27/09/2010, അമൃതപുരി

സ്ത്രീകളുടെ അനാഥത്വത്തിനും തൊഴിലില്ലായ്മയ്ക്കും പരിഹാരമായി അമ്മയുടെ കരുണാർദ്രസങ്കല്പത്തിലാണു അമൃതശ്രീ സുരക്ഷാ പദ്ധതി ഇതൾവിരിഞ്ഞതു്. അയ്യായിരം തൊഴിൽ സംഘങ്ങളിലൂടെ ഒരു ലക്ഷം വനിതകളെ തൊഴിൽ സജ്ജരാക്കാൻ അമ്മയുടെ അൻപത്തിനാലാം ജന്മദിനത്തിൽ 2007ലാണു പദ്ധതി ആരംഭിച്ചതു്. ജാതിമതവേലിക്കെട്ടുകൾക്കു് അതീതമായി ആറായിരത്തിലധികം വനിതാതൊഴിൽസംഘങ്ങളുടെ കൂട്ടായ്മയായി അമൃതശ്രീ ഇന്നു വളർന്നിരിക്കുന്നു. അംഗങ്ങളുടെ വാസനയ്ക്കനുസൃതമായി തൊഴിൽമേഖല കണ്ടെത്താനും പരിശീലനം നല്കാനും കുറഞ്ഞ നിരക്കിൽ പ്രവർത്തനമൂലധനം ലഭ്യമാക്കാനും വിഭാവനം ചെയ്യുന്നതാണു പദ്ധതി. സ്വാശ്രയസംഘങ്ങളിലെ ഒരു ലക്ഷം അംഗങ്ങളെ ഇൻഷ്വറൻസ് പരിരക്ഷയിൽ കൊണ്ടുവന്ന പദ്ധതിക്കാണു് ഇന്നു തുടക്കം കുറിച്ചതു്.

പതിനായിരം പേർക്കു് ഉദ്ഘാടനവേളയിൽ പോളിസി നല്കി. സ്വാഭാവികമരണം സംഭവിച്ചാൽ 40,000 രൂപയും അപകടമരണം സംഭവിച്ചാൽ 85,000 രൂപയും സ്ഥിരം അംഗവൈകല്യത്തിനു് 75,000 രൂപയും അംഗവൈകല്യത്തിനു് 35,000 രൂപയും നല്കുന്ന പദ്ധതി എൽ.ഐ.സി.യുമായി ചേർന്നാണു മഠം നടപ്പിലാക്കുന്നതു്. കൂടാതെ പതിനഞ്ചു ശതമാനം അമൃതശ്രീ കുടുംബാംഗങ്ങളുടെ കുട്ടികൾക്കു പ്രതിവർഷം 1,200 രൂപ വീതം പഠന സ്കോളർഷിപ്പും നല്കും.

മഠത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്ന അമൃത സ്വാശ്രയസംഘങ്ങളിലെ അംഗങ്ങളായ ഒരു ലക്ഷത്തിൽപ്പരം വനിതകൾക്കു് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്ന ‘അമൃതശ്രീ സുരക്ഷാപദ്ധതി’ കേന്ദ്ര വിവരസാങ്കേതിക സഹമന്ത്രി ഗുരുദാസ് കാമത്ത് ഉദ്ഘാടനം ചെയ്തു. അമ്മയിൽനിന്നും പ്രീമിയം തുകയായ 15 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി ഗുരുദാസ് കാമത്ത് ഏറ്റുവാങ്ങി എൽ.ഐ.സിയുടെ സീനിയർ ഡിവിഷണൽ മാനേജർ ദ്വൊരൈസാമിക്കു കൈമാറി.

കേരളത്തിന്റെയും ഭാരതത്തിന്റെയും സാമൂഹ്യസാമ്പത്തിക മേഖലകളിൽ വൻ പരിവർത്തനത്തിനാണു ശ്രീ മാതാ അമൃതാനന്ദമയീ ദേവി തുടക്കമിട്ടിരിക്കുന്നതെന്നു കേന്ദ്രമന്ത്രി ഗുരുദാസ് കാമത്ത് അഭിപ്രായപ്പെട്ടു. പൗരാണികഭാരതീയ സംസ്‌കാരം ഒരു മനുഷ്യന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ നന്മ ഉറപ്പാക്കിയിരുന്നു. അമ്മയെപ്പോലെ ഋഷിവര്യന്മാരാണു ഈ സംസ്‌കൃതിയുടെ ചിരന്തനമൂല്യങ്ങൾ ഇന്നും ഭാരതത്തിൽ നിലനിർത്തുന്നതു്. ഭൗതികപുരോഗതി കൈവരിച്ചെങ്കിലും ജീവിതത്തിന്റെ നിലവാരം താഴുന്നു. അമ്മ ആദ്ധ്യാത്മികതയിൽ അധിഷ്ഠിതമായ ഒരു പുതിയ ലോകമാണു വിഭാവന ചെയ്യുന്നതും സ്നേഹത്തിന്റെ ആദ്ധ്യാത്മികതയുടെയും ലോകം നിർമ്മലഭാരതം എന്ന അമ്മയുടെ പുതിയ പദ്ധതിതന്നെ അമ്മയുടെ പ്രവർത്തനത്തിന്റെ ഉൾക്കാഴ്ച വെളിവാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.