നമ്മുടെ ജീവിതത്തില്‍ ആകെക്കൂടി നോക്കിയാല്‍ രണ്ടു കാര്യങ്ങളാണു നടക്കുന്നതു്. ഒന്നു കര്‍മ്മം ചെയ്യുക. രണ്ടു ഫലം അനുഭവിക്കുക.

ഇതില്‍ നല്ല കര്‍മ്മം ചെയ്താല്‍ നല്ല ഫലം കിട്ടും. ചീത്ത കര്‍മ്മത്തില്‍നിന്നു ചീത്ത ഫലമേ കിട്ടുകയുള്ളൂ. അതിനാല്‍ നമ്മള്‍ ഓരോ കര്‍മ്മവും വളരെ ശ്രദ്ധയോടുകൂടിവേണം ചെയ്യുവാന്‍.
ചിലര്‍ കര്‍മ്മം ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തുവാന്‍ ശ്രമിക്കുന്നതു കാണാം. വേദാന്തഗ്രന്ഥങ്ങള്‍ വായിച്ചിട്ടുള്ള അവര്‍ ചോദിക്കും ആത്മാവു് ഒന്നു മാത്രമേയുള്ളുവല്ലോ, അപ്പോള്‍ ആത്മാവു് ഏതാത്മാവിനെ സേവിക്കാനാണു്? എന്നാല്‍ ഇത്തരം ചോദ്യം ചോദിക്കുന്നവര്‍പോലും ശാരീരികമായ ആവശ്യങ്ങളില്‍ വളരെയേറെ താത്പര്യം പുലര്‍ത്തുന്നതു കാണാം.
അവര്‍ പന്ത്രണ്ടു മണിയടിക്കാന്‍ കാത്തിരിക്കും; ഭക്ഷണം കഴിക്കാന്‍. കൃത്യസമയത്തു് ആഹാരം കിട്ടിയില്ലെങ്കില്‍ അവര്‍ വിമ്മിഷ്ടപ്പെടും. മറ്റുള്ളവരോടു കോപിച്ചെന്നും വരാം. വിശപ്പിനു മുന്നില്‍ അവരുടെ ആത്മബോധം എവിടെപ്പോയി? ആത്മാവിനു ഭക്ഷണം എന്തിനു് എന്നു് അവര്‍ ചോദിക്കാറില്ല.
ഉണ്ണണം, കിടക്കണം, നല്ല വസ്ത്രം ധരിക്കണം തുടങ്ങിയ കര്‍മ്മങ്ങളിലെല്ലാം അവര്‍ക്കു വിട്ടുവീഴ്ചയില്ല. അന്യര്‍ക്കു നന്മ ചെയ്യുന്ന കാര്യത്തില്‍ മാത്രമേ വൈമനസ്യമുള്ളൂ. ഇതു ശരിയായ വേദാന്തവീക്ഷണമല്ല. ഒരു ജോലിയും ചെയ്യാതെ മടിപിടിച്ചിരിക്കുന്ന മടിയന്മാരുടെ വാദമാണിതു്. അതു നമുക്കൊരിക്കലും കൂട്ടാവില്ല.
കര്‍മ്മം ചെയ്യാതിരിക്കുന്നതല്ല, കര്‍മ്മം ചെയ്യുമ്പോഴും താന്‍ യാതൊന്നും ചെയ്യുന്നില്ല എന്നു ബോധിക്കുന്നതാണു ശരിയായ ജ്ഞാനം. നമുക്കു് ഒരു നിമിഷംപോലും കര്‍മ്മം ചെയ്യാതിരിക്കാന്‍ കഴിയില്ല എന്നതാണു വാസ്തവം. കൈകൊണ്ടു് ഒന്നും ചെയ്യുന്നില്ലെങ്കില്‍ ചിന്തകൊണ്ടു ചെയ്യും. ഉറങ്ങുകയാണെങ്കില്‍ സ്വപ്‌നത്തില്‍ ചെയ്യും. ശ്വാസോച്ഛ്വാസവും മറ്റു ശാരീരികകര്‍മ്മങ്ങളും അതിൻ്റെ മുറയ്ക്കു നടക്കും.
എങ്ങനെയായാലും കര്‍മ്മം ഒഴിവാക്കാന്‍ പറ്റുകയില്ല. എങ്കില്‍പ്പിന്നെ ലോകത്തിനു പ്രയോജനകരമായ രീതിയില്‍ എന്തെങ്കിലും കര്‍മ്മം ചെയ്തുകൂടെ. അതു കൈകാലുകള്‍ കൊണ്ടായാലും എന്താണു തെറ്റു്. നിഷ്‌കാമമായ കര്‍മ്മം വാസനകളെ ക്ഷയിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളൂ. നല്ല ചിന്തയും നല്ല വാക്കും നല്ല പ്രവൃത്തിയും ഉണ്ടായാല്‍ മാത്രമേ അതുവരെ ആര്‍ജ്ജിച്ച ചീത്ത സംസ്‌കാരത്തെ ജയിക്കാന്‍ കഴിയൂ.
പണ്ടു ഗുരുകുലങ്ങളില്‍ വേദാന്തപഠനത്തിനു വരുന്ന ശിഷ്യരെ ഗുരു വിറകു ശേഖരിക്കാനും ചെടികള്‍ നനയ്ക്കാനും വസ്ത്രം അലക്കാനും എല്ലാം നിയോഗിക്കും. സ്വാര്‍ത്ഥതയും ശരീരബുദ്ധിയും മറികടക്കാന്‍ നിസ്സ്വാര്‍ത്ഥമായ സേവനം ആവശ്യമാണു്. അതുകൊണ്ടു് ആരും നല്ല കര്‍മ്മം ചെയ്യാതെ മടിപിടിച്ചിരിക്കുകയോ കര്‍മ്മം ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തുകയോ ചെയ്യരുതു്.