് അവർ സ്‌നേഹിച്ചു, ആരാധിച്ചു, പരിപാലിച്ചു.
ആ ഒരു മനോഭാവം നമ്മൾ വീണ്ടെടുക്കണം. ഇന്നു ലോകത്തെ ഉറ്റുനോക്കുന്ന ഏറ്റവും വലിയ വിപത്തു മൂന്നാം ലോക മഹായുദ്ധമല്ല. മറിച്ചു്, പ്രകൃതിയുടെ താളം തെറ്റലാണു്, പ്രകൃതിയിൽനിന്നു നമ്മൾ അകന്നുപോകുന്നതാണു്. അതിനാൽ ഒരു ജാഗ്രത, തോക്കിൻ്റെ മുന്നിൽ നില്ക്കുന്നതുപോലുള്ള ഒരു ജാഗ്രത നാം ഉണർത്തിയെടുക്കണം. എങ്കിൽ മാത്രമേ, മനുഷ്യരാശിക്കു നിലനില്പുള്ളൂ.
മനുഷ്യനും പ്രകൃതിയും താളാത്മകമായി ചേർന്നുപോകുമ്പോഴാണു ജീവിതം പൂർണ്ണമാകുന്നതു്. ശ്രുതിയും താളവും ഭംഗിയായി ഒത്തുചേർന്നാൽ കേൾക്കാൻ സുഖമുള്ള സംഗീതമാകും. അതുപോലെ, മനുഷ്യൻ പ്രകൃതി നിയമങ്ങൾ പാലിച്ചു ജീവിക്കുമ്പോൾ ജീവിതം സംഗീതമാകും.
പ്രകൃതി ഒരു വലിയ പൂന്തോട്ടമാണു്, പക്ഷി മൃഗാദികളും വൃക്ഷ ലതാദികളും മനുഷ്യനുമെല്ലാം ആ തോട്ടത്തിൽ വിരിഞ്ഞുനില്ക്കുന്ന വിവിധ വർണ്ണത്തിലുള്ള പൂക്കളായി കരുതാം. എല്ലാം ഒത്തുചേർന്നു സ്‌നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും തരംഗങ്ങൾ പ്രസരിപ്പിക്കുമ്പോഴാണു് ആ പൂന്തോട്ടം സൗന്ദര്യ പൂർണ്ണമായിത്തീരുന്നതു്.
സകല മനസ്സുകളും സ്‌നേഹത്തിൽ ഒന്നായിത്തീരട്ടെ. അങ്ങനെ പ്രകൃതിയാകുന്ന ഈ പൂന്തോട്ടത്തിലെ ഓരോ പൂവും ഒരിക്കലും വാടാതെ കൊഴിയാതെ നിത്യസുന്ദരമായി സൂക്ഷിക്കുവാൻ നമുക്കൊന്നിച്ചു പ്രയത്നിക്കാം.