അമ്മയുടെ പുതുവര്‍ഷ സന്ദേശം 2015
വീണ്ടും പുതുവര്‍ഷം വന്നെത്തി. പുതുവര്‍ഷ പിറവി എന്നത് നമ്മളിലെല്ലാം ഉത്സാഹവും ഉന്മേഷവും പ്രതീക്ഷയും നിറയ്ക്കുന്ന ഒരവസരമാണ്. വരുന്ന വര്‍ഷത്തില്‍ എല്ലാവരുടെയും ഹൃദയങ്ങളിലും ലോകത്തും ശാന്തിയും സമാധാനവും ഐശ്വര്യവും നിറയട്ടെ എന്ന് അമ്മ പ്രാര്‍ത്ഥിക്കുന്നു.

ഈ കഴിഞ്ഞവര്‍ഷം ലോകം വളരെയേറെ ദുഃഖങ്ങളും ദുരിതങ്ങളും കാണാനിടയായിട്ടുണ്ട്. ആയിരങ്ങളാണ് ഭീകരവാദികളുടെ കൈകളാല്‍ ബലിയാടായത്. ആഫ്രിക്കയില്‍ എബോള വൈറസ് കാരണം സംഭവിച്ച മരണങ്ങളും ലോകത്തെ ഞെട്ടിപ്പിച്ചു. പാക്കിസ്ഥാനിലും ആസാമിലും ഈ അടുത്തുകാലത്തു നടന്ന കൂട്ടക്കൊലയുടെ ആഘാതം ഈ അടുത്ത കാലത്തൊന്നും മാറുമെന്നു തോന്നുന്നില്ല. ശാന്തിയുടെയും സമാധാനത്തിന്റെയും ഭാഷ ഇന്ന് ലോകം മറന്നിരിക്കുന്നു.

പാന്പിന്റെ വിഷം അതിന്റെ വായിലാണുള്ളത്. തേളിന്റെ വിഷം അതിന്റെ വാലിലും. മനുഷ്യനു മാത്രം ഹൃദയത്തിലാണ് വിഷമുള്ളത്. മനുഷ്യന്റെ ഉള്ളില്‍നിന്ന് ഈ വിഷം നീക്കം ചെയ്യാതിരിക്കുന്നിടത്തോളം കാലം ലോകത്തിലെ മിക്ക പ്രശ്‌നങ്ങള്‍ക്കും ഒരു അറുതിയുണ്ടാവില്ല. ഒരാള്‍ ക്രൂരപ്രവൃത്തികള്‍ ചെയ്യുമ്പോള്‍ ‘അയാള്‍ മൃഗത്തെപ്പോലെ പെരുമാറുന്നു’ എന്നു നമ്മള്‍ പറയാറുണ്ട്. ഓരോ തവണ നമ്മള്‍ ഇതു പറയുമ്പോഴും നമ്മളറിയാതെ മൃഗങ്ങളെ അവഹേളിക്കുകയാണു ചെയ്യുന്നത് എന്ന് അമ്മയ്ക്കു തോന്നാറുണ്ട്. കാരണം, മൃഗങ്ങള്‍ ഒരിക്കലും പ്രതികാരബുദ്ധിയോടെയോ, വെറുപ്പോടെയോ ആരെയും ഉപദ്രവിക്കാറില്ല.

മക്കള്‍ ചോദിച്ചേക്കാം അനേകമനേകം ദുഃഖങ്ങളുടെയും കഷ്ടപ്പാടുകളുടെയും നടുവില്‍ പുഞ്ചിരി നിലനിര്‍ത്താന്‍ എങ്ങനെകഴിയും? ശരിയാണ് ഇത്തരം ഒരു സാഹചര്യത്തില്‍ സന്തോഷവാന്മാരായിരിക്കുക എന്നത് പ്രയാസം തന്നെയാണ്. പക്ഷേ നിരാശയ്ക്കും ദുഃഖത്തിനും അടിപ്പെട്ടതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? ഇല്ല. പ്രതീക്ഷയും ശുഭാപ്തി വിശ്വാസവും നഷ്ടപ്പെട്ടാല്‍ ചിറകു നഷ്ടപ്പെട്ട പക്ഷിയെപ്പോലെയായിത്തീരും നമ്മള്‍. ജീവിതമാകുന്ന ആകാശത്തില്‍ നമുക്കൊരിക്കലും പറന്നു ഉയരാന്‍ കഴായാതെപോകും.

