ചോദ്യം : പ്രസവിക്കാത്ത അമ്മ എങ്ങനെ അമ്മയാകും? എന്തെങ്കിലും പ്രത്യേക ലക്ഷ്യം നേടാനാണോ അമ്മ സമൂഹത്തിൽ പ്രവർത്തിക്കുന്നതു്?

അമ്മ: മക്കളേ, അമ്മ എന്നതു നിഷ്‌കാമത്തിന്‍റെ പ്രതീകമാണു്. കുഞ്ഞിന്‍റെ ശരിയായ ഹൃദയമറിഞ്ഞു കുട്ടിക്കുവേണ്ടിയുള്ള ഒരു ജീവിതമാണു മാതാവിന്‍റെതു്. കുഞ്ഞിന്‍റെ ഏതു തെറ്റും അമ്മ ക്ഷമിക്കും. കാരണം അറിവില്ലായ്മകൊണ്ടാണു കുഞ്ഞിനു തെറ്റു പറ്റുന്നതെന്നേ അമ്മ കാണുന്നുള്ളൂ. അല്ലാതെ അഹങ്കാരമെന്നു് അമ്മമാർ ചിന്തിക്കുന്നില്ല. ഇതാണു മാതൃത്വം. എന്‍റെ ജീവിതം ഇതുതന്നെയാണു്. എല്ലാവരും അമ്മയ്ക്കു മക്കളാണു്.

‘മാതൃദേവോ ഭവ’ എന്നാണു ഭാരതത്തിൽ ചെറുപ്പം മുതൽ പഠിപ്പിക്കാറുള്ളതു്. നമ്മുടെ സംസ്‌കാരത്തിൽ സ്ത്രീത്വത്തിന്‍റെ പരിപൂർണ്ണതയെ ആണു മാതാവെന്ന പദംകൊണ്ടു് ഉദ്ദേശിച്ചിട്ടുള്ളതു്. ഭാര്യയൊഴികെ മറ്റെല്ലാവരും പുരുഷനു് അമ്മയാണു്. സ്ത്രീയും തന്നെക്കാൾ ആദരണീയരായ സ്ത്രീകളെ അമ്മയെന്നാണു വിളിക്കാറു്. മാതാവിനു് അത്ര ഉന്നതമായ സ്ഥാനമാണു നമ്മുടെ സമൂഹം നല്കിയിരുന്നതു്. മറ്റുള്ള സംസ്‌കാരത്തിന്‍റെ സ്വാധീനം മൂലം ഇന്നതു കുറേയൊക്കെ നഷ്ടമായി. അതിന്‍റെ ഭവിഷ്യത്തു നമ്മുടെ സമൂഹത്തിൽ കാണാനുമുണ്ടു്. മാതൃഭാവം ഏതൊരു സ്ത്രീയിലും ജന്മസിദ്ധമാണു്. മറ്റേതൊരു ഭാവത്തെക്കാളും സ്ത്രീയിൽ ഉയർന്നു നിലേ്ക്കണ്ടതും ഈ ഭാവമാണു്. സൂര്യനു മുൻപിൽ അന്ധകാരം ഒഴിയുന്നതുപോലെ, മാതൃഭാവത്തിനു മുൻപിൽ എല്ലാ അധമവാസനകളും ഓടിയൊളിക്കുന്നു. അത്ര പവിത്രമാണു മാതൃഭാവം.

മാതൃത്വത്തിന്‍റെ മുഖമുദ്ര സ്‌നേഹവും ത്യാഗവും നിസ്സ്വാർത്ഥതയുമാണു്. ഇതിൽക്കൂടി മാത്രമേ സമൂഹത്തിൽ സംസ്‌കാരം നിലനിർത്താൻ കഴിയൂ. അതിനു് അമ്മയുടെ ഇന്നത്തെ രീതി സഹായിക്കുമെന്നു തോന്നി. പ്രസവിക്കാത്ത അമ്മ എങ്ങനെ അമ്മയാകും എന്നു മോൻ ചോദിച്ചു; വിമാനം ഓടിക്കുന്ന പൈലറ്റിനു് അറിയുന്നതിനെക്കാൾ കൂടുതൽ എഞ്ചിന്‍റെ കാര്യങ്ങൾ അതുണ്ടാക്കിയ ആൾക്കറിയാം. അതിനു കേടു സംഭവിച്ചാൽ എങ്ങനെയാണു്, എന്തുകൊണ്ടാണു് എന്നും മറ്റും പൈലറ്റിനെക്കാൾ അറിയാവുന്നതു് അതു നിർമ്മിച്ചയാളിനാണു്. അതുപോലെ പ്രസവിച്ചതുകൊണ്ടു മാത്രം ആരും അമ്മയാവില്ല. മാതൃത്വം അവരിൽ വിടർന്നില്ല എങ്കിൽ.

മാതൃഭാവം പൂർണ്ണമായും ഉൾക്കൊള്ളാൻ ആവുമെങ്കിൽ പ്രസവിക്കാത്തതുകൊണ്ടു മാത്രം ആരും അമ്മയാവാതെയുമിരിക്കുന്നില്ല. പിറന്ന നാടിനും, സംസാരഭാഷയ്ക്കും, ഭൂമിക്കും ഒക്കെ നമ്മൾ മാതൃസ്ഥാനം കൊടുക്കുന്നില്ലേ? അമ്മയുടെ ജീവിതം ഒരു ചന്ദനത്തിരി പോലെയാകണം എന്നു മാത്രമേയുള്ളൂ. ചന്ദനത്തിരി സ്വയം എരിയുമ്പോഴും മറ്റുള്ളവർക്കു പരിമളം കൊടുക്കുകയാണു്. അതുപോലെ അമ്മയുടെ ജീവിതത്തിലെ ഓരോ നിമിഷവും മക്കൾക്കു് ഉപകാരപ്രദമായിത്തീരണം എന്നു മാത്രമേ അമ്മ ചിന്തിക്കാറുള്ളൂ. ലക്ഷ്യവും മാർഗ്ഗവും വെവ്വേറെയായി അമ്മ കാണുന്നില്ല. അവിടുത്തെ ഇച്ഛയ്‌ക്കൊത്തു ജീവിതം ഒഴുകുന്നു, അത്രതന്നെ.