പ്രപഞ്ചത്തിൽ എല്ലാത്തിനുമൊരു താളമുണ്ടു്. കാറ്റിനും മഴയ്ക്കും കടലിനും തിരമാലകൾക്കും ശ്വാസഗതിക്കും ഹൃദയസ്പന്ദനത്തിനും എല്ലാമുണ്ടൊരു താളം.

അതുപോലെ ജീവിതത്തിനുമൊരു താളമുണ്ടു്. നമ്മുടെ ചിന്തയും പ്രവൃത്തിയുമാണു ജീവിതത്തിൻ്റെ താളവും ശ്രുതിയുമായി മാറേണ്ടതു്. ചിന്തയുടെ താളം തെറ്റിയാൽ അതു പ്രവൃത്തിയിൽ പ്രതിഫലിക്കും.

അതുപിന്നെ ജീവിതത്തിൻ്റെതന്നെ താളം തെറ്റിക്കും. ആ താളഭംഗം പ്രകൃതിയെ മുഴുവൻ ബാധിക്കും, പ്രകൃതിയുടെയും താളം തെറ്റും. ഇന്നു നമുക്കു ചുറ്റും കാണുന്നതു് അതാണു്.

ഇന്നു വായു മലിനമായിക്കൊണ്ടിരിക്കുന്നു, ജലം മലിനമായിക്കൊണ്ടിരിക്കുന്നു, നദികൾ വരളുന്നു, കാടുകൾ നശിക്കുന്നു, പുതിയ രോഗങ്ങൾ പടരുന്നു. ഇങ്ങനെപോയാൽ വലിയ ഒരു ദുരന്തമാണു മനുഷ്യനെയും ജീവരാശിയെയും കാത്തിരിക്കുന്നതു്.

അമ്മയുടെ കുട്ടിക്കാലത്തിൽ, കുട്ടികൾക്കു മുറിവു തട്ടിയാലോ അച്ചു വച്ചാലോ അമ്മമാർ ചാണകം വച്ചു മുറിവുണക്കും. എന്നാൽ, ഇന്നു ചാണകം പുരട്ടിയാൽ തീർച്ചയായും മുറിവു സെപ്റ്റിക്കാകും. ആൾ മരിച്ചുപോയെന്നു വരാം.

പണ്ടു് ​ഔഷധമായിരുന്നതു് ഇന്നു വിഷമായിത്തീർന്നു. ഇന്നു് അന്തരീക്ഷം അത്ര മലിനമായിരിക്കുകയാണു്.