എല്ലാ പാപങ്ങളിലും വച്ച് വലിയ പാപം നിരാശയാണ് എന്ന് പറയാറുണ്ട്. നമ്മളിലെ എല്ലാ നന്മയെയും നശിപ്പിക്കുന്ന ദുര്‍വികാരമാണ് അത്. അതിനൊരിക്കലും നമ്മള്‍ കീഴ്‌പ്പെട്ടുകൂടാ. ‘നിനക്കു രക്ഷയില്ല.’ എന്ന് ചുറ്റുമുള്ള ലോകം അലമുറയിടുമ്പോഴും ‘എനിക്കു രക്ഷയുണ്ട് ഞാന്‍ പ്രയത്‌നിക്കും, വിജയിക്കും.’ എന്ന ദൃഢനിശ്ചയം നമ്മള്‍ ധീരതയോടെ നെഞ്ചിലേറ്റണം.

പുതുവര്‍ഷം വരുമ്പോള്‍ സാധാരണയായി ജനങ്ങള്‍ ഒരു കാര്യം പറയാറുണ്ട്, കഴിഞ്ഞ ഒരു വര്‍ഷം എത്ര വേഗമാണ് കടന്നു പോയത് എന്ന്. ഒരു വര്‍ഷം കഴിഞ്ഞത് നമ്മള്‍ അറിഞ്ഞതേയില്ല. എന്നാല്‍ സമയത്തിന് വേഗതയോ മന്ദതയോ ഇല്ല. അത് എപ്പോഴും ഒരു പോലെയാണ്. സമയം പെട്ടെന്നു കടന്നുപോയെന്നും അതല്ല, വളരെ പതുക്കെയാണ് സമയം പോകുന്നതെന്നും നമുക്ക് തോന്നുന്നത് നമ്മുടെ ജീവിതരീതി കാരണമാണ്. കഴിഞ്ഞ വര്‍ഷം നമ്മള്‍ വളരെ തിരക്കിലായിരുന്നിരിക്കാം. നമ്മള്‍ സ്വയം ചോദിക്കണം, ‘എന്തിനാണ് ഞാന്‍ തിരക്കിലായത്? എന്റെ സമയം അനിത്യമായ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഉപയോഗിച്ചോ അതോ നിത്യവസ്തുവിനെ നേടുവാനായി വിനിയോഗിച്ചോ? സ്വയം ആത്മപരിശോധന ചെയ്യുവാനും, ആത്മീയപാതയില്‍ നമ്മള്‍ എവിടെയാണെന്നു തിരിച്ചറിയുവാനുമുള്ള ഒരു നല്ല സന്ദര്‍ഭമാണ് പുതുവര്‍ഷം. നമ്മള്‍ അധഃപതിച്ചുവെന്നു തോന്നുന്നുവെങ്കില്‍, ഇനിയും വഴി തെറ്റാതിരിക്കാനും ആത്മീയപുരോഗതിയുണ്ടാകുവാനായി കഠിനമായി പ്രയത്‌നിക്കുവാനും ദൃഢനിശ്ചയം എടുക്കണം.

ഈ ലോകത്തിലുള്ള നമ്മുടെ ജീവിതത്തിലെ ഒരു വര്‍ഷം കൂടി കടന്നുപോയെന്നും മരണം നമ്മളോടടുത്തുവരുന്നു എന്നുമുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് പുതുവര്‍ഷം. മരണത്തില്‍നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. മരണം ഇപ്പോള്‍ വരാം അല്ലെങ്കില്‍ പിന്നീടെപ്പോഴെങ്കിലുമാകാം. ഈ നിമിഷം മരണം വന്നുചേര്‍ന്നാല്‍, പുഞ്ചിരിക്കുന്ന മുഖത്തോടെ അതിനെ നേരിടാന്‍ എനിക്കു കഴിയുമോ? അതോ ഞാന്‍ ഭയന്നു വിറച്ചുപോകുമോ?

