ജോലിക്കു് ആളെ വേണമെന്നു കാണിച്ചു കൊണ്ടുള്ള പരസ്യം പലപ്പോഴും പത്രങ്ങളില്‍ കാണാം.
എം.എ. ഡിഗ്രി വേണം. നീളം ഇത്ര വേണം. ആരോഗ്യത്തിനു കുഴപ്പമില്ലെന്നു കാണിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റു വേണം. സ്വഭാവ സര്‍ട്ടിഫിക്കറ്റു വേണം. ഇതൊക്കെയുള്ളവര്‍ക്കേ അപേക്ഷിക്കുവാന്‍ പാടുള്ളൂ.
ഈ യോഗ്യതയെല്ലാം ഉള്ളവര്‍ക്കു വേണ്ടിയുള്ള എഴുത്തു പരീക്ഷയും കഴിഞ്ഞു. ഇൻ്റര്‍വ്യൂവും കഴിഞ്ഞു. പക്ഷേ, എല്ലാ ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരം നല്കിയ ചിലരെ എടുത്തു കണ്ടില്ല. എന്നാല്‍ അത്രയൊന്നും നന്നായി ഉത്തരം പറയാത്ത ചിലരെ ജോലിക്ക് എടുക്കുകയും ചെയ്തു.
ഇതു പലപ്പോഴുമുള്ള അനുഭവമാണു്. എന്താണിതിനു കാരണം. ഇൻ്റര്‍വ്യൂ ചെയ്ത ആളുടെ മനസ്സിനെ അലിയിപ്പിക്കുന്ന ആ കൃപ അവരില്‍ ഇല്ലാതെ പോയി. ആ കൃപ ഉള്ളവര്‍ക്കാകട്ടെ, ഉത്തരം ചിലതൊക്ക തെറ്റിയെങ്കില്‍ക്കൂടി ജോലി ലഭിക്കുകയും ചെയ്തു.
പ്രയത്‌നത്തിലുള്ള വിജയം കൃപയെക്കൂടി ആശ്രയിച്ചിരിക്കുന്നു. എല്ലാ പ്രയത്‌നത്തിനുമുപരി ആ കൃപ കൂടി വന്നാലേ എന്തും പൂര്‍ണ്ണമാവുകയുള്ളൂ, ജീവിതത്തിൻ്റെ ഒഴുക്കു മുന്നോട്ടുള്ളതാകൂ. ആ കൃപ നേടണമെങ്കിലോ, കര്‍മ്മത്തില്‍ ശുദ്ധിയുണ്ടാകാതെ സാദ്ധ്യമല്ല.