ലോകജനസംഖ്യ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അതിനനുസൃതമായി ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിക്കുകയെന്നതു ദുഷ്കരമാണു്.

ഇതു കാരണം, ഇവയുടെ ഉത്പാദനം കൂട്ടാനായി ശാസ്ത്രജ്ഞന്മാർ രാസവളങ്ങൾ തുടങ്ങിയ കൃത്രിമമാർഗ്ഗങ്ങൾ കണ്ടെത്തുന്നു. കൃത്രിമമാർഗ്ഗങ്ങൾ അവലംബിക്കുന്നതിലൂടെ ആറുമാസംകൊണ്ടു വിള നല്കിയ പച്ചക്കറിച്ചെടികൾ രണ്ടു മാസങ്ങൾക്കകം ഫലം നല്കിത്തുടങ്ങും. അതേസമയം, ഇവയുടെ പോഷകഗുണം നേരത്തെയുള്ളതിൽനിന്നു മൂന്നിലൊന്നായി കുറയുകയാണു ചെയ്യുന്നതു്. ഇതിനും പുറമെ, ഈ ചെടികളുടെ ആയുസ്സും ഗണ്യമായിക്കുറയുന്നു. ഇങ്ങനെ നോക്കിയാൽ, കൃത്രിമമാർഗ്ഗങ്ങൾ അവലംബിക്കുന്നതു്, ആത്യന്തികമായി തിരിച്ചടിക്കുന്നു എന്നതാണു നാം കാണുന്നതു്.
പൊന്മുട്ടയിടുന്ന താറാവാണു പ്രകൃതി. എന്നാൽ ആ താറാവിനെക്കൊന്നു പൊന്മുട്ടയെല്ലാം ഒറ്റയടിക്കു സ്വന്തമാക്കാം എന്നു കരുതിയാൽ സർവ്വനാശമായിരിക്കും ഫലം. പ്രകൃതിമലിനീകരണവും പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതും നാം അവസാനിപ്പിക്കണം. നമ്മുടെ നിലനില്പിനും ഭാവിതല മുറകളുടെ നിലനില്പിനും പ്രകൃതിയെ നാം സംരക്ഷി ച്ചേ മതിയാകൂ.
മനുഷ്യനു് എല്ലാ സൗഭാഗ്യങ്ങളും നല്കുന്ന കല്പവൃക്ഷമാണു പ്രകൃതി. എന്നാൽ ആ വൃക്ഷത്തിൻ്റെ കൊമ്പിൽ കയറിയിരുന്നു്, ആ കൊമ്പു തന്നെ മുറിക്കുന്ന വിഡ്ഢിയുടെ സ്ഥിതിയാണു് ഇന്നു മനുഷ്യൻ്റെതു്. രക്തത്തിൽ വെളുത്ത കോശങ്ങൾ കൂടുമ്പോൾ അതു കാൻസറിൻ്റെ ലക്ഷണമാണെന്നു പറയും. അതുപോലെ, അന്തരീക്ഷത്തിൻ്റെ ഗുണത്തിനു മാറ്റംവന്നു് കാൻസറിൻ്റെ ലക്ഷണങ്ങൾ എന്നപോലെ അതിലും കണ്ടുതുടങ്ങിയിരിക്കുന്നു. ഇവയെല്ലാം കാരണം മനുഷ്യൻ്റെ ഇന്നത്തെ അവസ്ഥ അകവും പുറവും കാൻസർ ബാധിച്ച രോഗിയെപ്പോലെയായിരിക്കുന്നു.
അമ്മയ്ക്കു് ഒരു അപേക്ഷയുണ്ടു്. പ്രകൃതിയുടെ താളലയം വീണ്ടെടുക്കാൻ ഈ ഭൂമിയിലെ ഓരോ വ്യക്തിയും തൻ്റെ കടമ നിർവ്വഹിക്കണം. ആദ്യമായി, മലിനീകരണം നിർത്താൻ നാം വേണ്ടതു ചെയ്യണം. ഫാക്ടറികളും വ്യവസായങ്ങളും ആവശ്യമാണു്. എന്നാൽ അവയുണ്ടാക്കുന്ന അന്തരീക്ഷമലിനീകരണവും ജലമലിനീകരണവും കുറയ്ക്കാൻ പുതിയ വഴികൾ കണ്ടെത്തണം. ഫാക്ടറികൾ നിർമ്മിക്കുമ്പോൾ അവ ജനവാസമേഖലകളിൽനിന്നു കഴിയുന്നത്ര അകലെയായാൽ നന്നായിരിക്കും.