നമ്മുടെ മനസ്സില്‍ മറ്റു വസ്തുക്കളോടുള്ള മമത കൂടുന്നതനുസരിച്ച് നമ്മുടെ മനശ്ശക്തിയും കുറഞ്ഞുകൊണ്ടിരിക്കും. ചിലപ്പോള്‍ നമ്മുടെ മമത വളരെ നിസ്സാരമാണെന്നും അതിനെക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട കാര്യമില്ല എന്നും നമുക്കു തോന്നാം. എന്നാല്‍, ഒരു വസ്തുവിനോടുള്ള മമത ശക്തമാകും തോറും അതിന്റെ മുന്നില്‍ നമ്മള്‍ യാചകന്മാരും ആ വസ്തുവിനോടുള്ള മമത യജമാനനുമായിത്തീരുന്നു എന്നു കാണാം.

പണ്ടു കാലത്തെയും ഇന്നത്തേയും പുതുവത്സരാഘോഷങ്ങളില്‍ അമ്മ കാണുന്ന ഒരു പ്രധാന വ്യത്യാസം അന്ന് ധര്‍മ്മനിഷ്ഠമായ ആഹ്ലാദത്തിനായിരുന്നു പ്രാധാന്യമെങ്കില്‍ ഇന്ന് മിയ്ക്കവരും കേവലം ഭൗതിക ഭോഗങ്ങളില്‍ നിന്നുകിട്ടുന്ന ഇന്ദ്രിയ സുഖങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുത്തു കാണുന്നത്. അന്ന് പങ്കിടലിലും കൊടുക്കല്‍ വാങ്ങലിലും സന്തോഷം തേടിയിരുന്നെങ്കില്‍ ഇപ്പോള്‍ നമുക്കു ചുറ്റുമുള്ളവരെ ഒട്ടും പരിഗണിയ്ക്കാതെ സ്വന്തം സുഖത്തിനും ആഡംബരങ്ങള്‍ക്കും ലഹരിയ്ക്കുമായി എത്ര വേണമെങ്കിലും ചെലവാക്കാന്‍ മടിക്കാത്ത പ്രവണതയാണ് കണ്ടുവരുന്നത്. പണ്ടത്തെ ‘നല്ല ദിവസം’ (പുണ്യദിനം) എന്ന സങ്കല്പം ഇന്ന് വെറും ആഘോഷമായി മാറിപ്പോയി.

ധര്‍മ്മത്തെ ജീവിതത്തിന്റെ കേന്ദ്ര ബിന്ദുവാക്കുമ്പോള്‍ നമ്മുടെ പ്രവൃത്തികള്‍ ഓരോന്നും ഈശ്വരനോട് ഓരോ ചുവട് അടുക്കുന്നതായിത്തീരുന്നു. മറിച്ച് സ്വാര്‍ത്ഥ മോഹങ്ങള്‍ക്കാണ് ജീവിതത്തില്‍ നാം പ്രാധാന്യം കല്പിയ്ക്കുന്നതെങ്കില്‍ നമ്മുടെ ഓരോ പ്രവൃത്തിയും ഈശ്വരനില്‍ നിന്ന് നമ്മെ അകറ്റിക്കൊണ്ടുപോകുന്നു. നമ്മുടെ ജീവിതം ദിശ തെറ്റിയ കപ്പല്‍പോലെ എങ്ങുമെങ്ങും എത്താതെ സംസാര സമുദ്രത്തില്‍ അലഞ്ഞു തിരിഞ്ഞ് മുങ്ങിപ്പോകുന്നു.

പുതുവര്‍ഷ പിറവി നമുക്കു നല്‍കുന്ന മറ്റൊരു സന്ദേശം ലോകത്തിന്റെ നശ്വരതയെക്കുറിച്ചാണ്. ലോകസ്വഭാവം നന്നായി അറിയുമ്പോള്‍ നമ്മള്‍ കാരുണ്യവും സ്‌നേഹവും പ്രകടിപ്പിക്കാന്‍ ഒട്ടും വൈകിപ്പിക്കില്ല. കാരണം നാം ഈ നിമിഷത്തില്‍ ആരോടെങ്കിലും സ്‌നേഹമോ കാരുണ്യമോ കാട്ടാതിരുന്നാല്‍ പിന്നീടതിന് അവസരം കിട്ടുമെന്ന് എന്താണൊരുറപ്പ്? ഒരു പക്ഷേ, നഷ്ടപ്പെടുത്തിയ അവസരത്തെക്കുറിച്ചോര്‍ത്ത് ജീവിതകാലം മുഴുവന്‍ പശ്ചാത്തപിക്കാനും അത്തരമൊരു നീട്ടിവയ്ക്കല്‍ ഇടയാക്കിയെന്ന് വരാം.

