ചോദ്യം: യുദ്ധത്തിലൂടെ എത്രയോ ആയിരങ്ങള്‍മരിക്കുന്നു. അപ്പോള്‍ അര്‍ജ്ജുനനെ യുദ്ധം ചെയ്യുവാന്‍ പ്രേരിപ്പിക്കുക വഴി ഭഗവാന്‍ ഹിംസയ്ക്കു കൂട്ടു നില്ക്കുകയായിരുന്നില്ലേ?

അമ്മ: യുദ്ധം ഒരിക്കലും ഭഗവാന്‍ ആഗ്രഹിച്ച കാര്യമല്ല. അവിടുത്തെ മാര്‍ഗ്ഗം ക്ഷമയുടെതാണു്. അവിടുന്നു പരമാവധി ക്ഷമിച്ചു. ശക്തനായ ഒരാള്‍ ക്ഷമിക്കുമ്പോള്‍ അതു മറ്റൊരാള്‍ക്കു കൂടുതല്‍ ഹിംസ ചെയ്യുവാന്‍, ജനങ്ങളെ ഉപദ്രവിക്കുവാന്‍ ധൈര്യം പകരുമെങ്കില്‍, ആ വ്യക്തിയുടെ ക്ഷമയാണു് ഏറ്റവും വലിയ ഹിംസ. ഒരുവന്റെ ക്ഷമ മറ്റൊരുവനെ കൂടുതല്‍ അഹങ്കാരിയാക്കുമെങ്കില്‍ അവിടെ ക്ഷമ വെടിയുന്നതാണു് ഉത്തമം. എന്നാല്‍, നമുക്കു് ആ വ്യക്തിയോടു പകയോ സ്പര്‍ദ്ധയോ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വ്യക്തിയെ അല്ല, വ്യക്തിയുടെ തെറ്റായ പ്രവൃത്തിയെ വേണം ദ്വേഷിക്കുവാന്‍.

ഭഗവാനു ദുര്യോധനനോടു ദേഷ്യമില്ല. ദുര്യോധനന്‍ അധര്‍മ്മം വെടിയണമെന്നു മാത്രമാണു് അവിടുന്നു് ആഗ്രഹിച്ചതു്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും ശ്രേയസ്സിനു് അതാവശ്യമായിരുന്നു. അതിനു മറ്റു മാര്‍ഗ്ഗമില്ലാതിരുന്നതുകൊണ്ടു മാത്രമാണു ശ്രീകൃഷ്ണ പരമാത്മാവു യുദ്ധത്തിനു് അനുമതി നല്കിയതു്. യുദ്ധത്തില്‍ ആയുധമെടുക്കില്ല, തേരാളിയായിരിക്കുക മാത്രമേയുള്ളൂ എന്ന സര്‍വ്വസംഹാരശക്തനായ അവിടുത്തെ തീരുമാനംതന്നെ യുദ്ധം അവിടുത്തേക്കു താത്പര്യമുള്ള കാര്യമല്ല എന്നതിനു തെളിവല്ലേ?

ദുര്യോധനനന്‍ പാണ്ഡവര്‍ക്കു് ഒരു വീടെങ്കിലും നല്കിയിരുന്നെങ്കില്‍, പാണ്ഡവരെ സമാധാനിപ്പിച്ചു് അവിടുന്നു സംതൃപ്തിയോടെ കഴിയുവാന്‍വേണ്ട മാര്‍ഗ്ഗം ഉപദേശിക്കുമായിരുന്നു. എന്നാല്‍, അത്രകൂടി ദയ കൗരവരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. വാസ്തവത്തില്‍ മറ്റുള്ളവരെക്കൂടി യുദ്ധത്തിനു പ്രേരിപ്പിച്ചതു് കൗരവരാണു്, ദുര്യോധനനാണു്.

സര്‍വ്വ അധര്‍മ്മങ്ങളുടെയും സ്വരൂപമായ ഒരാളുടെ കൈയില്‍ രാജ്യമിരുന്നാല്‍ അതു ലോകത്തിന്റെതന്നെ നാശമായിത്തീരും. അങ്ങനെയുള്ളവരെ ഏതുവിധേനയും എത്രയും പെട്ടെന്നു് ഇല്ലായ്മ ചെയ്യണം. അതാണു ജനങ്ങളോടുള്ള കാരുണ്യം. ഒരു വിഷ വൃക്ഷം വെട്ടി വീഴ്ത്തുമ്പോള്‍, അനേകം ചെറുചെടികള്‍ ഇല്ലാതാകും. ഒരു ഫലവൃക്ഷം വളര്‍ത്തുന്നതിനായി അതിന്റെ തൈ നടുമ്പോള്‍ കുറെ ചെറു ചെടികളെ പിഴുതു മാറ്റിയെന്നു വരാം. എന്നാല്‍, ആ തൈ വളര്‍ന്നു വലുതായാല്‍ സമൂഹത്തിനു് അതുകൊണ്ടു് എത്രയോ പ്രയോജനമാണുള്ളതു്. കൂടാതെ എത്രയോ ചെറിയ ചെടികള്‍ക്കു് അതിന്റെ തണലില്‍ വളരാന്‍കഴിയും. അങ്ങനെ നോക്കുമ്പോള്‍ആ ചെറുചെടികളുടെ നാശം ഒരു നഷ്ടമല്ല. അതൊരു ഹിംസയല്ല.

ദുര്യോധനനെ നശിപ്പിച്ചില്ലെങ്കില്‍ ആ അധര്‍മ്മി ധര്‍മ്മിഷ്ഠരായ മറ്റു രാജാക്കന്മാരെ ആക്രമിച്ചു് ഈ യുദ്ധത്തില്‍ മരിച്ചതിലും അധികം ജനങ്ങളെ കൊല്ലുമായിരുന്നു. മാത്രമല്ല, ഭാവിയില്‍ അതു സമൂഹത്തിനും സംസ്‌കാരത്തിനും വലിയ ദോഷവും ചെയ്യും. അധര്‍മ്മികളെ എന്നെന്നും വാഴാന്‍ അനുവദിക്കുന്നതിലും എത്രയോ നല്ലതാണു കുറച്ചുപേരുടെ മരണത്തിനിടയായാലും ധര്‍മ്മത്തെ രക്ഷിക്കുക എന്നതു്. അതാണു് ശ്രീകൃഷ്ണന്‍ ചെയ്തതു്. ധര്‍മ്മത്തെ നിലനിര്‍ത്താന്‍ അതേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. അവിടുന്നു ചെയ്തതു നൂറു ശതമാനവും ശരിയാണു്. സ്വന്തമായ കാര്യലാഭത്തിനുവേണ്ടി എന്തെങ്കിലും ചെയ്തിരുന്നുവെങ്കില്‍, ഭഗവാനെ തെറ്റുപറയാമായിരുന്നു. പക്ഷേ, തന്റെ ഭാഗത്തുനിന്നും അങ്ങനെയൊന്നുമുണ്ടായിട്ടില്ല. തനിക്കു വേണ്ടിയോ സ്വന്തം മക്കള്‍ക്കുവേണ്ടിയോ അല്ല അവിടുന്നു പ്രവര്‍ത്തിച്ചതു്. ധര്‍മ്മത്തെ നിലനിര്‍ത്തുക, ജനങ്ങളെ സംതൃപ്തിയിലും ആനന്ദത്തിലും വാഴിക്കുക, ഇതായിരുന്നു അവിടുത്തെ പ്രവൃത്തികളുടെയെല്ലാം പിന്നിലെ ഉദ്ദേശ്യം.