ഭാവിയിലെ യുദ്ധങ്ങൾ ഒഴിവാക്കാൻ ചെറുപ്പം മുതൽ തന്നെ കുട്ടികൾക്കു മൂല്യങ്ങൾ പകർന്നു നല്കണം. യുദ്ധത്തിൻ്റെ തുടക്കം മനുഷ്യമനസ്സിൽ നിന്നാണെങ്കിൽ ശാന്തിയുടെയും തുടക്കം അവിടെനിന്നു തന്നെയാണു്.

ഉദാഹരണത്തിനു്, പാലിൽ നിന്നു തൈരുണ്ടാക്കാൻ സാധാരണയായി ഒരു മാർഗ്ഗമുണ്ടു്. അല്പം തൈരെടുത്തു പാലിൽ ചേർത്തു് അതു നിശ്ചലമായി ഏതാനും മണിക്കൂറുകൾ വച്ചാൽ നല്ല തൈരു കിട്ടും. ഇതുപോലെ, അച്ഛനമ്മമാർ കുട്ടിക്കാലത്തു തന്നെ മൂല്യങ്ങൾ കുഞ്ഞുങ്ങൾക്കു പറഞ്ഞു കൊടുക്കണം. ചെയ്തു കാണിച്ചു കൊടുക്കുകയും വേണം.

യുദ്ധം നടക്കുന്ന പല രാജ്യങ്ങളിൽ നിന്നും വന്ന മക്കൾ അമ്മയോടു പറയാറുണ്ടു്. “അമ്മേ, ഞങ്ങൾ കാലത്തു് എഴുന്നേല്ക്കുന്നതു വെടിയുണ്ടയുടെ ശബ്ദവും ആളുകളുടെ കരച്ചിലും കേട്ടാണു്. കുട്ടികൾ ഞങ്ങളെ കെട്ടിപ്പിടിച്ചു കരയും. ഞങ്ങളും അവരെ മാറോടണച്ചു വയ്ക്കും. പക്ഷികളുടെ മധുരമായ കളകൂജനങ്ങൾ കേട്ടു ഞങ്ങൾ ഉണർന്നിരുന്ന കാലം എന്നോ പോയ് മറഞ്ഞിരിക്കുന്നു!”

ബോംബു സ്ഫോടനങ്ങളുടെയും വെടിയൊച്ചകളുടെയും ശബ്ദത്തിനു പകരം പക്ഷികളുടെ കളകൂജനങ്ങൾ കേൾക്കാൻ ഇടവരട്ടെ. കുട്ടികളുടെയും മുതിർന്നവരുടെയും ദീനരോദനങ്ങൾക്കു പകരം എങ്ങും നിറയുന്ന പൊട്ടിച്ചിരികൾ കേൾക്കാൻ ഇടവരട്ടെ.

അമ്മ വിചാരിക്കും; ഈ യുദ്ധങ്ങൾക്കു് ഉപയോഗിക്കുന്ന ബോംബുകളും വെടിക്കോപ്പുകളും പൊട്ടി തെറിക്കുമ്പോൾ, അവയിൽ നിന്നു ചോക്ക്ലേറ്റ് പുറത്തേക്കു വന്നെങ്കിൽ. അവയിൽ നിന്നു മറ്റു് ആഹാര പദാർത്ഥങ്ങളും സുഗന്ധദ്രവ്യങ്ങളും പുറത്തേക്കു വന്നെങ്കിൽ എത്ര നന്നായിരുന്നുവെന്നു്.

ബോംബുകൾ പൊട്ടുമ്പോൾ ഉണ്ടാകുന്ന പ്രകാശം കാരുണ്യത്തിൻ്റെ ഹൃദയം അലിയിക്കുന്ന വെളിച്ചം ആയിരുന്നെങ്കിൽ. മനസ്സിനു സന്തോഷം പകരുന്ന മനോഹരമായ ഒരു മഴവില്ലായിരുന്നെങ്കിൽ എന്നു്.

ആധുനികായുധങ്ങൾ ഉപയോഗിച്ചു മനുഷ്യനു കൃത്യസമയത്തു കൃത്യമായി ലക്ഷ്യം ഭേദിക്കാൻ കഴിയും. ഇതിനുപകരം, പ്രതീക്ഷിച്ചിരിക്കുന്നവർക്കു കൃത്യ സമയത്തു് ആഹാരവും വസ്ത്രവും കിടക്കാനിടവും എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ. നമ്മുടെ കാരുണ്യവും സ്‌നേഹവും സഹായവും എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു് ആഗ്രഹിച്ചു പോകുന്നു.

സ്‌നേഹവും കാരുണ്യവും ഈ ഭൂമുഖത്തുനിന്നു പൂർണ്ണമായി ഇല്ലാതായിട്ടില്ലെന്നു നമുക്കൊന്നിച്ചു് ഈ ലോകത്തിനു കാട്ടിക്കൊടുക്കാം. സഹജീവികളോടുള്ള അനുകമ്പയും നമ്മിൽ ഉണ്ടെന്ന് ഒറ്റക്കെട്ടായി നിന്നു് കാണിക്കാം. പുരാതന കാലം മുതൽ തന്നെ മാനവരാശിയെ പരിപോഷിപ്പിച്ചിട്ടുള്ള വിശ്വോത്തര മൂല്യങ്ങളിൽ ഉറച്ചു നിൽക്കാം. അങ്ങനെ ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ലോകം കെട്ടിപ്പടുക്കാൻ നമുക്കു ശ്രമിക്കാം.

ഏതോ പഴങ്കഥയിലെ സംഭവങ്ങൾ എന്നപോലെ യുദ്ധത്തിനോടും ക്രൂരതയോടും നമുക്കു് എന്നേക്കുമായി വിടപറയാം. വരുംതലമുറകൾ നമ്മെ ശാന്തിയുടെയും സമാധാനത്തിൻ്റെയും ദൂതന്മാരായി ഓർക്കാൻ ഇടവരട്ടെ…