ദൈവം നമുക്ക് മുഖം നല്കിയിട്ടുണ്ട്. അവിടെ സ്‌നേഹത്തിന്റെ ഭാവം വരുത്തണമോ, ദേഷ്യത്തിന്റെ ഭാവം വരുത്തണമോയെന്നത് നമ്മുടെ കൈയ്യിലാണ്. നമ്മള്‍ പുഞ്ചിരിച്ചാല്‍ അത് കാരണം മറ്റുള്ളവരുടെ ചുണ്ടിലും പുഞ്ചിരി വിടരും. നമ്മുടെ ഉള്ളില്‍ ശാന്തിയും സ്‌നേഹവുമുണ്ടെങ്കില്‍ മറ്റുള്ളവരിലും അത് പടരും. അന്തരീക്ഷം തന്നെ ആനന്ദംനിറഞ്ഞതാകും. അങ്ങനെ പോയവര്‍ഷത്തേക്കാള്‍ കുറേകൂടി നല്ല ഒരു കുടുംബം, ഒരു രാഷ്ട്രം, ഒരു ലോകം പടുത്തുയര്‍ത്തു വാന്‍ ഈ വര്‍ഷത്തില്‍നമുക്ക് കഴിയട്ടെ.
മക്കള്‍ക്ക് അമ്മയുടെ പുതുവര്‍ഷ ആശംസകള്‍.

നമ്മുടെ സമയത്തെ അർത്ഥപൂർണ്ണമാക്കണമെങ്കിൽ അഞ്ചു കാര്യങ്ങളിൽ നമ്മൾ ശ്രദ്ധവയ്ക്കണം.

ഒന്ന്: മറ്റുള്ളവരെ സഹായിക്കാൻ യാദൃശ്ചികമായ വന്നു കിട്ടുന്ന അവസരങ്ങളെ നാം ഒരിക്കലും പാഴാക്കരുത്.
അവർക്കു ചെയ്യുന്ന ഉപകാരം അവരുടെ ഹൃദയങ്ങളിൽ മാത്രമല്ല നമ്മുടെ ഹൃദയത്തിലും ആഹ്ളാദത്തെ ഉണർത്തും.

രണ്ട്: വരാൻ പോകുന്ന വർഷത്തിലെ ഓരോ ദിവസവും പരുഷവാക്കും പരദൂഷണവും ഒഴിവാക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം.
നമ്മുടെ മനസ്സിനെയും മറ്റുള്ളവരുടെ മനസ്സിനെയും കലുഷമാക്കാനേ അത് ഉപകരിക്കൂ. എല്ലാ നന്മയും എല്ലാ തിന്മയും ആരംഭിക്കുന്നത് വാക്കിൽ നിന്നാണ് എന്ന് മറക്കരുത്.
മൂന്ന്: ജപം, ധ്യാനം തുടങ്ങിയ നിത്യേനയുള്ള അനുഷ്ഠാനങ്ങളിൽ ഒരു മുടക്കവും വരാതിരിക്കാൻ ശ്രദ്ധിക്കണം.
അന്നന്നു മനസ്സിലുണ്ടാകുന്ന മാലിന്യങ്ങളെ നീക്കാനും ഉന്മേഷവും ശാന്തിയും പ്രദാനം ചെയ്യാൻ നിത്യേനയുള്ള അനുഷ്ഠാനവും ആവശ്യമാണ്.
നാല്: കുറച്ചുനേരമെങ്കിലും സത്‌സംഗത്തിൽ മുഴുകുവാൻ നാം ശ്രദ്ധിക്കണം.
ശാസ്ത്രശ്രവണവും മഹാത്മാക്കളുടെ സാമീപ്യവും ഉത്തമമായ സത്‌സംഗമാണ്.
അഞ്ച്: നമ്മുടെ മനസ്സ് ശുദ്ധമാക്കി തരുവാനും നല്ലതു ചെയ്യാൻ ശക്തി തരുവാനും ഗുരുവിനോട് അല്ലെങ്കിൽ ഈശ്വരനോടു എല്ലാ ദിവസവും ഹൃദയം തുറന്ന് പ്രാർത്ഥിക്കണം.
ആ എളിമയും ഭക്തിഭാവവും ആദ്ധ്യാത്മിക പുരോഗതിക്ക് വളരെ പ്രധാനമാണ്.
ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ തീർച്ചയായും പുതുവർഷംആനന്ദദായകമാകും.